Connect with us

Kerala

സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ. കെ ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്. മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്നും നിയമ ബിരുദം നേടിയ ശേഷം. 1960ല്‍ മദ്രാസ് ഹൈക്കോടതിയിലാണ് അഭിഭാഷക ജീവിതം ആരംഭിക്കുന്നത്. ഗവേഷണത്തിനായി ഡല്‍ഹിയിലേക്ക് പോയ ലില്ലി തോമസ് പിന്നീട് സുപ്രീം കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുകയായിരുന്നു. നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയാണ്.

കുറ്റവാളികള്‍ക്കും ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന വിധി വന്നത് ലില്ലിയുടെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു.

ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു കേസ് വാദിച്ചവരിലും അഡ്വ. ലില്ലി തോമസ് ഉണ്ടായിരുന്നു.ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ സ്ത്രീകളുടെ തുല്യ സ്വത്തവകാശവുമായി ബന്ധപ്പെട്ട് ഹരജിയില്‍ മേരി റോയിക്കു വേണ്ടി ഹാജരായതും ലില്ലിയായിരുന്നു. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും മരട് ഫ്ളാറ്റുകള്‍ പൊളിക്കാനായി ഒരാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു