Connect with us

Gulf

ആഗോള ചിന്താ നേതൃത്വ ഫോറം ഇന്ന് മുതല്‍ അബൂദബിയില്‍

Published

|

Last Updated

അബൂദബി: ആദ്യത്തെ ആഗോള ചിന്താ നേതൃത്വ ഫോറത്തിന് (സാള്‍ട്ട്) ഇന്ന് മുതല്‍ അബൂദബി ആതിഥേയത്വം വഹിക്കും. അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് എ ഡി ജി എമ്മുമായി സഹകരിച്ചു നടക്കുന്ന സമ്മേളനം അബൂദബി എമിറേറ്റ്‌സ് പാലസില്‍ ഡിസംബര്‍ 9 മുതല്‍ 11 വരെയാണ് നടക്കുക. ധനകാര്യം, സാങ്കേതികവിദ്യ, ജിയോപൊളിറ്റിക്‌സ് എന്നീ മേഖലകളിലെ ആയിരത്തോളം പ്രമുഖ ആഗോള ബിസിനസ്സ് പ്രൊഫഷണലുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

യു എ ഇയുടെ ശക്തമായ സാമ്പത്തിക അന്തരീക്ഷം, സമഗ്രമായ വ്യവസായ വാഗ്ദാനങ്ങള്‍, മികച്ച രാഷ്ട്രീയ സ്ഥിരത എന്നിവ രാജ്യത്തെ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തിപ്പിടിക്കുന്നതായി സംസ്ഥാന മന്ത്രിയും എ ഡി ജി എം ചെയര്‍മാനുമായ അഹമ്മദ് അലി അല്‍ സെയ്ഗ് പറഞ്ഞു. കിഴക്കന്‍-പടിഞ്ഞാറന്‍ വ്യാപാര ഇടനാഴിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അബൂദബി ഈ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്ഥലമാണ്. നിക്ഷേപകര്‍ക്കും സംരംഭങ്ങള്‍ക്കും അവരുടെ വളര്‍ച്ച വിപുലീകരിക്കുന്നതിന് ലോകോത്തര ബിസിനസ്സ് പരിസ്ഥിതി അബൂദബി വ്യവസ്ഥ ചെയ്യുന്നു.

പുതിയ ഉള്‍ക്കാഴ്ചകള്‍ നേടുന്നതിന് ആഗോള ബിസിനസുകള്‍ക്കും നയ നിര്‍മാതാക്കള്‍ക്കുമായി സാള്‍ട്ട് അബൂദബി സമ്മേളനം ഒരു പുതിയ ജാലകം തുറക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍, മുന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ജോണ്‍ എഫ് കെല്ലി, സാള്‍ട്ടിന്റെ സ്ഥാപകന്‍ ആന്റണി സ്‌കറാമുച്ചി, ഇറ്റലി മുന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി എന്നിവര്‍ ഫോറത്തില്‍ സംബന്ധിക്കും.