Connect with us

National

വംഗനാട്ടില്‍ മമതക്ക് ഭീഷണിയില്ല; ഉപതിരഞ്ഞെടുപ്പുകള്‍ തൂത്തുവാരി തൃണമൂല്‍

Published

|

Last Updated

കൊല്‍ക്കത്ത | ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് മിന്നും ജയം. കോണ്‍ഗ്രസിന്റേയും ബി ജെ പിയുടേയും ഓരോ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത തൃണമൂല്‍ സ്വന്തം സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. ഖരഗ്പുര്‍ സദര്‍, കാളിഗഞ്ച്, കരീംപുര്‍ മണ്ഡലങ്ങളിലാണ് ഉപരതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഖരഗ്പുര്‍ സദര്‍ മണ്ഡലത്തില്‍ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് തൃണമൂല്‍ ജയിക്കുന്നത്. കഴിഞ്ഞ തവണ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ജയിച്ച് മണ്ഡലമായിരുന്നു ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിത്യസ്തമായി ഒരുമിച്ച് മത്സരിച്ച കോണ്‍ഗ്രസിനും സി പി എമ്മിനും തിരിച്ചടിയേറ്റു. മൂന്ന് മണ്ഡലങ്ങളിലും മൂന്നാം സ്ഥാനമാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചത്.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് കഴിഞ്ഞ തവണ വിജയിച്ച ഖരഗ്പുര്‍ സദര്‍ മണ്ഡലം 13,000 വോട്ടിന്റെ ലീഡിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചടക്കിയത്. ബി ജെ പിയുടെ പ്രേം ചന്ദ്ര ഝായാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയായ പ്രദീപ് സര്‍ക്കാര്‍ പരാജയപ്പെടുത്തിയത്. ദിലീപ് ഘോഷ് എം പിയായതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ഖരഗ്പുര്‍ സദര്‍ മണ്ഡലം കഴിഞ്ഞ തവണ സംസ്ഥാന പ്രസിഡന്റിലൂടെ ബി ജെ പി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാല്‍ ഇത് പിടിച്ചടക്കി വലിയ രാഷ്ട്രീയ മറുപടി നല്‍കാന്‍ തൃണമൂലിന് കഴിഞ്ഞു. സി പി എമ്മിനൊപ്പം ചേര്‍ന്ന് മത്സരിച്ചിട്ടും തങ്ങളുടെ ഉരുക്കുകോട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് പോയത് കോണ്‍ഗ്രസിനും നാണക്കേടായി. തൃണമൂലിനെ സംബന്ധിച്ചിടത്തോളം ഖരഗ്പുര്‍ സദര്‍ ഒരു കിട്ടാക്കനിയായിരുന്നു. ഇത്തവണ അത് തീര്‍ക്കാനും മമതക്കായി.

സി പി എമ്മിന്റെ പിന്തുണയായിട്ടും സിറ്റിംഗ് മണ്ഡലമായ കാളിഗഞ്ച് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ശക്തകമായ പോരാട്ടത്തിനൊടുവില്‍ 2304 വോട്ടിന്റെ ഭൂരിഭക്ഷത്തിലാണ് തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേബ് സിന്‍ഹ മണ്ഡലത്തില്‍ നിന്നും ജയിച്ച് കയറിയത്. ബി ജെ പിയുടെ കമല്‍ ചന്ദ്ര സര്‍ക്കാറാണ് രണ്ടാമതെത്തിയത്. കോണ്‍ഗ്രസിന്റെ പരമതനാഥ് റോയ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകള്‍ ദിതസ്രീ റോയിയെ കോണ്‍ഗ്രസ് സഖ്യം കളത്തിലിറങ്ങിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിതസ്രീ റോയിക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയിത്ര എം പിയായതിനെ തുടര്‍ന്ന് ഒഴിവുവന്ന കരീംപുരിലും തൃണമൂല്‍ വിജയം ആവര്‍ത്തിച്ചു. ഇരുപതിനായിരത്തിന് മുകളില്‍ വോട്ടിന്റെ ലീഡിലാണ് തൃണമൂലിന്റെ ബിമലേന്ദു സിംഗ് റോയി ജയിച്ചത്. ബി ജെ പിയുടെ ജയ്പ്രകാശ് മജുംദാറിനെയാണ് ബിമലേന്ദു സിംഗ് മറികടന്നത്. വോട്ടെടുപ്പ് ദിവസം വലിയ സംഘര്‍ഷം നടന്ന മണ്ഡലമായിരുന്നു കരീംപുര്‍. ബി ജെ പി സ്ഥാനാര്‍ഥിക്ക് തൃണമൂല്‍ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂരമര്‍ദനവുമേറ്റിരുന്നു.

Latest