National
നാടന്‍ പശുവിന്റെ മുതുകില്‍ സൂര്യപ്രകാശം പതിച്ചാല്‍ സ്വര്‍ണം ഉണ്ടാകും: ബംഗാള്‍ ബി ജെ പി പ്രസിഡന്റ്
കൊല്‍ക്കത്ത: പശുവുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മണ്ടത്തരങ്ങള്‍ അവസനാക്കുന്നില്ല. ഏറ്റവും പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്ന ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷാണ്. നാടന്‍ പശുക്കളുടെ മുതുകിലുള്ള മുഴയില്‍ സൂര്യ പ്രകാശം പതിക്കുമ്പോഴാണ് സ്വര്‍ണം ഉണ്ടാവുന്നതെന്നാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന. മുലപ്പാലിന് ശേഷം നാടന്പശുവിന് പാല് കുടിച്ചാണ് കുട്ടികള്‍ വളരുന്നത്. അതുകൊണ്ട് തന്നെ പശു നമ്മുടെ അമ്മയാണ്. എന്നാല്‍ നാടന്‍ പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ്. വിദേശ പശുക്കള്‍ ഇതില്‍പ്പെടില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. ബര്‍ദനില്‍ നടന്ന ഗോപ അഷ്ടമി ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ദിലീപ് ഘോഷ്.
സമൂഹത്തിലെ വിദ്യാസമ്പന്നരായ പല ആളുകളും വഴിയരികില്‍ നിന്ന് ബീഫ് വാങ്ങിക്കഴിക്കുന്നവരാണ്. വിദേശ നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം വാരിക്കളയുന്നതില്‍ അഭിമാനിക്കുന്നവരാണ് വഴിയരികില്‍ നിന്ന് ബീഫ് കഴിക്കുന്നവരെന്നും അദ്ദേഹം പറഞ്ഞു. ഏത് മാംസവും നിങ്ങള്‍ക്ക് ഭക്ഷിക്കാം. പക്ഷേ അത് വീട്ടില്‍ വച്ച് മാത്രമായിരിക്കണം. പശു നമ്മുടെ അമ്മയാണ്. അമ്മയെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഭാരതത്തില്‍ പശുവിനും കൃഷ്ണനുമുള്ള സ്ഥാനം എല്ലാക്കാലവും നില നില്‍ക്കുന്നതാണെന്നും ദിലീപ്ഘോഷ് കൂട്ടിച്ചേര്‍ത്തു.