Connect with us

Kerala

അരൂരിലെ തോല്‍വി അന്വേഷിക്കും: പൂതന പരാമര്‍ശം തിരിച്ചടിയായെന്ന് സി പി എം സെക്രട്ടേറിയറ്റില്‍ വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: അരൂരില്‍ ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശം. പാര്‍ട്ടി ശക്തി കേന്ദ്രമായ അരൂരിലുണ്ടായ തോല്‍വി ഞെട്ടിപ്പിക്കുന്നതാണ്. ഇടത് അനുകൂല സഹാചര്യമുള്ളപ്പോഴാണിത്. സി പി എം ശക്തി കേന്ദ്രങ്ങളില്‍ പോലും എല്‍ ഡി എഫ് പുറകിലായി. പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റിയോട് ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പാണാവള്ളി, പെരുമ്പളം, പള്ളിപ്പുറം പഞ്ചായത്തുകളില്‍ ദയനീയ പ്രകടനം ആണ് എല്‍ ഡി എഫ് കാഴ്ച വച്ചത്. ലീഡ് പ്രതീക്ഷിച്ചിരുന്ന തുറവൂരിലും വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല. ജില്ലയിലെ മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍വരെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും തിരിച്ചടി നേരിട്ടത് ഗൗരവപരമാണെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി.

എറണാകുളത്ത് പാര്‍ട്ടി വോട്ടുകള്‍ ബൂത്തിലെത്തിക്കുന്നതില്‍ വീഴ്ച പറ്റിയതായി സെക്രട്ടേറിയറ്റ് വിലയിരുത്തി. നാലായിരത്തിലധികം പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്തില്ല. ഇത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ വീഴ്ചയാണ്. മഞ്ചേശ്വരത്തെ ശങ്കര്‍ റൈയുടെ വിശ്വാസ നിലപാടുകള്‍ തിരിച്ചടിയായെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായി.

Latest