National
ഉത്തരാഖണ്ഡില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് എട്ട് മരണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് എട്ട് പേര് മരിച്ചു. രുദ്രപ്രയാഗ് ജില്ലയിലെ ചണ്ഡികാധര് പ്രദേശത്ത് ശനിയാഴ്ച വൈകിട്ടാണ് മണ്ണിടിച്ചിലുണ്ടായത്. കാറിലും രണ്ട് മോട്ടോര്‍ സൈക്കിളുകളിലും കൂറ്റന്‍ പാറകള്‍ വീഴുകയായിരുന്നു.
മൂന്ന് വാഹനങ്ങളും പാറക്കെട്ടുകളില്‍ തട്ടി 500 മീറ്ററോളം ആഴത്തിലുള്ള കൊക്കയിലേക്ക് വീണു. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബാക്കി അഞ്ച് മൃതദേഹങ്ങളും വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. വിവരം ലഭിച്ചതോടെ സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്) പ്രാദേശിക പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
കുന്നില്‍ നിന്ന് നിരന്തരം പാറക്കെട്ടുകള്‍ പതിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാവിലെ പുനഃരാരംഭിച്ചു. മണ്ണിടിച്ചിലില്‍ തകര്‍ന്ന കാര്‍ ഡല്‍ഹി രജിസ്ട്രേഷന് നമ്പറില്‍ ഉള്ളതായതിനാല്‍ മരിച്ചവര്‍ തീര്‍ഥാടകരാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.