Connect with us

Editorial

ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുമ്പോള്‍

Published

|

Last Updated

കഴിഞ്ഞ ദിവസം കൊച്ചിയില്‍ കാറ്ററിംഗ് വ്യവസായവുമായി ബന്ധപ്പെട്ട സെമിനാറില്‍ പ്രസംഗിക്കവെ മലയാളിയുടെ തെറ്റായ ഭക്ഷണ രീതിയിലേക്ക് വിരല്‍ ചൂണ്ടുകയുണ്ടായി കേരള മത്സ്യ സമുദ്ര പഠന സര്‍വകലാശാല വൈസ് ചാന്‍സലറും ഗവേഷകനുമായ ഡോ. എ രാമചന്ദ്രന്‍. പാകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്ന പ്രവണത കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. വിവാഹ സദ്യകളില്‍ മലയാളികള്‍ ഉപയോഗിക്കാതെ ഒഴിവാക്കുന്ന ഭക്ഷണം മതി ലോകത്താകമാനമുള്ള പട്ടിണിക്കാരായ കുട്ടികളുടെ വിശപ്പകറ്റാന്‍. ലോകത്ത് പ്രതിവര്‍ഷം മരണപ്പെടുന്ന കുട്ടികളില്‍ 31 ലക്ഷത്തിന്റെയും മരണ കാരണം പട്ടിണിയോ പോഷകാഹാര കുറവോ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകം നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്‌നമാണിന്ന് പട്ടിണി. ദരിദ്ര, വികസ്വര രാജ്യങ്ങളില്‍ മാത്രമല്ല, വികസിത രാജ്യങ്ങളില്‍ പോലുമുണ്ട് പട്ടിണി കിടക്കുന്ന ധാരാളം പേര്‍. ഐക്യരാഷ്ട്ര സഭയുടെ ആഗോള വിശപ്പ് സൂചിക അനുസരിച്ച് 88 രാജ്യങ്ങളില്‍ 63ാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ 6.5 കോടി പേരും കൊടിയ വിശപ്പിന്റെയും പട്ടിണിയുടെയും പിടിയിലാണ്. എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഭൂമിയില്‍ ഉത്പാദിപ്പിക്കപ്പെടാത്തതല്ല പട്ടിണിക്കു കാരണം. അത് കൈകാര്യം ചെയ്യുന്നതിലെയും വിതരണ രീതിയിലെയും അപാകതയാണ്. ഭൂമിയില്‍ ജനിച്ചു വീഴുന്ന ഓരോ ജീവനും ആവശ്യമുള്ളത്ര ഭക്ഷണം പ്രകൃതിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. നിലവില്‍ ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ സാധനങ്ങള്‍ ആകെ ജനസംഖ്യയുടെ ഇരട്ടി പേര്‍ക്ക് ആഹരിക്കാന്‍ പര്യാപ്തമാണെന്നാണ് യു എന്നിന്റെ കണക്ക്. ഇതില്‍ നല്ലൊരു ഭാഗവും ആര്‍ക്കും ഉപകരിക്കപ്പെടാത്ത വിധം പാഴാക്കിക്കളയുകയാണ്. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ മൂന്നിലൊരു ഭാഗം ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നുവെന്നാണ്. എന്തെങ്കിലും കിട്ടിയാല്‍ വയറു നിറക്കാമെന്നു കരുതുന്ന പട്ടിണിപ്പാവങ്ങള്‍ ചുറ്റുഭാഗത്തുമുണ്ടെന്നിരിക്കെയാണ് പലരും ആവശ്യത്തിലധികം പാചകം ചെയ്തു പാഴാക്കുന്നത്.

വിവാഹം, സത്കാരം, ഇഫ്താര്‍, കുടുംബ സംഗമം തുടങ്ങിയ ചടങ്ങുകളില്‍ പ്രത്യേകിച്ചും. ചടങ്ങുകള്‍ അവസാനിച്ച വിവാഹ വേദികളുടെ അടുക്കള ഭാഗവും വേസ്റ്റുകള്‍ തള്ളുന്ന ഭാഗവും പരിശോധിച്ചാല്‍ ഇക്കാര്യം നന്നായി ബോധ്യപ്പെടും.
തികയാതെ വരുമോ എന്ന ആശങ്കയിലും ചിലരെങ്കിലും പ്രൗഢി കാണിക്കാനുമാണ് സത്കാര പാര്‍ട്ടികളില്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം പാകം ചെയ്യുന്നത്. പല വീടുകളിലും സാധാരണ ദിനങ്ങളില്‍ ഭക്ഷണം പാകം ചെയ്യുമ്പോഴും ഇതാണ് സ്ഥിതി. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തില്‍ അവര്‍ക്കാവശ്യമായതില്‍ കൂടുതല്‍ ഭക്ഷണം പാകം ചെയ്യും. ചുരുക്കം ചിലര്‍ അവശേഷിച്ചത് ഫ്രിഡ്ജിലേക്ക് മാറ്റി പിന്നീട് ഭക്ഷിക്കാറുണ്ടെങ്കിലും കൂടുതല്‍ പേരും അടുത്ത പ്രഭാതത്തില്‍ വേസ്റ്റ്‌കൊട്ടയില്‍ തട്ടുകയാണ് പതിവ്. മിച്ചം വന്നാല്‍ ചിലര്‍ സമീപത്തെ അനാഥ ശാലകള്‍, അഗതി മന്ദിരങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കോ അടുത്ത വീടുകളിലേക്കോ കൊടുക്കാറുണ്ട്. സത്കാര ചടങ്ങുകളിലെ ബാക്കി വരുന്ന ഭക്ഷ്യ വിഭവങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന സന്നദ്ധ സംഘടനകളും നിലവില്‍ വന്നു തുടങ്ങിയിട്ടുണ്ട് അടുത്തിടെയായി. ഇത് അഭിനന്ദനാര്‍ഹമാണ്.

അതിഥികള്‍ക്ക് തീന്‍മേശകളില്‍ ആവശ്യത്തിന് വിളമ്പിക്കൊടുക്കുന്ന രീതിയില്‍ നിന്ന് ബുഫെ രീതിയിലേക്കുള്ള മാറ്റത്തോടെ ഭക്ഷണം പാഴാക്കുന്ന പ്രവണത പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. ഇഷ്ടമുള്ളതാണോ അല്ലയോ എന്നുപോലും നോക്കാതെ ആവശ്യത്തിലധികം എടുത്തിട്ട ശേഷം അവസാനം കുറച്ചു കഴിച്ച് ബാക്കി കളയുകയാണ് പലരും. ഹോട്ടലില്‍ കയറിയാല്‍ വയറിന്റെ ആവശ്യവും ശേഷിയും ചിന്തിക്കാതെ ഓര്‍ഡര്‍ ചെയ്യുകയും പകുതി ഭക്ഷിച്ച ശേഷം കളയുകയും ചെയ്യുകയെന്നത് ന്യൂജെന് ഒരു ഫാഷനാണ്. സമീപത്തെ മേശയില്‍ ഭക്ഷണമെല്ലാം തീര്‍ത്തും കഴിച്ച് പ്ലേറ്റ് വൃത്തിയാക്കുന്നവരെ കണ്ടാല്‍ അവര്‍ക്ക് പുച്ഛവും. എന്നാല്‍ ആഹാരമെല്ലാം പൂര്‍ണമായി ഭക്ഷിച്ച് പ്ലേറ്റ് വടിച്ചു വൃത്തിയാക്കുന്നവരാണ് പല വിദേശ രാജ്യക്കാരും. ആ സംസ്‌കാരം പകര്‍ത്തേണ്ടതുണ്ട് മലയാളി.

ഭക്ഷണം പാഴാക്കുന്നത് അത്ര വലിയ പ്രശ്‌നമല്ല പലരുടെയും ദൃഷ്ടിയില്‍. അതൊരു രാഷ്ട്രത്തിന്റെ സാമ്പത്തികാവസ്ഥയെ പോലും തകരാറിലാക്കുന്നുണ്ടെന്ന് ഇവര്‍ മനസ്സിലാക്കണം. കര്‍ഷകന്റെ അധ്വാനം, കൃഷിക്ക് വേണ്ട വിത്ത്, വളം- കീടനാശിനികള്‍ തുടങ്ങിയവ ഉപയോഗിക്കാനുള്ള ചെലവ്, കാര്‍ഷികാവശ്യത്തിനു വിനിയോഗിക്കുന്ന വൈദ്യുതി തുടങ്ങി എത്ര നഷ്ടങ്ങളാണ് ഭക്ഷണം നഷ്ടപ്പെടുത്തുന്നതിലൂടെ സംഭവിക്കുന്നത്. സാമ്പത്തികമായ നഷ്ടത്തിനു പുറമെ പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ ചീഞ്ഞളിഞ്ഞുണ്ടാകുന്ന മീഥൈന്‍, കാര്‍ബണ്‍ഡയോക്‌സൈഡിനേക്കാള്‍ 23 മടങ്ങ് താപമാണ് അന്തരീക്ഷത്തിലേക്കു വമിക്കുന്നത്.

ഭക്ഷണം പാഴാക്കുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട് പല രാഷ്ട്രങ്ങളും. സഊദിയിലും ജര്‍മനിയിലും സ്വിറ്റ്‌സർലാന്‍ഡിലുമെല്ലാം ഭക്ഷണം പാഴാക്കുന്നവര്‍ കടുത്ത പിഴ ഒടുക്കേണ്ടി വരും. വിവാഹ ചടങ്ങുകളിലെ ധൂര്‍ത്തും ഭക്ഷണം പാഴാക്കലും തടയാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു ഇതിനിടെ കേന്ദ്ര ഭക്ഷ്യമന്ത്രാലയം.

ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്ന അതിഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ നിയമ നടപടി സ്വീകരിക്കാനായിരുന്നു കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ മുഖ്യം. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പ്രസ്തുത നിര്‍ദേശം നിരാകരിച്ച കേന്ദ്ര സര്‍ക്കാര്‍ ധൂര്‍ത്തിനെതിരെ ബോധവത്കരണം മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. അതും നടക്കുന്നില്ല ഇപ്പോള്‍. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും തന്നെയാണല്ലോ വിവാഹ ധൂര്‍ത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്നത്. ആവശ്യത്തിലേറെ ഭക്ഷണം പാകം ചെയ്തും പ്ലേറ്റില്‍ വിളമ്പിയും ഒടുവില്‍ പാഴാക്കിക്കളയുന്നവര്‍ ഒരു പിടി ഭക്ഷണത്തിനായി കൊതിക്കുന്ന, ഇത്തിരി വെള്ളമെങ്കിലും തരണേ എന്നു കരയുന്ന പട്ടിണിപ്പാവങ്ങളെ കുറിച്ചോര്‍ത്തിരുന്നെങ്കില്‍.

---- facebook comment plugin here -----

Latest