Connect with us

Gulf

അന്താരാഷ്ട്ര ബോട്ട് ഷോ 16 മുതല്‍ അബൂദബിയില്‍

Published

|

Last Updated

അബൂദബി: നൂതന സാങ്കേതിക വിദ്യയും ആര്‍ഭാടവും സമന്വയിപ്പിച്ച ഏറ്റവും പുതിയ യാനങ്ങളുമായി അബൂദബി അന്തരാഷ്ട്ര ബോട്ട് ഷോ ഒക്ടോബര്‍ 16 നാളെ മുതല്‍ 19 വരെ അബൂദബി അന്തരാഷ്ട്ര പ്രദര്‍ശന നഗരിയില്‍ നടക്കും. നാലു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ആസ്‌ത്രേലിയ, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും 350 ദേശീയ, അന്തര്‍ദേശീയ കമ്പനികളും 25,000 സന്ദര്‍ശകരും പങ്കെടുക്കും.

വിവിധ തരം മത്സ്യബന്ധന ബോട്ടുകള്‍, ഉല്ലാസ ബോട്ടുകള്‍, ഉരുക്കള്‍, ആഢംബര ബോട്ടുകള്‍, യാട്ടുകള്‍, അണ്ടര്‍വാട്ടര്‍ ജെറ്റ്, പായ്ക്കപ്പലുകള്‍ തുടങ്ങി ആഗോള മറൈന്‍ ബ്രാന്‍ഡുകളുടെ വൈവിധ്യമാര്‍ന്ന ബോട്ടുകളും മീന്‍ പിടിക്കാനാവശ്യമായ ഉപകരണങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. നൂതനസാങ്കേതിക വിദ്യയും ആര്‍ഭാടവും സമന്വയിച്ച ഏറ്റവും പുതിയ യാനങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം. മേഖല ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ ബോട്ടുകളും അനുബന്ധ ഉത്പന്നങ്ങളുടെ സേവനവും കാഴ്ചക്കാര്‍ക്കു പുത്തനനുഭവമാകും.

അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെയും ചെയര്‍മാനായ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബോട്ട് ഷോയോടനുബന്ധിച്ച് ജലകായികമേളയും, വെള്ളത്തിലൂടെ തലങ്ങും വിലങ്ങും നടത്തുന്ന അഭ്യാസ പ്രകടങ്ങളും വിസ്മയകരമാകും. പ്രദര്‍ശനം കാണുന്നതിന് 20 ദിര്‍ഹമാണ് നിരക്ക്.

Latest