Connect with us

Articles

ഈ മാന്ദ്യത്തില്‍ നിന്ന് നിങ്ങളാരും പുറത്തല്ല

Published

|

Last Updated

ഇന്ത്യയിലെ അടിവസ്ത്ര വിപണിയില്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 46 മുതല്‍ 76 ശതമാനം വരെ വില്‍പ്പന കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ആളുകള്‍ അടിവസ്ത്രം ധരിക്കുന്നത് ഒഴിവാക്കുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്. ഒരിക്കലും അങ്ങനെയല്ലെന്ന് നമുക്കറിയാം. പിന്നെ എന്താണ് സംഭവിക്കുന്നത്? പുറമെ നല്ല വസ്ത്രങ്ങളൊക്കെ ധരിച്ചു നടക്കുന്നുണ്ടെങ്കിലും ഉള്ളില്‍ സ്ഥിതി വളരെ മോശമാണെന്ന് അര്‍ഥം. അത് പെട്ടെന്നൊന്നും വെളിപ്പെടുകയില്ലല്ലോ. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അടിവസ്ത്ര നിര്‍മാണ കമ്പനികള്‍ വരെ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് ചുരുക്കം.
ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയുടെ നേര്‍ക്കാഴ്ചകള്‍ വരും കാലത്ത് ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളൂ. പുറമെ തിളങ്ങുകയാണെങ്കിലും (അതും അവകാശവാദം മാത്രം) ഉള്ളില്‍ സ്ഥിതി വളരെ മോശമാണ്. ഏത് രംഗമെടുത്ത് പരിശോധിച്ചാലും സാമ്പത്തികമാന്ദ്യം ബാധിക്കാത്ത മേഖലകള്‍ കാണാന്‍ കഴിയില്ല. റിയല്‍ എസ്റ്റേറ്റ്, വാഹന വിപണി തുടങ്ങി വിവിധ മേഖലകള്‍ നേരത്തെ തന്നെ മാന്ദ്യത്തിന്റെ പിടിയിലായിരുന്നുവെങ്കിലും അടിവസ്ത്ര വിപണികളെ പോലുള്ള മേഖലകള്‍ പോലും മെല്ലെ മെല്ലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഇരയാകുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലായെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങളെ ബി ജെ പിയുടെ തൊഴിലാളി സംഘടന പോലും ശക്തമായി വിമര്‍ശിക്കുകയാണ്. നോട്ട് നിരോധനവും ജി എസ് ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണെന്നതില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ചില ബി ജെ പി നേതാക്കള്‍ക്ക് മാത്രമേ ഇനി സന്ദേഹമുള്ളൂ.

നോട്ട് നിരോധനവും
ജി എസ് ടിയും

നോട്ട് നിരോധനത്തെ തുടര്‍ന്ന് 2017-18ല്‍ രാജ്യത്ത് ഒന്നേകാല്‍ കോടിയുടെ തൊഴില്‍ നഷ്ടമാണ് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് കാണിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പ്രതിഫലിക്കരുതെന്ന് കരുതി പ്രസിദ്ധീകരിക്കാതെ തടഞ്ഞു വെച്ചതുമായി ബന്ധപ്പെട്ട് നാഷണല്‍ സ്റ്റാറ്റജിക്കല്‍ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനും അംഗവും രാജിവെച്ചത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണ് 2017-18ല്‍ ഉണ്ടായതെന്ന് സര്‍വേ വ്യക്തമാക്കുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ (സി എം ഐ ഇ) നടത്തിയ സര്‍വേയും റിസര്‍വ് ബേങ്കിന്റെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വേയും തൊഴില്‍ നഷ്ടത്തെ കുറിച്ച് സമാനമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടത്. ഇതൊക്കെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളാണെങ്കില്‍ 2019 പകുതി പിന്നിടുമ്പോള്‍ കണക്കുകള്‍ ഇതിലും ഭീകരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. സി എം ഐ ഇ റിപ്പോര്‍ട്ട് പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 7.2 ശതമാനമാണ് തൊഴില്‍ നഷ്ടം. ഇതുകൊണ്ടൊക്കെ തന്നെയാണല്ലോ സാമ്പത്തിക ഉത്തേജന പാക്കേജുമായി സര്‍ക്കാറിന് രംഗത്തു വരേണ്ടിവന്നത്.
യഥാര്‍ഥത്തില്‍ ജി എസ് ടി വിഷയത്തില്‍ ഉപഭോക്താവ് കബളിപ്പിക്കപ്പെടുകയാണെന്നതാണ് സത്യം. ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന നികുതി സര്‍ക്കാറിലേക്ക് എത്തുന്നുണ്ടോ? എത്തിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാറിന്റെ വരുമാനം കൂടേണ്ടതാണ്. അത് സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, വരുമാന നഷ്ടമാണ് സംഭവിക്കുന്നത്. ഉപഭോക്താവിന് ജി എസ് ടി രേഖപ്പെടുത്തിയ ബില്‍ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാറിലേക്ക് നല്‍കുന്ന കണക്കില്‍ അതിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് കാണിക്കപ്പെടുന്നത്. ഇതിനായി സോഫ്റ്റ്‌വെയറില്‍ രണ്ട് തരം അക്കൗണ്ട് ഉപയോഗിക്കുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതിന് എന്താണ് പരിഹാരം എന്നാലോചിക്കുന്നതിന് പകരം തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പുറത്തു പറയാതിരിക്കുക എന്നതാണ് ഭരണകൂടം കണ്ടെത്തിയ മാര്‍ഗം. ഓരോ ദിവസവും പുറത്തുവരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ഭരണകൂട ബാധ്യത. അതിന് സര്‍ക്കാര്‍ ദുരഭിമാനം വെടിയണം. അങ്ങനെ മാത്രമേ വിപണികളിലും തൊഴില്‍ മേഖലയിലും ഉണര്‍വ് ഉണ്ടാക്കാന്‍ സാധിക്കൂ. അങ്ങനെ മാത്രമേ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും കഴിയൂ.

തൊഴിലിടം നഷ്ടപ്പെടുന്ന രാജ്യം

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വിവിധ മേഖലകളിലെ തൊഴില്‍ നഷ്ടം രാജ്യത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെജി 10,000ത്തോളം തൊഴിലാളികളെ പിരിച്ചുവിടാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇതിലൊന്ന്. ഇതിനെത്തുടര്‍ന്ന് ഇത്തരം വാര്‍ത്തകള്‍ പുറത്തു വിടരുതെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഒരു ഭാഗത്ത് മാന്ദ്യം നേരിട്ട സാമ്പത്തിക രംഗം ഉദ്ദീപിപ്പിക്കാന്‍ പാക്കേജുമായി വരുന്ന കേന്ദ്രം മറുവശത്ത് രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങള്‍ നേരിടുന്ന തകര്‍ച്ച മറച്ചുവെക്കണമെന്ന് പറയുന്നത് എത്രമാത്രം വിരോധാഭാസമാണ്.

ഒരു വര്‍ഷത്തിനിടെ വാഹന മേഖലയില്‍ 45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി തങ്ങളുടെ 3,000 താത്കാലിക ജീവനക്കാരുടെ കരാര്‍ പുതുക്കിയിട്ടില്ലെന്ന കമ്പനി എം ഡിയുടെ അറിയിപ്പും നാം കേട്ടതാണ്. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബി ജെ പിയുടെ ഇന്ത്യ ഇപ്പോഴും തിളങ്ങുകയാണ്. ഈ തിളക്കം എവിടെ കൊണ്ടെത്തിക്കുമെന്നാണ് ജനം കരുതേണ്ടത്.

മത്സരമില്ലാത്ത വിപണി

ബ്രാന്‍ഡുകള്‍ തമ്മിലുള്ള മത്സരമാണ് യഥാര്‍ഥത്തില്‍ വിപണിയുടെ ഉണര്‍വ്. എന്നാല്‍ ഇന്ന് ഈ മത്സരശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ കൈയില്‍ പണമില്ലാത്തതിനാല്‍ അത്യാവശ്യത്തിനല്ലാതെ ആരും വിപണിയെ സമീപിക്കുന്നില്ല. പിന്നെ എന്തിന് പരസ്യ പ്രളയം നടത്തി കമ്പനികള്‍ മത്സരിക്കണം. ഉത്സവ സീസണുകളില്‍ പോലും അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ കുറയുന്നുവെന്നത് പിന്നെ എന്തിന്റെ സൂചനയാണ്.
ഒരു മേഖലയും ഈ മാന്ദ്യത്തില്‍ നിന്ന് ഒഴിവല്ല എന്നതാണ് സത്യം. സര്‍ക്കാര്‍ എന്തൊക്കെ മറച്ചുവെച്ചാലും സത്യങ്ങള്‍ പുറത്തു വന്നുകൊണ്ടേയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇന്ന് ടെലികോം മേഖലയില്‍ എല്ലാ സേവന ദാതാക്കളും നഷ്ടക്കണക്ക് പറഞ്ഞു കൊണ്ടിരിക്കുകയാണ്. ബി എസ് എന്‍ എല്‍ നേരത്തെ തന്നെ നഷ്ടത്തിലാണ്. സ്വകാര്യ കമ്പനികളും നഷ്ടത്തിലാണെന്ന് പറയുമ്പോള്‍ നാമൊക്കെ കരുതിയിരുന്നത് സര്‍ക്കാറിന്റെ എല്ലാവിധ ഒത്താശയോടും കൂടി പ്രവര്‍ത്തിക്കുന്ന ജിയോ വലിയ ലാഭത്തിലായിരിക്കുമെന്നാണ്. എന്നാല്‍ ജിയോയുടെ വളര്‍ച്ച വെറും നാല് ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജിയോയുടെ വരവോടു കൂടി വിപണി പിടിച്ചെടുക്കാന്‍ മത്സരിച്ചു തളര്‍ന്നിരിക്കുകയാണ് മറ്റ് സേവനദാതാക്കള്‍. എങ്കില്‍ പോലും മറ്റുള്ളവരുടെ തളര്‍ച്ചയിലെ ഗുണമല്ലാതെ ജിയോക്കും കാര്യമായ വളര്‍ച്ചയില്ല. അതായത് വിപണിയിലെ എല്ലാ മേഖലകളിലും മൊത്തമായുള്ള ഉണര്‍വ് നഷ്ടപ്പെട്ടിരിക്കുന്നു. ചുരുക്കം ചില കുത്തകകളിലേക്ക് വിപണി ചുരുക്കപ്പെടുന്നു. എതിരാളികള്‍ ഇല്ലാത്തിടത്ത് മത്സരവും മത്സരം ഇല്ലാത്തിടത്ത് ഉണര്‍വും ഉണ്ടാകില്ല. ഇതാണിപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. എല്ലാത്തിന്റെയും അടിവേര് ചെന്നെത്തുന്നതോ സാമ്പത്തിക മാന്ദ്യം എന്നതിലേക്കും. ഇവിടെയാണ് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ആവശ്യമായി വരുന്നത്. സാമ്പത്തിക രംഗത്തെ നടപടികള്‍ വിപണിയെ തളര്‍ത്തിയിട്ടുണ്ടെങ്കില്‍ അതിന് പരിഹാരവും സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടാകണം. അതിന് ആദ്യം വേണ്ടത് ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക എന്നതാണ്. അത്തരമൊരു ഉള്‍ക്കൊള്ളലിന് മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ രാജ്യം എവിടെ ചെന്നെത്തുമെന്ന് കണ്ടറിയേണ്ടി വരും.

പിരിച്ചുവിടപ്പെടുന്നവരും
പ്രതിസന്ധിയും

സാമ്പത്തിക മാന്ദ്യം വിപണിയിലും തൊഴിലിടത്തിലും പിടിമുറുക്കിയതിനെ തുടര്‍ന്ന് പിരിച്ചുവിടപ്പെടുന്ന എക്‌സിക്യൂട്ടീവ് ജോലിക്കാര്‍ വലിയ പ്രശ്‌നം തന്നെയാണ് ഉണ്ടാക്കുക. ഇവര്‍ക്ക് പിന്നെ സമൂഹത്തിലെ അടിത്തട്ടിലെ ജോലികള്‍ വഴങ്ങാതെ വരും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നിപ്പോള്‍ അടിസ്ഥാന മേഖലയില്‍ എല്ലാം ബംഗാളിയാണ് തൊഴിലാളി. നിര്‍മാണ മേഖലകള്‍ മുതല്‍ ബാര്‍ബര്‍ ഷോപ്പില്‍ വരെ ബംഗാളിയാണ്. ഹിന്ദി പഠിച്ചില്ലെങ്കില്‍ മലയാളിക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്തരം ജോലികള്‍ ചെയ്യാന്‍ മലയാളി തന്നെ തയ്യാറായാല്‍ കേരളം മറ്റൊരു സ്വദേശിവത്കരണത്തിന് വേദിയാകും.

മിണ്ടരുത്
രാജ്യദ്രോഹമാകും

സാമ്പത്തിക രംഗം മോശമാണെന്നും തൊഴില്‍ നഷ്ടം കൂടുകയാണെന്നും പറയുന്നവര്‍ക്കെതിരെ മോദി സര്‍ക്കാറിന് ആകെ ഒരു മറുപടി മാത്രമേ ഉള്ളൂ. രാജ്യദ്രോഹം. ഇത് തന്നെയാണല്ലോ കേന്ദ്ര ധനമന്ത്രി വ്യവസായ സ്ഥാപനങ്ങളോട് തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടരുതെന്ന് പറഞ്ഞതിന്റെ അര്‍ഥം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയരുത്, അടിവസ്ത്രമില്ലാതെ ഇന്ത്യക്കാരന്‍ നടന്നാലും രാജ്യം സമ്പല്‍സമൃദ്ധമാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കണം.