Connect with us

International

കശ്മീര്‍: ട്രംപിന്റെ വാഗ്ദാനം ഇന്ത്യ തള്ളി, ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല

Published

|

Last Updated

വാഷിംഗ്ടണ്‍: കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന യു എസ് പ്രസിഡന്റിന്റെ ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ തള്ളി. വിഷയത്തില്‍ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. മധ്യസ്ഥത വഹിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ അവകാശവാദം രവീഷ് കുമാര്‍ നിഷേധിച്ചു. അത്തരമൊരു ആവശ്യം മോദി ആരുടെയും മുമ്പില്‍ വച്ചിട്ടില്ല.

പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ അചഞ്ചലമായ നിലപാട്. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാനുമായുള്ള അത്തരം ചര്‍ച്ചകള്‍ സാധ്യമാവൂ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള കാര്യങ്ങള്‍ ഷിംല കരാറിലും ലാഹോര്‍ പ്രഖ്യാപനത്തിലുമുണ്ട്.

പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചത്. തനിക്കു സഹായിക്കാനാകുമെങ്കില്‍ ്ങ്ങനെ ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. ഇരു രാഷ്ട്രങ്ങളുടെയും നേതാക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതിന് ഒരുക്കമാണ്.
രണ്ടാഴ്ച മുമ്പ് ഇന്ത്യന്‍ പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും മധ്യസ്ഥനാകാന്‍ താത്പര്യമെടുക്കുമോ എന്ന് അദ്ദേഹം ചോദിച്ചിരുന്നതുമായാണ് ട്രംപ് പറഞ്ഞത്.

കഴിഞ്ഞ മാസം ജപ്പാനിലെ ഒസാക്കയില്‍ ജി-20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലും കശ്മീര്‍ ചര്‍ച്ചയായതായി ട്രംപ് വ്യക്തമാക്കി. 2016ല്‍ പത്താന്‍കോട്ടിലെ വിമാനത്താവളത്തിനു നേരെ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാനുമായുളള ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയാണ്. ചര്‍ച്ചയും ഭികരപ്രവര്‍ത്തനവും ഒരുമിച്ചു പോകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

Latest