Connect with us

Eranakulam

ഗവേഷകരെ കാത്ത് പൂയംകുട്ടി നിത്യഹരിത വനമേഖല

Published

|

Last Updated

കോതമംഗലം: ആഗോള സംരക്ഷിത പൈതൃക പട്ടികയിൽ ഇടം നേടിയ പശ്ചിമഘട്ടത്തിലെ നിത്യഹരിത വനമായ പൂയംകുട്ടി വനമേഖല ഗവേഷകരെ തേടുന്നു. പശ്ചിമ ഘട്ട മലനിരകളുമായി ബന്ധപ്പെട്ടുകിടക്കുന്നതും കാടും കാട്ടാറുകളും വെള്ളച്ചാട്ടങ്ങളും അപൂർവ ജൈവ സസ്യ സമ്പത്തും കൊണ്ട് സമൃദ്ധവുമായ പൂയംകുട്ടി സഞ്ചാരികളുടെ പ്രിയപ്പെട്ട പ്രദേശമാണ്.


പശ്ചിമഘട്ട സംരക്ഷണത്തിന് യുനസ്‌കോയുടെ സഹായങ്ങൾ വരെ ലഭ്യമാകുമ്പോൾ ഏറെ പ്രാധാന്യമുള്ള പൂയംകുട്ടിയെ സംരക്ഷിക്കുന്നതിനും ഇവിടെ കൂടുതൽ ഗവേഷകരെ എത്തിക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ വേണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. ലോകത്ത് ആമസോൺ വനാന്തരങ്ങൾ കഴിഞ്ഞാൽ വെള്ളത്തോട് ഏറെ ചേർന്നുകിടക്കുന്ന അപൂർവ വനങ്ങളിൽ ഒന്നാണ് പൂയംകുട്ടിയെന്ന് വിവിധ ഗവേഷണ സ്ഥാപനങ്ങൾ കണ്ടെത്തിയിരുന്നു.

ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കനുസരിച്ച് രാജ്യത്തെ അപൂർവമായ ഇടതൂർന്നതും നിത്യഹരിതവുമായ വനമേഖലയാണിത്. അപൂർവങ്ങളിൽ അത്യപൂർവമായ 526 ഇനം മത്സ്യങ്ങൾ, 22 ഇനം ഉഭയ ജീവികൾ, 43 ഇനം ഉരഗ വർഗങ്ങൾ, 168 ഇനം പക്ഷികൾ, 22 ഇനം സസ്തനികൾ എന്നിവയും പൂയംകുട്ടി വനത്തിൽ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതിക്കായി പൂയംകുട്ടിയിലെ പീണ്ടിമേട് തിരഞ്ഞെടുത്തതോടെ രണ്ടര പതിറ്റാണ്ട് മുന്പാണ് പൂയംകുട്ടി രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാകുന്നത്.

800 മീറ്റർ ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടത്തിൽ നിന്ന് പ്രതിദിനം 70 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന പദ്ധതിയായിരുന്നു അത്. നിത്യഹരിത വനം ഉൾപ്പെടെ 4,000 ഹെക്ടർ സ്ഥലം ഈ പദ്ധതിക്കായി ഏറ്റെടുക്കാനായിരുന്നു നീക്കം. എന്നാൽ പരിസ്ഥിതിവാദികളുടെ പ്രതിഷേധവും എതിർപ്പും കൊണ്ട് കേന്ദ്രസംസ്ഥാന സർക്കാറുകൾ ജല വൈദ്യുത പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പ്രകൃതി നിർമിതമായ മനോഹരങ്ങളായ നിരവധി വെള്ളച്ചാട്ടങ്ങളും റോക്ക് പാലസും ഇടതൂർന്ന ഈറ്റ കാടുകളും പരമ്പരാഗത ആദിവാസി ഗ്രാമങ്ങളും പൂയംകുട്ടിയുടെ മാത്രം പ്രത്യേകതയാണ്.

ഐ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗിൽ കമ്മിറ്റി പഠനത്തിനായി കേരളത്തിൽ വന്നപ്പോൾ ഏറെ പ്രാധാന്യമുള്ള പൂയംകുട്ടിയും സന്ദർശിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തുവന്നിരുന്നു. എന്നാൽ ഈ മേഖലയിലെ വനം കൈയേറ്റക്കാരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥ ലോബി നടത്തിയ ഇടപെടൽ കൊണ്ട് മാധവ് ഗാഡ്ഗിൽ കമ്മിറ്റി പൂയംകുട്ടി സന്ദർശിക്കാതെ മടങ്ങുകയാണുണ്ടായത്.

Latest