Connect with us

Malappuram

കാലിക്കറ്റ് വാഴ്‌സിറ്റി സിൻഡിക്കേറ്റ്: എൽ ഡി എഫിന് മികച്ച നേട്ടം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 12 സീറ്റിൽ ഇടത് സ്വതന്ത്രൻ ഉൾപ്പെടെ പത്തിലും ഇടത് അംഗങ്ങൾ വിജയിച്ചു. രണ്ട് സീറ്റ് മുസ്‌ലിംലീഗിന് ലഭിച്ചു. ചേലക്കര എം എൽ എ യു ആർ പ്രദീപ്, കാലിക്കറ്റ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. എം. മനോഹരൻ എന്നിവരടക്കമുള്ളവരാണ് ഇടതുപക്ഷത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

ഡോ. ജി റിജുലാൽ (കെമിസ്ട്രി വിഭാഗം അസി. പ്രഫസർ, ഗവ. കോളജ് ചിറ്റൂർ), ഡോ. കെ പി വിനോദ് കുമാർ (കൊമേഴ്‌സ് അസോസിഷ്യേറ്റ് പ്രഫസർ, എം ഇ എസ് കോളജ് മമ്പാട്), ഇ അബ്ദുറഹീം (പാലക്കാട് അട്ടയംപതി സ്‌നേഹ കോളജ് ഓഫ് ആർക്കിടെക്ചർ മാനേജർ ആൻഡ് ചെയർമാൻ), എം ജയകൃഷ്ണൻ (കോഴിക്കോട് നടക്കാവ് ജി ജി വി എച്ച് എസ് എസ്), പ്രൊഫ. എം എം നാരായണൻ, എ കെ രമേശ്ബാബു, അഡ്വ. ടോം കെ തോമസ്, ഇ അഫ്‌സൽ (എസ് എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡന്റ്) എന്നിവരാണ് ജയിച്ച ഇടത് അംഗങ്ങൾ. എൻ വി അബ്ദുറഹ്‌മാൻ (അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ് മാനേജർ), റഷീദ് അഹമ്മദ് (കരുവാരക്കുണ്ട് കെ ടി എം കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അസോസിയേറ്റ് പ്രഫസർ) എന്നിവരാണ് ലീഗ് അംഗങ്ങൾ.

27 സ്ഥാനാർഥികളാണ് മത്സരിച്ചത്. കോൺഗ്രസിന്റെ ഒരു പ്രതിനിധിക്ക് പോലും വിജയിക്കാനായില്ല. നാല് വർഷമാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി.

പ്രിൻസിപ്പൽ മണ്ഡലത്തിൽ നിന്നുള്ള രണ്ട് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിൽ നിന്ന് സെനറ്റിലേക്കുള്ള ആറംഗങ്ങളുടെ തിരഞ്ഞടുപ്പ് നീളുന്നതിനാലാണിത്. സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാർക്ക് സെനറ്റിൽ വോട്ടവകാശം നൽകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് തുടരുകയാണ്.

നിലവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് ആറ് ഇടതുപക്ഷ പ്രവർത്തകരെ സെനറ്റിലേക്കും അതുവഴി സിൻഡിക്കേറ്റിലേക്കും നാമനിർദേശം ചെയ്തിരുന്നു.

ഗവ. സെക്രട്ടറിമാരടക്കം ആറ് എക്‌സ് ഒഫീഷ്യോ അംഗങ്ങളും സിൻഡിക്കേറ്റിലുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിൻഡിക്കേറ്റ് കാലാവധി 2017 സെപ്തംബർ 29ന് അവസാനിച്ചിരുന്നു. പിന്നീട് ഇടതിന് സമ്പൂർണ ആധിപത്യമുള്ള നോമിനേറ്റഡ് സിൻഡിക്കേറ്റായിരുന്നു അധികാരത്തിൽ. കഴിഞ്ഞ മാർച്ചിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് നാമനിർദേശം ചെയ്ത ആറ് പേരായിരുന്നു നിലവിലെ സിൻഡിക്കേറ്റ് അംഗങ്ങൾ. തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ഇടത് സംഘടന പ്രവർത്തകർ സർവകലാശാല ക്യാമ്പസിൽ ആഹ്ലാദപ്രകടനം നടത്തി.

Latest