Connect with us

Kerala

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ലയിപ്പിക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി സി രവീന്ദ്രനാഥ്

Published

|

Last Updated

തിരുവനന്തപുരം: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപനത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇരു വിഭാഗങ്ങളും ലയിപ്പിക്കാന്‍ ആലോചിക്കുന്നില്ല. എച്ച് എസ്, എച്ച് എസ് എസ് തലങ്ങളിലെ അധ്യാപനം നിലവിലുള്ള രീതിയില്‍ തന്നെ തുടരും. വിദ്യാഭ്യാസ മേഖലയില്‍ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക, അനധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

ഹയര്‍ സെക്കന്‍ഡറി മലയാളം മീഡിയത്തിലേക്കു മാറ്റാനും പദ്ധതിയില്ല. ഇംഗ്ലീഷ് മീഡിയം പഠനമാണ് എച്ച് എസ് എസില്‍ നടക്കുന്നത്. അത് അങ്ങനെത്തന്നെ തുടരും. അതേസമയം, വിഷയം നന്നായി മനസ്സിലാക്കുന്നതിനായി മലയാളത്തിലുള്ള ടെക്സ്റ്റ് പുസ്തകങ്ങള്‍ കൂടി വിദ്യാര്‍ഥികള്‍ക്കു നല്‍കും.

എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് എസ് എന്നിവക്കായി ഡയറക്ടര്‍ ഓഫ് ജനറല്‍ എജുക്കേഷന്‍ (ഡി ജി ഇ) എന്ന പുതിയ തസ്തിക സൃഷ്ടിച്ച് എല്ലാ സ്‌കൂളുകളെയും ഇതിനു കീഴിലാക്കുക, മൂന്നു വിഭാഗങ്ങളുടെയും പരീക്ഷകള്‍ പൊതു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കുക, എച്ച് എസ്, എച്ച് എസ് എസ് സ്‌കൂളുകള്‍ക്ക് പൊതു ഓഫീസ് രൂപവത്കരിക്കുക, ഹയര്‍ സെക്കന്‍ഡറിയും ഹൈസ്‌കൂളുമുള്ള സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന് സ്‌കൂളിന്റെ മുഴുവന്‍ ചുമതലയും നല്‍കുക, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ പദവി വൈസ് പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റുക, ജില്ലാ തലത്തില്‍ ഡി ഡി, ആര്‍ ഡി ഡി, എ ഡി, ഡി ഇ ഒ, എ ഇ ഒ സംവിധാനങ്ങള്‍ നിലവിലുള്ളതു പോലെ നിലനിര്‍ത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഖാദര്‍ കമ്മിറ്റി മുന്നോട്ടു വച്ചിട്ടുള്ളത്.

വിഷയത്തില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയുമായി സംഘടനാ പ്രതിനിധികള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിയുമായി നടന്നത് രണ്ടാംഘട്ട ചര്‍ച്ചയാണ്. ഇനി മാനേജര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നീ തലങ്ങളിലും ചര്‍ച്ച നടത്തും. ക്രോഡീകരിക്കുന്ന നിര്‍ദേശങ്ങള്‍ ബുധാനാഴ്ച മന്ത്രിസഭയില്‍ സമര്‍പ്പിക്കുകയും മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Latest