Connect with us

Alappuzha

അരൂരിൽ സി പി എമ്മിന് അഭിമാന പോരാട്ടമാകും

Published

|

Last Updated

ആലപ്പുഴ: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ആറ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ അരൂരിലേത് സി പി എമ്മിന്റെ അഭിമാന പോരാട്ടമാകും. സി പി എമ്മിലെ എ എം ആരിഫ് ലോക് സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ അരൂർ നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു.

തുടർച്ചയായി മൂന്ന് തവണയായി അരൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു വന്ന ആരിഫ് 2016ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരിഫിനെ സി പി എം ആലപ്പുഴയിൽ സ്ഥാനാർഥിയാക്കിയത്. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളും ഇടതുപക്ഷത്തെ കൈയൊഴിഞ്ഞപ്പോൾ ആലപ്പുഴ യു ഡി എഫിൽ നിന്ന് പിടിച്ചെടുത്ത ആഹ്ലാദത്തിലാണ് സി പി എമ്മും ഇടതുപക്ഷവും.

എന്നാൽ നിലവിലെ സാഹചര്യത്തിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത് സി പി എമ്മിനെ ആശങ്കപ്പെടുത്തുന്നുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്.

ഇടതുപക്ഷം മത്സര രംഗത്തിറക്കിയ എം എൽ എമാരിൽ ആരിഫ് മാത്രമാണ് വിജയിച്ചത്. അരൂരാകട്ടെ സി പി എമ്മിന്റെ കുത്തക സീറ്റുമാണ്. സംസ്ഥാനത്ത് ആറിടത്താണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതെങ്കിലും സി പി എമ്മിനും എൽ ഡി എഫിനും അഭിമാന പോരാട്ടത്തിന് വേദിയാകുക അരൂരായിരിക്കുമെന്നതിൽ തർക്കമില്ല.

ഇവിടെ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകൾ സി പി എം പ്രാദേശിക തലത്തിൽ ആരംഭിച്ചുകഴിഞ്ഞു. ന്യൂനപക്ഷ വോട്ടർമാർ അധികമുള്ള മണ്ഡലമെന്ന നിലയിൽ സാമുദായിക പരിഗണനകളും കണക്കിലെടുത്ത് വേണം സ്ഥാനാർഥി നിർണയമെന്നത് പാർട്ടിയെ അലട്ടുന്നുണ്ട്.

കോൺഗ്രസും ഇവിടെ സ്ഥാനാർഥിക്കായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പലരും സ്ഥാനാർഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരിഫിനോട് പരാജയപ്പെട്ട ഷാനിമോൾ ഉസ്മാനെ തന്നെ രംഗത്തിറക്കണമെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്. പ്രാദേശികമായി പ്രവർത്തകരുടെ വികാരം ഷാനിമോൾക്കൊപ്പമാണ്.

എന്നാൽ അവർ ഇനിയും മനസ്സ് തുറന്നിട്ടില്ല. 2016ലെ തിരഞ്ഞെടുപ്പിൽ 38,519 വോട്ടിന് വിജയിച്ച ആരിഫിന്റെ ഭൂരിപക്ഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർക്കാൻ ഷാനിമോൾക്കായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ അരൂർ നിയോജക മണ്ഡലത്തിൽ 648 വോട്ടിന്റെ ഭൂരിപക്ഷം ഷാനിമോൾക്ക് ലഭിച്ചു.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായ നിലപാടായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ സ്വീകരിക്കുകയെന്ന കണക്കുകൂട്ടലാണ് സി പി എമ്മിനും ഇടതുമുന്നണിക്കുമുള്ളത്. ബി ജെ പിക്ക് 2016ലേതിനേക്കാൾ അരൂരിൽ വോട്ട് കുറഞ്ഞത് സി പി എമ്മിന് ആശ്വാസം പകരുന്നുണ്ട്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് സി പി എമ്മിന് ആശ്വാസം പകരുന്നുണ്ടെങ്കിലും, തുടർന്നുണ്ടായ ശബരിമല വിവാദമടക്കമുള്ള പ്രശ്‌നങ്ങളിൽ വിശ്വാസി സമൂഹത്തിന്റെ നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പിനേത് സമാനമാകുമോ എന്ന ആശങ്ക സി പി എമ്മിനുണ്ട്. ആരിഫിന് പകരം ആളെ കണ്ടെത്തുകയെന്നതും സി പി എമ്മിന് ശ്രമകരമാണ്.

Latest