Connect with us

Eranakulam

സഞ്ചാരികൾക്ക് ദൃശ്യവിസ്മയമൊരുക്കി മൂന്നാറിലെ ആറ്റുകാട് വെള്ളച്ചാട്ടം

Published

|

Last Updated

കോതമംഗലം: വിനോദ സഞ്ചാരികൾക്ക് പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് ആറ്റുകാട് വെള്ളച്ചാട്ടം. ദക്ഷിണേന്ത്യയിലെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ കണ്ണിനും മനസ്സിനും വിസ്മയ കാഴ്ച ഒരുക്കുന്നതാണ് പള്ളിവാസലിന് സമീപമുള്ള ആറ്റുകാട് വെള്ളച്ചാട്ടം. മൂന്നാറിൽ നിന്ന് ഒമ്പത് കിലോ മീറ്റർ അകലെയുള്ള ഈ വെള്ളച്ചാട്ടം സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ മുഖ്യ ആകർഷണമാണ്.

കുണ്ടള, കന്നിമല, നല്ല തണ്ണി പുഴകൾ മൂന്നാറിൽ സംഗമിച്ച് രൂപപ്പെടുന്ന മുതിരപ്പുഴ ആറിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. മുതിരപ്പുഴ ആറിൽ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിന് രാജ ഭരണ കാലത്ത് നിർമിച്ച ഹെഡ്‌വർക്ക്സ് തടയണയിൽ നിന്ന് കവിഞ്ഞൊഴുകുന്ന വെള്ളമാണ് ഒരു കിലോമീറ്റർ താഴെ അഗാധമായ താഴ്ചയിലേക്ക് പതിച്ച് ആറ്റുകാട് വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്. വർഷകാലത്ത് സമൃദ്ധമായ വെള്ളം ഇവിടെ 500 അടി താഴ്ചയിലേക്ക് പതിക്കുന്നത് മറ്റെങ്ങും കാണാനാകാത്ത മനോഹര കാഴ്ചയാണ് സഞ്ചാരികൾക്ക് ഒരുക്കിയിട്ടുള്ളത്. ഇവിടുത്തെ പാറക്കെട്ടുകളും പാറക്കെട്ടുകളിലെ ഗർത്തങ്ങളും ചുഴികളുമായി ആറ്റുകാട് വെള്ളച്ചാട്ടം പലപ്പോഴും സഞ്ചാരികളുടെ മരണക്കെണിയായിട്ടുണ്ട്. പള്ളിവാസൽ പഞ്ചായത്ത് പാലത്തിന്റെ ഇരു ഭാഗത്തെയും കൈവരികളോട് ചേർന്ന് ഇരുമ്പു വേലി നിർമിച്ചതോടെ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾ ഇറങ്ങുന്നതും അപകടമുണ്ടാകുന്നതും നിയന്ത്രിക്കാനായിട്ടുണ്ട്. മധ്യവേനൽ അവധിക്കാലത്തും മഴക്കാലത്തുമാണ് ഇവിടെ സഞ്ചാരികളുടെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.

മഴക്കാലത്ത് മൂന്നാറിലെ മൺസൂൺ ടൂറിസം ആഘോഷിക്കാനെത്തുന്ന സഊദി അറേബ്യ, ഖത്വർ, ഒമാൻ, ദുബൈ, അബുദബി, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളിലേറെയും ആറ്റുകാട് വെള്ളച്ചാട്ടം കാണാൻ എത്തുന്നുണ്ട്. രാജ്യത്തെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന് സമീപത്താണ് ഈ മനോഹര വെള്ളച്ചാട്ടം എങ്കിലും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിന് വിനോദ സഞ്ചാര വകുപ്പോ മറ്റ് സർക്കാർ ഏജൻസികളോ വേണ്ട ഇടപെടലുകൾ നടത്തുന്നില്ല. ഇതു കൊണ്ടു തന്നെ മൂന്നാറിലെത്തുന്ന സഞ്ചാരികളിൽ കുറച്ചു മാത്രമേ ഇവിടെ എത്തുന്നുള്ളൂ.

വെള്ളച്ചാട്ടത്തിന്റെ സാധ്യതകൾ കണ്ടറിഞ്ഞ് ചില സ്വകാര്യ ടൂറിസം ഏജൻസികൾ അടുത്ത കാലത്ത് നടത്തിയ നീക്കമാണ് ഇവിടുത്തെ ഇപ്പോഴത്തെ തിരക്കിന് കാരണമായത്.

ആറ്റുകാട് വെള്ളച്ചാട്ടം കാണുവാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറായാൽ മൂന്നാറിലെ പ്രധാന ടൂറിസം പോയിന്റ് ആയി മാറുവാൻ ഈ പ്രദേശത്തിന് കഴിയും. അതിനുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഇവിടെ വന്നു പോകുന്ന വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾ ആവശ്യപ്പെടുന്നത്.

Latest