Articles
ആർത്തി അപകടമാണ്
ആധുനിക മുതലാളിത്തമാണ് ഇന്ന് സാമ്പത്തിക വിപണിയെ നിയന്ത്രിക്കുന്നത്. ആവശ്യമല്ല; ആർത്തിയാണ് മനുഷ്യന്റെ സമ്പാദനത്തിന് മാനദണ്ഡം. പണം, പ്രശസ്തി, അധികാരം എന്നിവ നേടിയെടുക്കാൻ ഏത് ഹീനകൃത്യം ചെയ്യാനും മനുഷ്യന് മടിയില്ലാതായിത്തീർന്നിരിക്കുന്നു. പലിശ, പൂഴ്ത്തിവെപ്പ്, ചതി, കൊള്ള, കൊല തുടങ്ങിയവ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു. ഇസ്‌ലാം ഐഹികതയോടുള്ള ആർത്തിയെ വെറുക്കുന്നു. ധനമോഹത്തെ റസൂൽ(സ) പലതവണ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.
ഉർവതുബ്‌നു സുബൈർ(റ) നിവേദനം ചെയ്യുന്നു. ഹകീം ഇബ്‌നു ഹിസാം(റ) പറഞ്ഞു: “ഞാൻ തിരുനബി(സ)യോട് ദാനം ചോദിച്ചു. എനിക്ക് നൽകി. വീണ്ടും ചോദിച്ചു. വീണ്ടും നൽകി. മൂന്നാമതും ചോദിച്ചു. നൽകി. ശേഷം തിരുനബി(സ) എന്നോട് പറഞ്ഞു: “ഹകീം, തീർച്ച, ധനം ഹരിതാഭവും മധുരിതവുമാണ്. ആര് മനഃസംതൃപ്തിയോടെ അതിനെ സമീപിച്ചുവോ അയാൾ അനുഗ്രഹീതനാണ്. ആര് അതിമോഹത്തോടെ അതിനെ സമീപിച്ചുവോ അയാൾക്ക് അനുഗ്രഹം അന്യമാണ്. എത്ര ഭക്ഷണം കഴിച്ചാലും വയർ നിറയാത്തവനെപ്പോലെ. ഉയർന്ന (നൽകുന്ന) കൈ താഴ്ന്ന (വാങ്ങുന്ന) കൈയിനേക്കാൾ ഉത്തമമാണ്” ഞാൻ പറഞ്ഞു: “തിരുദൂതരേ, അല്ലാഹുവാണ് സത്യം. മരണം വരെ മേലിൽ ഞാനൊരാളോടും ഒന്നും ചോദിക്കില്ല” (ബുഖാരി, മുസ്‌ലിം).
നബി(സ) പറഞ്ഞു: ഐഹിക ലോകം ഹരിതാഭവും മാധുര്യമുള്ളതുമാണ്. അല്ലാഹു നിങ്ങളെ അതിൽ പ്രതിനിധികളാക്കുന്നു. നിങ്ങളുടെ കർമങ്ങളെ അവൻ നിരീക്ഷിക്കുന്നു. ദുനിയാവിനെയും സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുക.
കഅബുബ്‌നു മാലികുൽ അൻസ്വാരി(റ)യിൽ നിന്ന് നിവേദനം. തിരുനബി(സ) (ആർത്തി വരുത്തുന്ന നാശത്തിന്റെ ഉപമ) പറഞ്ഞു: “ഒരു ആടിനുനേരെ അയക്കപ്പെടുന്ന വിശന്നുവലഞ്ഞ രണ്ട് ചെന്നായകൾ ആ ആടിന് വരുത്തുന്ന നാശത്തെക്കാൾ വലുതാണ് സമ്പത്തും സ്ഥാനമാനങ്ങളും മോഹിക്കുന്ന മനുഷ്യൻ ദീനിന് വരുത്തുന്ന നാശം.”
കവി പാടുന്നു: “അനന്തരാവകാശികൾക്കുള്ള സമ്പത്തിന്റെ സൂക്ഷിപ്പുകാരനാണ് നീ. ചെലവഴിക്കുന്ന നാളിൽ നിനക്കുള്ളതെന്തോ അത് മാത്രമാണ് നിന്റെ സമ്പാദ്യം”
പണ്ഡിതനോട് ഒരാൾ പറഞ്ഞു: “ഇന്നയാൾ ഒരുപാട് പണം സ്വരൂപിച്ചിരിക്കുന്നു. പണ്ഡിതൻ ചോദിച്ചു: “അത് ചെലവഴിക്കാനുള്ള ദിവസങ്ങൾ അയാൾ സമ്പാദിച്ചിട്ടുണ്ടോ?” “ഇല്ല” മറുപടി. പണ്ഡിതൻ പറഞ്ഞു: “എന്നാൽ അയാൾ ഒന്നും സമ്പാദിച്ചിട്ടില്ല”
പിശുക്ക് ആർത്തിയുടെ മറുപുറമാണ്. അല്ലാഹു പറയുന്നു: സ്വന്തം മനസ്സിനെ പിശുക്കിൽ നിന്ന് മുക്തമാക്കുന്നവരാണ് വിജയികൾ(ഹശ്ർ:9). അബ്ദുല്ലാഹിബ്‌നു ഉമറി(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: “പിശുക്കിനെ(വരാതെ) നിങ്ങൾ സൂക്ഷിക്കണം. പിശുക്ക് നിങ്ങളുടെ പൂർവസമുദായത്തെ നശിപ്പിച്ചിരിക്കുന്നു. അവർ കുടുംബ ബന്ധങ്ങൾ മുറിച്ചു. ലുബ്ധത കാണിച്ചു. തെമ്മാടിത്തങ്ങൾ ചെയ്തു” (അബൂദാവൂദ്).
മനുഷ്യപ്രകൃതം ആർത്തിയുടെതാണ്. നബി(സ) പറഞ്ഞു: “മനുഷ്യന് രണ്ട് താഴ്‌വര നിറയെ സമ്പത്തുണ്ടെങ്കിൽ മൂന്നാമതൊന്നു കിട്ടാൻ അവൻ കൊതിക്കും” കൂടുതൽ മോഹങ്ങൾ നട്ടുപിടിപ്പിച്ചാൽ മനസ്സ് കൂടുതൽ മോഹിക്കും. അൽപ്പം കൊണ്ട് തൃപ്തിപ്പെടാൻ പ്രേരിപ്പിച്ചാൽ അതിന് പാകപ്പെടുകയും ചെയ്യും.
അമൂല്യമായ ആത്മാഭിമാനമാണ് ഖനാഅത്ത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയും നഷ്ടപ്പെട്ടതിൽ ഖേദിക്കാതിരിക്കുകയും ചെയ്യലാണത്. ഭൗതികതയോടുള്ള തീവ്രാഭിലാഷത്തിൽ നിന്ന് സമൂഹത്തെ പിന്തിരിപ്പിക്കാനാണ് തിരുനബി(സ) ഖനാഅത്ത് പഠിപ്പിച്ചിരിക്കുന്നത്.
സഅദ് ബ്‌നു അബീ വഖാസ് തന്റെ മകന് ഉപദേശം നൽകി: “മോനേ, നിനക്ക് ഏറ്റവും നല്ല ഗുണകാംക്ഷിയാണല്ലോ ഉപ്പ. ആർത്തിയെ കുറിച്ച് നീ ജാഗ്രത പാലിക്കണം. സമാഗതമായ ദാരിദ്ര്യമാണത്. ഭൗതികതയോടുള്ള വിരക്തി നീ മുറുകെ പിടിക്കണം. അതാണ് ധന്യത” (ത്വബ്‌റാനി).
സമ്പത്തിനോടുള്ള ആർത്തിയെക്കാൾ ഭീകരമാണ് സ്ഥാനമാനങ്ങളോടുള്ള അതിമോഹം. സ്ഥാനമോഹങ്ങൾ രണ്ടിനമുണ്ട്. ഒന്ന്: അധികാരം, സമ്പത്ത് എന്നിവ കൊണ്ട് ബഹുമതി മോഹിക്കൽ. അബ്ദുർറഹ്മാനുബ്‌നു സമുറ(റ)യോട് തിരുനബി(സ) പറഞ്ഞു: “അബ്ദുർറഹ്മാൻ, നീ അധികാരം ചോദിച്ചുവാങ്ങരുത്. നിനക്കത് ഭാരമായിത്തീരും. ചോദിക്കാതെ വരുന്ന അധികാരങ്ങളിൽ (നിർവഹണത്തിന്) നിനക്ക് സഹായം ലഭിക്കും”.
അബൂമൂസൽ അശ്അരി(റ)യിൽ നിന്ന് നിവേദനം. രണ്ടുപേർ നബി(സ)യുടെ സന്നിധിയിൽ വന്നു പറഞ്ഞു: “തിരുദൂതരേ… ഞങ്ങളെ നേതാക്കളാക്കണം” നബി(സ) പറഞ്ഞു: “ചോദിച്ചു വരുന്നവർക്കും ആർത്തി കാണിക്കുന്നവർക്കും നാം അധികാരം നൽകില്ല”
രണ്ട്: മതപരമായ കാര്യങ്ങൾ കൊണ്ട് ജനങ്ങൾക്കിടയിൽ ബഹുമതിയാഗ്രഹിക്കുക. ആദ്യത്തേതിനെക്കാൾ മോശമാണിത്. അറിവുകൊണ്ടും സത്കർമങ്ങൾ കൊണ്ടും അല്ലാഹുവിന്റെയടുക്കലുള്ള ഔന്നിത്യവും അനുഗ്രഹങ്ങളുമാണ് കൊതിക്കേണ്ടത്. “ആരെങ്കിലും ഐഹിക ലാഭങ്ങൾക്ക് വേണ്ടി ആത്മീയമായ അറിവു പഠിച്ചാൽ അന്ത്യനാളിൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ആസ്വദിക്കാൻ കഴിയില്ല.” (അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ).
ഉപകാരപ്രദമായ ആർത്തിയുമുണ്ട്. അല്ലാഹുവിന് വഴിപ്പെടുന്നതിലുള്ള ആർത്തിയാണത്. ഐഹികതയോടുള്ള ആർത്തി വിനാശകാരിയാണ്. അവർക്ക് ജീവിതത്തിൽ ഒരിക്കലും സന്തോഷവും സമാധാനവും ലഭിക്കില്ല. ആർത്തിയുടെ മറുമരുന്നും തിരുനബി(സ) പഠിപ്പിക്കുന്നുണ്ട്. അബൂദർ(റ) പറയുന്നു: “സാധുക്കളെയും ദരിദ്രരെയും സ്‌നേഹിക്കാനും സഹായിക്കാനും അവരോട് ചേർന്നു നിൽക്കാനും ഭൗതികതയിൽ താഴേ കിടയിലുള്ളവരിലേക്ക് നോക്കാനും തിരുനബി(സ) എന്നോട് വസ്വിയ്യത്ത് ചെയ്തു”
പരിശുദ്ധ റമസാൻ ഉദാരതയുടെയും ദാനധർമത്തിന്റെയും മാസമാണ്. ആർത്തിയെ കൈവെടിഞ്ഞ് ഖനാഅത്തിനെ മുറുകെ പിടിക്കാൻ നമുക്ക് കഴിയണം. പാവപ്പെട്ടവരെ സഹായിക്കാൻ സന്നദ്ധരാകണം. ആർത്തികളെല്ലാം അവസാനിക്കുന്ന നാളിൽ അതു മാത്രമാകും നമ്മുടെ സമ്പാദ്യം.
അബ്ദുന്നാസ്വിർ അഹ്‌സനി ഒളവട്ടൂർ


