Kerala
കള്ളവോട്ട്: മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
കണ്ണൂര്‍: കണ്ണൂരിലെ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം പോലീസ് കേസെടുത്തു. സി പി എം ഗ്രാമ പഞ്ചായത്ത് അംഗം എന്‍ പി സെലീന, കെ പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആള്‍മാറാട്ടമുള്‍പ്പടെയുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി.
ചെറുതാഴം പഞ്ചായത്തിലെ പിലാത്തറ എ യു പി സ്കൂളിലെ 19ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ കൂളിയാട് ഗവ. ഹൈസ്കൂള്‍ 48ാം ബൂത്ത് എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നതായി തിരഞ്ഞെടുപ്പു കമ്മീഷന് യു ഡി എഫ് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. ബൂത്തു മാറി വോട്ട് ചെയ്യുന്നതിന്റെയും ഒരേ ബൂത്തില്‍ ഒരേ ആള് തന്നെ വീണ്ടും വോട്ട് ചെയ്യുന്നതിന്റെയും മറ്റും ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
എന്നാല്‍, ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്നാണ് കേസില്‍ കുടുങ്ങിയവരുടെയും സി പി എമ്മിന്റെയും വിശദീകരണം.