Connect with us

Kerala

സ്വകാര്യ ബസില്‍ യാത്രക്കാരെ ആക്രമിച്ച സംഭവം: മൂന്ന്‌ പേര്‍ അറസ്റ്റില്‍; ബസ് പിടിച്ചെടുത്തു

Published

|

Last Updated

തിരുവനന്തപുരം: ബാംഗ്ലൂരിലേക്കുള്ള കല്ലട
ബസില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്ത രണ്ടു പേര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാരും മാനേജറുമുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന മരട് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി സംസ്ഥാന പോലീസ് മേധാവി സംസാരിച്ചു. ബസിന്റെ സര്‍വീസ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും. ബസ് കമ്പനിയുടെ ഉടമയെ സുരേഷ് കല്ലടയെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ ദക്ഷിണമേഖല എ ഡി ജി പി  മനോജ് എബ്രഹാമിന് നിര്‍ദേശം നല്‍കി. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ ഇന്നുതന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തും. ബസിലെ അനിഷ്ട സംഭവങ്ങള്‍ ഷൂട്ട് ചെയ്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ സംസ്ഥാന പോലീസ് മേധാവി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്കുള്ള കല്ലട
ബസ് കേടായതിനെ തുടര്‍ന്ന് വഴിയിലിട്ടത് ചോദ്യം ചെയ്ത യാത്രക്കാരെയാണ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.  ഇതോടെ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് മറ്റൊരു ബസില്‍ കൊച്ചിയിലെ വൈറ്റിലയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ചേര്‍ന്ന യാത്രക്കാരെ മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ പരുക്കേറ്റ തിരുവനന്തപുരം സ്വദേശി അജയ്ഘോഷ്, ഈറോഡിലെ വിദ്യാര്‍ഥികളായ ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍ തുടങ്ങിയവരെ ബസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. ബസില്‍ യാത്രക്കാരനായിരുന്ന ഫിലിപ്പ് ജേക്കബ് എന്നയാള്‍ ദൃശ്യങ്ങള്‍ ഫേസ് ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

അതേസമയം സംഭവത്തില്‍  വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സുരേഷ് കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ബുക്കിംഗ് ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരെ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു. സുരേഷ് കല്ലടയുടെ ബുക്കിംഗ് ഓഫീസുകളില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഇതിനിടെ കല്ലട ബസ് സര്‍വീസിനെതിരെ കൂടുതല്‍ പരാതികളുമായി ആളുകള്‍ രംഗത്തെത്തി. മായാ മാധാവന്‍ എന്ന സര്‍വകലാശാലാ അധ്യാപിക കല്ലട ബസ് സര്‍വീസില്‍ നിന്ന് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തി. രാത്രി മുഴുവന്‍ മകളോടൊപ്പം നടുറോഡില്‍ നിര്‍ത്തി, ബുക്കിംഗ് ഓഫീസില്‍ നിന്ന് ഇറക്കിവിട്ടു, മോശമായി പെരുമാറി എന്നിങ്ങനെയാണ് മായാ മാധവന്റെ പരാതി.

Latest