Connect with us

National

ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ അനന്ത്പൂരിലെ വിരാപുരത്ത് വോട്ടെടുപ്പിനിടെയുണ്ടായ കല്ലേറില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടി ഡി പി, വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിലെ വിവിധയിടങ്ങളില്‍ വ്യാപകമായ കല്ലേറുണ്ടായി. നിരവധി പേര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ച മേഖലയായ അനന്ത്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന സമയത്തു തന്നെ ഇരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. വോട്ടിംഗ് യന്ത്രം തകരാറായതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് നിരവധിയിടങ്ങളില്‍ പോളിംഗ് തടസ്സപ്പെട്ടു.
ഗുണ്ടൂരില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേല്‍ക്കുകയും ടി ഡി പി പോളിംഗ് ബൂത്ത് തകര്‍ക്കുകയും ചെയ്തു. പശ്ചിമ ഗോദാവരിയിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്.

അനന്ത്പൂര്‍ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ ജനസേനാ സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം എറിഞ്ഞു തകര്‍ത്തു. വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. സത്തേന്‍പല്ലേ മണ്ഡലത്തില്‍ വൈ എസ് ആര്‍ സി പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനിടെ നിയമസഭാ സ്പീക്കര്‍ കൊദേല ശിവപ്രസാദ് റാവുവിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.