Connect with us

Kerala

മാണിസാറിന് യാത്രാമൊഴിയേകി കേരളം; ഒരു നോക്ക് കാണാൻ ആയിരങ്ങൾ

Published

|

Last Updated

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ കടുത്തുരുത്തിയിലെത്തി കെ എം മാണിക്ക് അന്തിമോപചാരമർപ്പിക്കുന്നു

കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ എം മാണിക്ക് അന്തിമോപചാരമര്‍പ്പിച്ച് കേരളം. എറണാകുളത്ത് നിന്നും മൃതദേഹം വഹിച്ചുകൊണ്ട് പ്രത്യേകം തയ്യാറാക്കിയ വാഹനം രാത്രി പതിനൊന്നരയോടെ മാത്രമേ കോട്ടയത്തെത്തുകയുള്ളൂ. കോട്ടയത്ത് പാര്‍ട്ടി ഓഫിസില്‍ ഉച്ചക്ക് 12 ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വഴിയോരങ്ങളില്‍ മാണി സാറിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ എത്തിയതിനാല്‍ മണിക്കൂറുകള്‍ വൈകുകയായിരുന്നു. കോട്ടയത്തെ തിരുനക്കര മൈതാനിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുക. രാവിലെ 10 മണി മുതല്‍ തിരുനക്കര മൈതാനത്ത് ഒരുക്കിയ പന്തലില്‍ വിവിധ ദേശത്തുനിന്ന് എത്തിയ ജനങ്ങളും കോട്ടയത്തെ പൊതുപ്രവര്‍ത്തകരും കെ എം മാണിയുടെ ഭൗതിക ശരീരത്തിനായി കാത്തിരിക്കുകയാണ്.

ആയിരങ്ങളാണ് കെ എം മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനത്തിന് കോട്ടയത്തേക്കുള്ള യാത്രയില്‍ ആദരാജഞ്‌ലി അര്‍പ്പിക്കാന്‍ പാതയോരങ്ങളില്‍ കാത്തുനിന്നത്. പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും പാതയോരങ്ങളില്‍ മണിക്കൂറുകളോളം കാത്തുനിന്നാണ് പ്രിയനേതാവിനെ അവസാനമായി കണ്ടത്. നെട്ടൂര്‍, തൃപ്പൂണിത്തുറ, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.

പൂച്ചെണ്ടുകളുമായാണ് ജനങ്ങള്‍ മാണിസാറിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനിന്നത്. വൈക്കത്തെത്തിയ വിലാപ യാത്രയില്‍ മാണിയെ ഒരു നോക്കുകാണാന്‍ നിരവധിയാളുകളാണ് എത്തിയത്. രാഷ്ട്രീയത്തിന് അതീതമായി വികാരഭരിതരായാണ് ജനങ്ങള്‍ വാഹനവ്യൂഹത്തിനുവേണ്ടി കാത്തിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് പാലായിലെ വീട്ടില്‍ ശുശ്രൂഷകള്‍ നടക്കും. പൂര്‍ണഔദ്യോഗിക ബഹുമതികളോടെ 3ന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാരം.

വിവിധ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും മറ്റും വേദിയായ പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാടിന്റെ മുറ്റത്തും പ്രിയ നേതാവിനെ കാണാന്‍ നൂറുക്കണക്കിന് പേര്‍ രാവിലെ മുതല്‍ കാത്ത് നില്‍ക്കുന്നുണ്ട്.