Connect with us

National

പാര്‍ട്ടിയുടെ ഔദ്യോഗിക പേജുകളൊന്നും ഫേസ് ബുക്ക് നീക്കം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജുകളൊന്നും ഫേസ് ബുക്ക് നീക്കം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിയുടെ ട്വീറ്റ്. കോണ്‍ഗ്രസിന്റെ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുള്ള പേജുകളും നീക്കം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുന്ന തരത്തിലുള്ള 687 പേജുകള്‍ നീക്കം ചെയ്തുവെന്ന ഫേസ്ബുക്കിന്റെ പ്രസ്താവനക്ക് വിശദീകരണവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെത് എന്ന പേരില്‍ നീക്കം ചെയ്തതായി പറയുന്ന പേജുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ഫേസ് ബുക്ക് അധികൃതരില്‍ നിന്ന് ലഭിക്കേണ്ടതുണ്ടെന്ന് ട്വീറ്റില്‍ പറഞ്ഞു. ഇതിന്റെ യഥാര്‍ഥ വസ്തുത അറിയണമെന്ന് പാര്‍ട്ടി നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫേസ്ബുക്ക് നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പേജുകള്‍ നീക്കം ചെയ്തത്. കോണ്‍ഗ്രസിന്റെ ഐ ടി സെല്ലിനു കീഴിലുള്ളതാണ് ഒഴിവാക്കപ്പെട്ട പേജുകള്‍ എന്നാണ് ഫേസ്ബുക്ക് അധികൃതര്‍ നല്‍കിയ വിശദീകരണം.

Latest