Connect with us

Kerala

തൃശൂരില്‍ ബിജെപിയുടെ പ്രചാരണം ത്രിശങ്കുവില്‍

Published

|

Last Updated

തൃശൂര്‍:  ഏറ്റവുമൊടുവില്‍ ഇന്നലെ അന്തിമ തീരുമാനമാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും തൃശൂരും വയനാടും ഒഴിച്ചിട്ടായിരുന്നു ബി ഡി ജെ എസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.

സംസ്ഥാനത്ത് തങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള അഞ്ച് മണ്ഡലങ്ങളില്‍ ഒന്നായാണ് തൃശൂരിനെ ബി ജെ പി വിലയിരുത്തുന്നത്. അത്‌കൊണ്ട് തന്നെ ഇവിടെ മത്സരം കാഴ്ച വെക്കാനുള്ള ഒരുക്കങ്ങള്‍ ബി ജെ പി നേരത്തെ തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ ബി ഡി ജെ എസിന് സീറ്റ് വിട്ട് നല്‍കിയതും സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതും എന്‍ ഡി എക്ക് തിരിച്ചടിയായിരിക്കുകയാണെന്നാണ് ബി ജെ പി നേതാക്കളുടെ പരാതി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തങ്ങളുടെ സിറ്റിംഗ് സീറ്റായ തൃശൂരില്‍ പ്രചാരണത്തിനിറങ്ങിയ എല്‍ ഡി എഫും നഷ്ടപ്പെട്ട സീറ്റ് പിടിച്ചെടുക്കാന്‍ അല്‍പ്പം വൈകിയാണെങ്കിലും ജില്ലാ അധ്യക്ഷനെ തന്നെ സ്ഥാനാര്‍ഥിയാക്കി ഇറങ്ങിയ യു ഡി എഫും പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ നോക്കി നില്‍ക്കുകയാണ് ബി ജെ പിയിപ്പോള്‍.

സി പി ഐ യിലെ രാജാജി മാത്യൂ തോമസും കോണ്‍ഗ്രസിലെ ടി എന്‍ പ്രതാപനുമാണ് മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ഥികള്‍. എന്‍ ഡി എ സ്ഥാനാര്‍ഥിയായി കരുത്തനെ തന്നെ ഇറക്കാന്‍ തീരുമാനിക്കുകയും ബി ജെ പി യില്‍ നിന്നുള്ള കെ സുരേന്ദ്രന്റെയും ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്ത തൃശൂര്‍ മണ്ഡലത്തില്‍ ബി ജെ പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോഴും ആശങ്കകള്‍ ഒഴിവായിരുന്നില്ല. മുന്നണിയില്‍ തൃശൂര്‍ സീറ്റിനുള്ള കടിപിടി മൂര്‍ച്ഛിച്ചതായിരുന്നു കാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സുപരിചിതനല്ലാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടും ഒരു ലക്ഷത്തിലധികം വോട്ട് ലഭിച്ച തൃശൂരില്‍ ഇത്തവണ കരുത്ത് തെളിയിക്കാനുള്ള പുറപ്പാടിലായിരുന്നു ബി ജെ പി. 2014ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്ഥാനാര്‍ഥിയായ കെ പി ശ്രീശന്‍ നേടിയത് 1, 02,681 വോട്ടാണ്. പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നഗരസഭയിലെ ഏതാനും കൗണ്‍സിലുകളിലുള്‍പ്പെടെ ബി ജെ പിക്ക് വിജയിക്കാനായതും പ്രതീക്ഷകളുയര്‍ത്തി.

മണ്ഡലത്തിലെ വിജയ പരാജയങ്ങള്‍ വിലയിരുത്തുന്നതില്‍ വോട്ട് ബേങ്കുകളാകാറുള്ള ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധം പുലര്‍ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ പങ്കെടുപ്പിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിച്ചും സംഘ്പരിവാര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തൃശൂര്‍ മണ്ഡലത്തിലെ സ്വാധീനമുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനാല്‍ തന്നെ തൃശൂര്‍ സീറ്റ് ബി ജെ പിക്ക് തന്നെ വേണമെന്നും സംസ്ഥാന ജന. സെക്രട്ടറി കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകണമെന്നുമാണ് ബി ജെ പി ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും നേരത്തെയെടുത്ത തീരുമാനം. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ഘട്ടമെന്ന നിലയില്‍ നടത്തിയ കുടുംബ സംഗമങ്ങളിലെല്ലാം കെ സുരേന്ദ്രനെ പങ്കെടുപ്പിക്കുകയും ഔദ്യോഗികമായല്ലെങ്കിലും അടുത്ത സ്ഥാനാര്‍ഥിയെന്നുള്ള തരത്തില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. ഇടത് -വലത് മുന്നണികള്‍ പ്രചാരണം തുടങ്ങിയപ്പോള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും താമര ചിഹ്നത്തില്‍ ചുമരെഴുത്തുകളും മണ്ഡലത്തില്‍ നടത്തി.

എന്നാല്‍ ബി ഡി ജെ എസിനും കൂടുതല്‍ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന തൃശൂര്‍ മണ്ഡലത്തിനായി ദേശീയ തലത്തില്‍ തന്നെ ഇടപെടലുകള്‍ നടത്തി തുഷാര്‍ വെള്ളാപ്പള്ളിയും കരുനീക്കം തുടങ്ങിയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ മാത്രം തൃശൂര്‍ സീറ്റ് നല്‍കാമെന്നായിരുന്നു ബി ജെ പി മുന്നോട്ടു വെച്ച നിര്‍ദേശം. എന്‍ ഡി എ യുടെ ആദ്യ സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്ത് വിട്ടപ്പോള്‍ തൃശൂര്‍ സീറ്റ് ബി ഡി ജെ എസിനായി ഒഴിച്ചിട്ടപ്പോഴും ബി ജെ പി വെച്ചു പുലര്‍ത്തിയ നേരിയ പ്രതീക്ഷ കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് അസ്തമിച്ചത്. ഇതോടെ വരച്ചുവെച്ച താമര ചിഹ്നം മായ്‌ക്കേണ്ട ഗതികേടിലായി ബി ജെ പി പ്രവര്‍ത്തകര്‍. തൊട്ടു പിന്നാലെ തുഷാര്‍ വെള്ളാപ്പള്ളിയെ സ്വാഗതം ചെയ്തുള്ള പോസ്റ്ററുകളും രംഗത്തു വന്നു. ആവേശത്തിന് മങ്ങലേറ്റെങ്കിലും താമര ചിഹ്നം മായ്ച്ച് ചുമരെഴുത്തില്‍ കുടം വരക്കാനും സ്ഥാനാര്‍ഥിയുടെ പേരെഴുതി പ്രചാരണത്തിനിറങ്ങാനും ബി ഡി ജെ സിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനവും കാത്തുനില്‍ക്കുകയായിരുന്നു ബി ജെപി.

ഇതിനിടെയാണ് വി ഐ പി യോട് ഏറ്റുമുട്ടാനുള്ള മോഹവുമായി ചിലപ്പോള്‍ താന്‍ വയനാട് മത്സരിച്ചേക്കുമെന്ന് പറഞ്ഞ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍, വയനാട് സീറ്റുകള്‍ ഒഴിച്ചിട്ടത് ബി ജെ പി ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കയാണ്.

Latest