Connect with us

Malappuram

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് പരിശീലനം; പദ്ധതി തുടങ്ങി

Published

|

Last Updated

രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സ്പീക്കര്‍
പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കുന്നു

മലപ്പുറം: സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം എന്നിവ ബാധിച്ചവരുടെ രക്ഷിതാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ആദ്യം ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതി മറ്റു ജില്ലകളിലും നടപ്പാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവ് കണ്ടെത്താന്‍ സമൂഹം കൂടെ നില്‍ക്കണമെന്നും അവര്‍ക്ക് രക്ഷിതാക്കള്‍ ധൈര്യം പകരണമെന്നും അദ്ദേഹം പറഞ്ഞു. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു.

ഭിന്നശേഷിക്കാരെ പരിചരിക്കുന്നതിലും തെറാപ്പി പ്രവര്‍ത്തനങ്ങളിലും രക്ഷിതാക്കള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കികൊണ്ട് രക്ഷിതാക്കളെ തന്നെ അവരുടെ പരിശീലകരായി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റാന്‍ സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച “അനുയാത്ര” പദ്ധതിയുടെ ഭാഗമായാണ് പരിശീലനമൊരുക്കിയിട്ടുള്ളത്. 50 രക്ഷിതാക്കളടങ്ങുന്ന 70 സംഘങ്ങളിലായി 3500 പേര്‍ക്കാണ് ജില്ലയില്‍ പരിശീലനം നല്‍കുന്നത്. ഫിസിയോ, സ്പീച്ച്, സൈക്കോ തെറാപ്പികളില്‍ പരിശീലനം നല്‍കും. പരിശീലനത്തിനായി തയ്യാറാക്കിയ പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് അംഗം ടി കെ റശീദലി, മൃദുല്‍ ഈപ്പന്‍, കെ കൃഷ്ണ മൂര്‍ത്തി, എസ് സഹീറുദ്ദീന്‍, പി കൃഷ്ണന്‍ സംസാരിച്ചു.

Latest