Connect with us

Kerala

കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍: അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കു ജാമ്യം

Published

|

Last Updated

മലപ്പുറം: കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പതിച്ച കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കു മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികളായ മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി റിന്‍ഷാദ് (20), മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി ഫാരിസ് (19) എന്നിവര്‍ക്കാണ് കോടതി ജില്ല വിട്ട് പുറത്തു പോകരുതെന്നുള്‍പ്പടെയുള്ള ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞയാഴ്ചയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. റാഡിക്കല്‍ സ്റ്റുഡന്‍സ് ഫോറം എന്ന പേരില്‍ ഫ്രീഡം ഫോര്‍ ഫലസ്തീന്‍, കശ്മീര്‍, മണിപ്പൂര്‍ എന്ന് എഴുതിയ പോസ്റ്റര്‍ കോളജില്‍ പതിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.

പ്രത്യക്ഷ പങ്കില്ലാത്ത വിഷയങ്ങളില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതികള്‍ക്ക് വിദ്യാര്‍ഥികളെന്ന പരിഗണന നല്‍കണമെന്നും റിന്‍ഷാദിന് വേണ്ടി ഹാജരായ അഡ്വ. എ എ റഹീം വാദിച്ചു. പോസ്റ്റര്‍ ഒട്ടിക്കാന്‍ സഹായിച്ചുവെന്നതാണ് ഫാരിസിനെതിരെ ആരോപിതമായ കുറ്റം.

Latest