Connect with us

Ongoing News

കരപറ്റാൻ ഇത്തവണയും കരുത്തരിറങ്ങും

Published

|

Last Updated

കരുത്തന്മാർ അരങ്ങേറ്റം കുറിക്കുകയും ചുവടുറപ്പിക്കുകയും ചെയ്ത മണ്ഡലമാണ് മാവേലിക്കര. മൂന്ന് ജില്ലകളുടെ സംഗമവേദി. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകൾ അതിരിടുന്ന മാവേലിക്കര മണ്ഡലം ഏറെ വിവാദങ്ങൾക്കിടയാക്കിയ ശബരിമല യുവതീ പ്രവേശ വിഷയം ഏറെ ചർച്ച ചെയ്യപ്പെടുന്ന പ്രദേശം കൂടിയാണ്. 1962ലാണ് മാവേലിക്കര മണ്ഡലം നിലവിൽ വരുന്നത്.

അതുവരെ തിരുവല്ലയുടെ ഭാഗമായിരുന്നു. സംവരണ മണ്ഡലമായ ശേഷമുള്ള മൂന്നാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. പഴയതും പുതിയതുമായ മണ്ഡലത്തിൽ മാവേലിക്കരയിൽ നിന്ന് കരപറ്റിയത് അധികവും യു ഡി എഫാണ്.

മാവേലിക്കര മണ്ഡലം നിലവിൽ വന്ന ശേഷം നടന്ന 11 തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമാണ് ഇടതിനൊപ്പം നിന്നത്. 2009ലെ തിരഞ്ഞെടുപ്പോടെ സംവരണ മണ്ഡലമായി. അടൂരിനൊപ്പമുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളെ കൂടി ഉൾപ്പെടുത്തി മാവേലിക്കരയെ പുനഃക്രമീകരിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട്, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം. സംവരണ മണ്ഡലമായ ശേഷം ഇവിടെ നിന്ന് തുടർച്ചയായി രണ്ട് തവണയും ജയിച്ചത് കൊടിക്കുന്നിൽ സുരേഷാണ്. പന്തളം സുധാകരനടക്കം പലരുടെയും പേരുകൾ മാവേലിക്കരയുമായി ചേർത്ത് പറയുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ കൊടിക്കുന്നിലിന് തന്നെയായിരിക്കും നറുക്ക് വീഴുക.
എൻ എസ് എസ് ആസ്ഥാനമായ പെരുന്ന ഉൾപ്പെട്ട ചങ്ങനാശ്ശേരിയും പി ഡി പി ചെയർമാർ അബ്ദുന്നാസിർ മഅ്ദനിയുടെ കുടുംബവീട് നിലനിൽക്കുന്ന ശാസ്താംകോട്ട ഉൾപ്പെട്ട കുന്നത്തൂരും രണ്ട് ക്രൈസ്തവ സഭകളുടെ ആസ്ഥാനമായ മാവേലിക്കരയുമൊക്കെ ഉൾപ്പെട്ട മാവേലിക്കരയുടെ വിധി നിർണയിക്കുന്നതിൽ സാമുദായിക ശക്തികൾക്ക് പ്രധാന പങ്കാണുള്ളത്. ശബരിമല ഇടത്താവളമായ ചെങ്ങന്നൂരുൾപ്പെട്ട മണ്ഡലമായതിനാൽ തന്നെ, അടുത്തിടെയുണ്ടായ ശബരിമല യുവതീ പ്രവേശ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളായിരിക്കും മാവേലിക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിറഞ്ഞുനിൽക്കുക. കഴിഞ്ഞ വർഷം നടന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന സർക്കാർ ഇവിടെ പ്രഖ്യാപിച്ച കോടികളുടെ പദ്ധതിയിൽ പ്രധാനം ശബരിമല ഇടത്താവള വികസനവുമായി ബന്ധപ്പെട്ടതായിരുന്നു.
നായർ സമുദായത്തിന് ഇവിടെ നിർണായക സ്വാധീനമുണ്ട്. എൻ എസ് എസ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടിനെതിരിൽ നിലകൊള്ളുന്ന ആർ ബാലകൃഷ്ണ പിള്ളയുടെയും മകൻ കെ ബി ഗണേഷ്‌കുമാറിന്റെയുമൊക്കെ തട്ടകങ്ങളായ കൊട്ടാരക്കരയും പത്തനാപുരവുമൊക്കെ ഉൾക്കൊള്ളുന്ന മാവേലിക്കരയിൽ എൻ എസ് എസ് സമദൂര നിലപാട് തിരുത്തിയാലും ഇടതുപക്ഷത്തിന് കാര്യമായ തിരിച്ചടിയുണ്ടായേക്കില്ലെന്നാണ് വിലയിരുത്തൽ.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ അട്ടിമറി വിജയവും ശബരിമല വിഷയത്തിന് ശേഷം നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിനുണ്ടായ തിരിച്ചടിയുമൊക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.
മാവേലിക്കരയിലെ ഇടത് സ്ഥാനാർഥി ആരായിരിക്കുമെന്ന കാര്യത്തിൽ ഇനിയും ചർച്ചകൾ നടക്കുന്നേയുള്ളൂ. കഴിഞ്ഞ തവണ ചെങ്ങറ സുരേന്ദ്രനായിരുന്നു കൊടിക്കുന്നിലിന്റെ എതിരാളി. ഇക്കുറിയും ചെങ്ങറക്ക് തന്നെയായിരിക്കും നറുക്ക് വീഴുക. എ ഐ വൈ എഫ് നേതാവായ അഭിഭാഷകന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച ചെങ്ങറയെ തന്നെ ഒരിക്കൽ കൂടി മത്സരിപ്പിക്കണമെന്ന പൊതുവികാരമാണ് മണ്ഡലത്തിലെ സി പി ഐ നേതൃത്വത്തിനുള്ളത്. എൻ ഡി എ സ്ഥാനാർഥി ബി ജെ പിയിലെ പി എം വേലായുധൻ തന്നെയായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പി എം വേലായുധൻ തന്നെയായിരുന്ന മത്സരരംഗത്ത്.

മാവേലിക്കര ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിനായിരുന്നു മേൽക്കൈ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പകുതിയിലധികം മണ്ഡലങ്ങളിലും ഇടതുപക്ഷം വെന്നിക്കൊടി പാറിച്ചു. ശബരിമല വിഷയത്തിൽ വിശ്വാസികൾ ബഹുഭൂരിപക്ഷം തങ്ങൾക്കൊപ്പമാകുമെന്ന ബി ജെ പിയുടെ ആത്മവിശ്വാസം വോട്ടായി മാറുന്ന പക്ഷം, അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.

Latest