Connect with us

National

മോദിക്ക് മൂന്ന് കിലോ ബീഫ് കണ്ടെത്താനാകും, എന്നാല്‍, 350 കിലോ ആര്‍ഡിഎക്‌സ് കണ്ടെത്താനാകില്ല; വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

Published

|

Last Updated

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായ ഹാറൂണ്‍ യൂസുഫ് ആണ് മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്ന് കിലോ ബീഫ് കണ്ടെത്താനാകും എന്നാല്‍ 350 കിലോ ആര്‍ഡിഎക്‌സ് കണ്ടെത്താനാകില്ല എന്നായിരുന്നു യൂസുഫിന്റെ ട്വീറ്റ്. അതേസമയം, യൂസുഫിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. യൂസഫിന്റെ പ്രസ്താവന അപകീര്‍ത്തിപരവും നിരുത്തരവാദപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരാക്രമണത്തില്‍ സംശയംപ്രകടിപ്പിച്ച് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ഇന്നലെ രംഗത്തെത്തിയിരുന്നു. ആര്‍ഡിഎക്‌സും റോക്കറ്റ് ലോഞ്ചറുമായി തീവ്രവാദികള്‍ എങ്ങനെ എത്താനായി, കനത്ത സുരക്ഷയുള്ള ദേശീയ പാതയില്‍ ബോംബ് നിറച്ച വാഹനം എങ്ങനെ എത്തിയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

മോശം കാലാവസ്ഥയില്‍ കുടുങ്ങിക്കിടന്ന ജവാന്മാരെ എന്തുകൊണ്ട് വിമാനമാര്‍ഗം എത്തിച്ചില്ല, ഭീകരാക്രമണത്തിന് മുമ്പ് ഇറങ്ങിയ ജെയ്‌ഷെ മുഹമ്മദിന്റെ വീഡിയോകള്‍ സര്‍ക്കാര്‍ അവഗണിച്ചതുകൊണ്ടാണ് വലിയൊരു ദുരന്തത്തിന് രാജ്യം സാക്ഷിയാകേണ്ടി വന്നതെന്നും സുര്‍ജേവാല പറഞ്ഞു.

Latest