Connect with us

Articles

അബുൽകലാം ആസാദ് , മതേതരത്വത്തിന്റെ കാവൽക്കാരൻ

Published

|

Last Updated

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളിൽ അവഗണിക്കപ്പെടാനാവാത്ത സാന്നിധ്യമാണ് മൗലാനാ അബുൽകലാം ആസാദിന്റേത്. ദേശീയ വക്താവ്, വിപ്ലവകാരി, വിദ്യാഭ്യാസ വിചക്ഷണൻ, മാധ്യമ പ്രവർത്തകൻ, രാഷ്ട്രീയ നേതാവ് തുടങ്ങിയ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രി സഭാംഗമായിരുന്നു അദ്ദേഹം.

1881 നവംബർ 11ന് മക്കയിലായിരുന്നു ജനനം. യഥാർഥ പേര് സയ്യിദ് ഗുലാം മുഹ്‌യിദ്ദീൻ അഹ്മദ് ഖൈറുദ്ദീൻ അൽ ഹുസൈനി എന്നായിരുന്നു. പക്ഷേ, മൗലാനാ അബുൽ കലാം ആസാദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.

അഫ്ഗാനിസ്ഥാനിലെ ഹെരാട്ടിയിലെ പണ്ഡിത കുടുംബത്തിൽ നിന്നും കുടിയേറിയവരാണ് ആസാദിന്റെ കുടുംബം. മുഗൾ ചക്രവർത്തിമാരിൽ പ്രധാനിയായിരുന്ന ബാബറിന്റെ കാലത്താണ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലെത്തുന്നത്. പിതാവ് ഖൈറുദ്ദീൻ അഗാധ പണ്ഡിതനായിരുന്നു. ജനങ്ങൾക്ക് അവിടുന്ന് അറിവ് പകർന്നു നൽകി. രണ്ട് ഡസൻ ഗ്രന്ഥങ്ങൾ അദ്ദേഹത്തിൽ നിന്നും വിരചിതമായിട്ടുണ്ട്. ശിപായി ലഹളക്കാലത്ത് ഡൽഹിയിൽ നിന്ന് അദ്ദേഹം മക്കയിലേക്ക് താമസം മാറി. അവിടെവെച്ചാണ് ആസാദ് പിറവികൊള്ളുന്നത്. മാതാവായ അലീന, ശൈഖ് മുഹമ്മദ് ബിൻ സാഫിർ അൽ വാത്രിയുടെ മകളായ അറേബ്യൻ വനിതയായിരുന്നു. പതിനഞ്ചാം വയസ്സിൽ ആസാദ് വിവാഹിതനായി. 32 വയസ്സുള്ള സുലൈഖ ബീഗമായിരുന്നു പ്രിയ പത്‌നി.

1890ൽ മക്കയിൽ നിന്നും ആസാദ് തന്റെ കുടുംബത്തോടൊപ്പം കൊൽക്കത്തയിൽ തിരിച്ചെത്തി. അവിടെ അദ്ദേഹം ജ്ഞാന സമ്പാദനത്തിലായി ചെലവഴിച്ചു. പ്രാഥമിക വിദ്യാഭ്യാസം നുകർന്നത് പിതാവിൽ നിന്നായിരുന്നു. തുടർന്ന് വീടിനടുത്തുള്ള പള്ളിയിലെ മതപണ്ഡിതന്മാരിൽ നിന്ന് അറിവ് സമ്പാദിച്ചു. അറബി, ഉറുദു, പേർഷ്യൻ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ കുറഞ്ഞ കാലത്തിനുള്ളിൽ സ്വായത്തമാക്കി. ഗണിത ശാസ്ത്രം, ശാസ്ത്രം, ജ്യോതി ശാസ്ത്രം, ലോക ചരിത്രം, ഹോമിയോപ്പതി എന്നിവയും പഠിച്ചെടുത്തു. അദ്ദേഹത്തെ പഠിപ്പിക്കാനായി അധ്യാപകരെ പണം കൊടുത്ത് നിർത്തിയിരുന്നു. ഇസ്ലാമിക കർമശാസ്ത്രത്തിലെ നാല് മദ്ഹബുകളും അദ്ദേഹത്തിന് വശമായിരുന്നു. ജ്ഞാന സമ്പാദനത്തോടുള്ള അതീവ താത്പര്യം മൂലം പതിനാറാം വയസ്സിൽ തന്നെ അദ്ദേഹം നിസാമി കോഴ്‌സ് പൂർത്തിയാക്കി, പഠനകാലത്ത് നിരവധി സംവാദങ്ങളും മറ്റും അദ്ദേഹം നടത്തിയിരുന്നതായി ചരിത്രത്താളുകളിൽ ദർശിക്കാം.
ചെറുപ്രായത്തിൽ തന്നെ ആസാദ് കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. നിരവധി ഗസലുകൾക്കും അദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളെ ബ്രിട്ടീഷുകാർ ഭീതിയോടെ ആയിരുന്നു കണ്ടിരുന്നത്. ആസാദാ എന്ന തൂലികാ നാമം ആയിരുന്നു അദ്ദേഹത്തിന്റെ രചനകളിൽ ഉപയോഗിച്ചിരുന്നത്. 1912ൽ സ്വന്തമായി പ്രസ്സ് വാങ്ങിയ ആസാദ് അതേ വർഷം ജൂണിൽ അൽ ഹിലാൽ എന്ന പേരിൽ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം ആരംഭിച്ചു. ഭാരതത്തെ സ്വതന്ത്രമാക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന രചനകളും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള തുറന്ന എഴുത്തും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തിന് തടയിടാൻ കാരണമായി. തുടർന്ന് അൽ ബലാഗ് എന്ന പേരിൽ പത്രപ്രസിദ്ധീകരണം ആരംഭിച്ചു. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. തർജുമാനുൽ ഖുർആൻ, ഗുബാർ – ഇ – ഖാത്തിർ (ഉറുദുവിലെ കത്തുകളുടെ സമാഹാരം), ഇന്ത്യ വിൻസ് ഫ്രീഡം (ആത്മകഥ) എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.
പഠനം കഴിഞ്ഞതോടെ രചനകളിലും മാധ്യമ പ്രവർത്തനത്തിലുമായി കഴിഞ്ഞിരുന്ന അദ്ദേഹം തുർക്കിയുടെ പരിഷ്‌കർത്താവായ മുസ്തഫ കമാൽ പാഷയുടെ അനുയായികളുമായി ബന്ധം പുലർത്തി. അവിടത്തെ പ്രസാധകരുമായും യങ് തുർക്കിസ് പ്രസ്ഥാനത്തോടും അദ്ദേഹം അനുഭാവം പുലർത്തുകയും ചെയ്തു. ഇതിനിടക്ക് സിറിയ, ഈജിപ്ത തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. പ്രമുഖ ഹിന്ദു വിപ്ലവകാരികളായിരുന്ന അരബിേന്ദാ ഘോഷ്, ശ്യാം സുന്ദർ ചക്രവർത്തി എന്നിവരുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തി. അതേ സമയം അദ്ദേഹത്തെ കൊണ്ട് പൊറുതിമുട്ടിയ ബ്രിട്ടീഷ് ഗവൺമെൻറ് ആസാദിനെ 1916 ല്‍ നാടുകടത്തി.

1920ൽ മഹാത്മാഗാന്ധിയെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് ദേശീയ പ്രസ്ഥാനത്തിൽ അംഗമായ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിലും പ്രധാന കണ്ണിയായി വർത്തിച്ചു. ഇത് സർക്കാറിനെ വീണ്ടും പ്രകോപിപ്പിക്കുകയും 1921 ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
ഇക്കാലത്ത് മുഹമ്മദലി ജിന്നയെ പോലുള്ള തീവ്ര വർഗീയ ചിന്താഗതിക്കാരെ അദ്ദേഹം കണിശമായി എതിർത്തിരുന്നു. ഗാന്ധിജിയുമായി നല്ല ഹൃദയ ബന്ധം കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന്റെ നയങ്ങളോട് മറ്റുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ പോലും അനുഭാവം പുലർത്തി.

1923 സെപ്തംബറിൽ ഡൽഹിയിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ അദ്ദേഹം ആധ്യക്ഷ്യം വഹിച്ചു. 35ന്റെ നിറവിലായിരുന്നു ഈ ധന്യമുഹൂർത്തം. അങ്ങനെ ആസാദ് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണത്തിന് അർഹനായി. 1930 മുതൽ ഉപ്പു നിയമം ലംഘിച്ചതിന് അറസ്റ്റിലായ അദ്ദേഹം ഒന്നരവർഷം മീററ്റിൽ ജയിൽശിക്ഷ അനുഭവിച്ചു. ഈ കാലത്ത് ഖിലാഫത്ത് പ്രസ്ഥാന നേതാക്കളിൽ ഒരാളായിരുന്നു ആസാദ്. 1940-ൽ രാംഗഢ് കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷനായ അദ്ദേഹം 1946 വരെ ആ പദവിയിൽ തുടരുകയും ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റ് ആയ വ്യക്തി എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു. 1942 ൽ ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് വീണ്ടും അറസ്റ്റ് വരിച്ച അദ്ദേഹം മൂന്ന് വർഷത്തിനു ശേഷമാണ് ജയിൽമോചിതനായത്. ഭാര്യ സുലൈഖ ബീഗം മരിക്കുമ്പോൾ ആസാദ് ജയിലിലായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് ബ്രിട്ടീഷ് ക്യാബിനറ്റ് മിഷനുമായി കോൺഗ്രസ് നടത്തിയ കൂടിയാലോചനകളിൽ നേതൃത്വം വഹിച്ചത് ആസാദായിരുന്നു. ഗാന്ധിജിയുടെ അഭിപ്രായത്തോട് ഇതര കോൺഗ്രസ് നേതാക്കന്മാർ വിയോജിച്ചപ്പോൾ പോലും ഗാന്ധിജിയുടെ പക്ഷക്കാരനായി നിലകൊണ്ടു. എങ്കിലും തന്റെ ആത്മകഥയിൽ പലയിടത്തും അദ്ദേഹം ഗാന്ധിജിയെ വിമർശിക്കുന്നുണ്ട്.
രാജ്യത്തെ ജനങ്ങൾ മതത്തിന്റെ പേരിൽ കലഹിക്കുന്നതിനോടോ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതിനോടോ അദ്ദേഹം യോജിച്ചിരുന്നില്ല. ജനങ്ങൾക്കിടയിൽ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ മഹാത്മാഗാന്ധിയോടൊപ്പം കഠിന പ്രയത്‌നം നടത്തിയ ഒരാളായിരുന്നു അദ്ദേഹം.

1946 ജൂൺ 16ന് മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ഇന്ത്യ-പാക് വിഭജനം എന്ന ആശയത്തെ എതിർക്കുകയും പ്രവിശ്യകൾക്ക് സ്വയംഭരണം നൽകണമെന്ന തീരുമാനത്തെ അദ്ദേഹം അനുകൂലിക്കുകയും ചെയ്തു. വിഭജനകാലത്ത് വർഗീയ സംഘട്ടനങ്ങൾ ഇല്ലാതാക്കാൻ ഡൽഹിയിലും മറ്റും ഗാന്ധിജിയോടൊന്നിച്ച് പ്രപ്രവർത്തിച്ചു.

ഇന്ത്യ കൊളോണിയലിസത്തിൽ നിന്നും മുക്തമാകുന്നതിന് മുമ്പ് 1945 സെപ്തംബറിൽ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇടക്കാല ഗവൺമെന്റിൽ ചേരാൻ ഗാന്ധിജി നിർബന്ധിച്ചെങ്കിലും അവിടുന്ന് ഒഴിഞ്ഞുമാറുകയും പകരം ആസിഫ് അലിയെ നിർദേശിക്കുകയുമായിരുന്നു. 1947ൽ സ്വതന്ത്രമായ ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിൽ വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം എന്നീ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ജിന്നയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യാ വിഭജനം കണ്ട് വൃണിത ഹൃദയവുമായിട്ടായിരുന്നു ആ യോദ്ധാവ് മന്ത്രി പദവിയിലെത്തിയത്. പാക്കിസ്ഥാന് വേണ്ടിയുള്ള ജിന്നയുടെ ഡയറക്ട് ആക്ഷൻ സമരം ഇന്ത്യയൊട്ടാകെ വർഗീയ കലാപം ആളിക്കത്തിച്ചപ്പോൾ ബംഗാൾ മുതൽ ബിഹാർ വരെ സഞ്ചരിച്ച് മനുഷ്യ മനസ്സുകളിൽ സൗഹൃദത്തെ തിരിച്ചു കൊണ്ടുവരാൻ കഠിന പ്രയത്‌നം ചെയ്തവരാണ് ആസാദ്. ഒടുവിൽ പാക്കിസ്ഥാൻ എന്ന രാജ്യം രൂപീകരിക്കപ്പെട്ടപ്പോൾ ഭാവിയിൽ വീണ്ടും വിഭജിക്കപ്പെടുമെന്നും പട്ടാള ഭരണത്തിന് കീഴിൽ വരുമെന്നും അദ്ദേഹം പ്രവചിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായ അദ്ദേഹം 1958 ഫെബ്രുവരി 22 ന് മരണപ്പെടും വരെ ആ പദവിയിൽ തുടർന്നു. ഇതിനിടക്ക് അദ്ദേഹത്തിന്റെ ചിന്തയിൽ ഉയർന്നു വന്ന പല പദ്ധതികളും ജനോപകാരപ്രദമായിരുന്നു. അവയുടെ ഫലങ്ങൾ ഇന്നത്തെ ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. 1948ൽ യൂനിവേഴ്‌സിറ്റി എജ്യുക്കേഷൻ കമ്മീഷനെയും 1952ൽ ഹയർസെക്കൻഡറി എജ്യുക്കേഷൻ കമ്മീഷനെയും നിയമിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈയടുത്ത് വരെ നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന യു ജി സിക്ക് 1956ൽ പാർലിമെന്റ്ഒരു ആക്ടിലൂടെ അധികാരം നൽകി. പക്ഷേ, ഇന്നത് ഇല്ലാതാവുകയും പകരം മോദി സർക്കാറിന്റെ നേതൃത്വത്തിൽ ഹയർ എജ്യുക്കേഷൻ കമ്മീഷൻ കൊണ്ടുവരികയും ചെയ്യുന്നു. അതിനാൽ ജ്ഞാന രംഗത്തെ പ്രഗത്ഭരായ അഗാധ പാണ്ഡിത്യമുള്ള വിദഗ്ധർ തള്ളപ്പെടുകയും ബി ജെ പി അനുകൂലികൾ എച്ച് സിയുടെ നേതൃരംഗത്ത് വരികയും ചെയ്തു. ആൾ ഇന്ത്യ ടെക്‌നിക്കൽ എജ്യുക്കേഷൻ സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. 1953ൽ സംഗീത നാടക അക്കാദമിക്കും 1956ൽ ലളിതകലാ അക്കാദമിക്കും രൂപം നൽകിയത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. ഐ ഐ ടിക്ക് പേര് നിർദേശിച്ചതും അതിന്റെ തുടക്കക്കാരനും ആസാദായിരുന്നു. വിദ്യാഭ്യാസ മന്ത്രി ആയപ്പോൾ വിദ്യാഭ്യാസത്തിനു പുറമേ കലകൾക്കും സാഹിത്യത്തിനും ആസാദ് എത്രത്തോളം പരിഗണന നൽകിയിരുന്നുവെന്ന് ഈ പദ്ധതികൾ വിലയിരുത്തിയാൽ മനസ്സിലാകും.

1947ൽ രണ്ട് കോടി മാത്രമായിരുന്ന കേന്ദ്ര വിദ്യാഭ്യാസ ബജറ്റ് 1958ൽ 36 കോടിയാക്കി ഉയർത്തി. മത വിദ്യാഭ്യാസത്തിന് ആധുനികവും ശാസ്ത്രീയവുമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം വാദിച്ചു.
നെഹ്‌റുവിനൊപ്പം ദേശീയ നയങ്ങൾ രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആസാദ് സാർവത്രിക പ്രൈമറി വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾ സമൂഹത്തിന് സമർപ്പിച്ചു. 1952ലും 1957ലും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസാദ് നെഹ്‌റുവിന്റെ സാമ്പത്തിക വ്യാവസായിക നയങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകൾക്കും മറ്റു അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കും വേണ്ടി നയങ്ങൾ രൂപവത്കരിക്കുകയും ചെയ്തു.

1920 ഒക്ടോബർ മാസത്തിൽ ഉത്തർപ്രദേശിലെ അലിഗഢിൽ ജാമിഅഃമില്ലിയ്യ യൂനിവേഴ്‌സിറ്റി നിർമിക്കാനുള്ള കമ്മിറ്റി രൂപവത്കരിച്ചു. ഇതിലെ അംഗമായിരുന്നു ആസാദ.് 1934ൽ സർവകലാശാലയുടെ ക്യാമ്പസുകൾ അലിഗഢിൽ നിന്നും ന്യൂഡൽഹിയിലേക്ക് മാറ്റപ്പെട്ടു. സർവകലാശാലയിലെ പ്രധാന ക്യാമ്പസിലേക്കുള്ള പ്രവേശന കവാടം (ഗേറ്റ് നമ്പർ 7) അദ്ദേഹത്തിന്റെ നാമത്തിലാണ് അറിയപ്പെടുന്നത്. 1956 ൽ ഡൽഹിയിൽ നടന്ന യുനെസ്‌കോ കോൺഫറൻസിൽ അദ്ദേഹം അധ്യക്ഷനായിരുന്നു.
ഏറെക്കാലം ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും അറിയപ്പെട്ട പണ്ഡിതനും എഴുത്തുകാരനും കോൺഗ്രസ് നേതാവുമായിരുന്ന അദ്ദേഹം 1958 ഫെബ്രുവരി 22 ന് പരലോകം പുൽകി. ഇന്ത്യയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ ഭാരതരത്‌നം 1992ൽ മരണാനന്തര ബഹുമതിയായി നൽകി. പ്ലേറ്റോയുടെയും പൈതഗോറസിന്റെയും അരിസ്റ്റോട്ടിലിന്റെയുമൊക്കെ തലത്തിലുള്ള ചിന്തകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്ന് മഹത്മാഗാന്ധി ഒരിക്കൽ പറയാനിടയായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ജന്മ ദിനമായ നവംബർ 11 ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു.

സയ്യിദ് സൽമാനുൽ ഫാരിസ് കരിപ്പൂർ