Connect with us

National

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വെല്ലുവിളി നേരിടുന്നു: പ്രധാനമന്ത്രി

Published

|

Last Updated

തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വെല്ലുവിളി നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ഭരണം നടത്തുന്ന പാര്‍ട്ടി തന്നെ അതിന് നേതൃത്വം നല്‍കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

കേരളത്തിന്റെ സംസ്‌കാരത്തെ കടന്നാക്രമിക്കുന്നതിനു മുമ്പ് സംസ്ഥാനത്തെ ഭരണനേതൃത്വം സ്വയം ആത്മവിമര്‍ശനം നടത്തണം. പ്രതിപക്ഷത്തെ പാര്‍ട്ടികളുടെ പ്രധാന അജണ്ട മോദിയെ എതിര്‍ക്കുക എന്നതു മാത്രമാണ്. രാജ്യത്തിന്റെ വീകസനത്തിന് യാതൊരു ക്രിയാത്മക നിര്‍ദേശവും നല്‍കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. തനിക്കെതിരെയുള്ള ആക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, യുവതലമുറക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികളെ തടഞ്ഞുകൊണ്ട്, നാടിന്റെ വികസനത്തിന് തുരങ്കം വെച്ചുകൊണ്ടാകരുത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

സൈന്യം, പോലീസ്‌, സി ബി ഐ, സി എ ജി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളില്‍ പ്രതിപക്ഷത്തിന് വിശ്വാസമില്ല. 2014-ലെ പൊതു തിരഞ്ഞെടുപ്പ് സംബന്ധിച്ച് ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് പങ്കെടുത്തത് അപമാനകരമാണ്. വിദേശരാജ്യത്തുവെച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തിയ നടപടിയില്‍ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെ മോദി വിമര്‍ശിച്ചു.

അടിയന്തിരാവസ്ഥയുടെ മാനസികാവസ്ഥയിലാണ് ഇന്ന് പല കോണ്‍ഗ്രസ് നേതാക്കളും ജീവിക്കുന്നത്. ചില കോണ്‍ഗ്രസ് നേതാക്കളുടെ സ്വാര്‍ഥ രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി രണ്ട് ദശാബ്ദങ്ങള്‍ക്കു മുമ്പ് നമ്പി നാരായണന്‍ എന്ന കഠിനാധ്വാനിയായ ശാസ്ത്രജ്ഞന്റെ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും തകര്‍ത്ത സംഭവത്തെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. കൊച്ചിയില്‍ ബി പി സി എല്ലിന്റെ ഐ ആര്‍ ഇ പി പദ്ധതി ഉദ്ഘാടനത്തിന് ശേഷമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്.

കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ പി പ്രകാശ് ബാബു, വി മുരളീധരന്‍ എം പി, കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Latest