Connect with us

Gulf

തനിച്ച് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് അധിക നിരക്ക്; വിചിത്ര നടപടിയുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്

Published

|

Last Updated

ദുബൈ: തനിച്ചു യാത്ര ചെയ്യുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അധികനിരക്ക് ഏര്‍പെടുത്തിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രചെയ്യുന്ന അഞ്ച് വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ അധിക നിരക്ക് ഈടാക്കുക. ഒരു ഭാഗത്തേക്ക് മാത്രമുള്ള യാത്രക്ക് 165 ദിര്‍ഹമാണ് ഇത്തരത്തില്‍ അധികമായി ഈടാക്കുക. തനിച്ചു തന്നെയുള്ള മടക്ക യാത്രാ ടിക്കറ്റും ബുക്ക് ചെയ്യുന്നുണ്ടെങ്കില്‍ 330 ദിര്‍ഹം അധികമായി നല്‍കണം. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സര്‍വീസിന് അധികമായിവരുന്ന തുകയാണ് ഈ ഇനത്തില്‍ ഈടാക്കുന്നതെന്ന് അധികൃതര്‍ വിശദമാക്കി.

12 വയസ്സിന് താഴെയുള്ള കുട്ടികളെ ചെക്കിന്‍ കൗണ്ടറില്‍ എത്തിച്ചാല്‍ എയര്‍ലൈന്‍ ജീവനക്കാര്‍ പ്രത്യേക സേവനങ്ങള്‍ ഒരുക്കി യാത്ര സുഖകരമാക്കും എന്നാണ് നിരക്ക് വര്‍ധനവിനെ കുറിച്ച് അധികൃതരുടെ വിശദീകരണം. നാട്ടില്‍ കുട്ടികളെ സ്വീകരിക്കുന്നവരുടെ പേര് വിവരവും മൊബൈല്‍ നമ്പറും അവര്‍ കുട്ടിയുമായുള്ള ബന്ധവും വിശദമാക്കുന്ന വിവരങ്ങള്‍ ദുബൈ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ സമയത്ത് നല്‍കേണ്ടതുണ്ട്.
അതേസമയം, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സര്‍വീസിന് ഡനാറ്റ പ്രത്യേകമായി ഫീസ് ഈടാക്കുന്നില്ലെന്നും ഓരോ വ്യത്യസ്ത വിമാന കമ്പനികളുമായി സേവന കരാറിലേര്‍പെടുമ്പോള്‍ എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഡനാറ്റ വാക്താവ് ചൂണ്ടിക്കാട്ടി.

തനിച്ചു യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള ടിക്കറ്റ് എയര്‍ലൈന്‍ ഓഫിസില്‍ നിന്ന് തന്നെ ബുക്ക് ചെയ്യണം. കുട്ടികളുടെ യാത്ര വിശദാംശങ്ങളും മറ്റ് രേഖകളും ബുക്കിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ടതുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും എല്ലാ രേഖകളും എയര്‍ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്താനും ഇത് ഉപകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ നിരക്ക് നിലവില്‍ വന്നതോടെ അവധി സമയത്തു കുട്ടികളെ തനിച്ചു യാത്രയാക്കുന്ന രക്ഷിതാക്കളാണ് വെട്ടിലായത്. പലരും കുടുംബമൊത്തു യാത്ര ചെയ്യുന്നതിന് വരുന്ന ഭാരിച്ച ചെലവിനെ പേടിച്ചാണ് കുട്ടികളെ തനിച്ചു യാത്രയാക്കാറുള്ളത്. നാലാള്‍ അടങ്ങുന്ന ഒരു കുടുംബത്തിന് അവധി നാളുകളില്‍ യാത്ര ചെയ്യുന്നതിന് ഒരു ലക്ഷം രൂപക്ക് മുകളില്‍ വരുമെന്നിരിക്കെ കുട്ടികളെ യാത്രയാക്കുന്നതിന് അധിക നിരക്ക് ഏര്‍പെടുത്തിയ നടപടി പ്രവാസികള്‍ക്ക് തിരിച്ചടിയാണ്.

Latest