Connect with us

Gulf

ശരീരഭാരം 10 കിലോ കുറച്ചു; 10 ഗ്രാം സ്വര്‍ണം നേടി

Published

|

Last Updated

ദുബൈ: ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി 30 ദിവസം കൊണ്ട് 10 കിലോ ശരീരഭാരം കുറച്ച പ്രവാസിക്ക് 10 ഗ്രാം സ്വര്‍ണം. 34 കാരനായ ഫിലിപ്പൈന്‍കാരന്‍ റോമല്‍ മാനിയോക്കാണ് 10 ഗ്രാം സ്വര്‍ണം സമ്മാനമായി ലഭിച്ചത്. ഫിറ്റ്‌നസ് ചലഞ്ചിനോടനുബന്ധിച്ച് ദേര അല്‍ ഗുറൈര്‍ സെന്റര്‍ സംഘടിപ്പിച്ച ഫിറ്റ്‌നസ് ഡ്രൈവില്‍ പങ്കെടുത്ത 9500ഓളം പേരിലൊരാളിയിരുന്നു റോമല്‍ മാനിയോ.

ഫിറ്റ്‌നസ് ചലഞ്ചിന്റെ രണ്ടാം സീസണില്‍ മാള്‍ സന്ദര്‍ശകരില്‍ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായാണ് സ്വര്‍ണസമ്മാനം പ്രഖ്യാപിച്ചത്. ഒരു മാസത്തിനിടെ ശരീരഭാരത്തില്‍ കുറക്കാന്‍ കഴിയുന്ന ഓരോ കിലോഗ്രാമിനും ഓരോ ഗ്രാം സ്വര്‍ണമായിരുന്നു പ്രഖ്യാപനം. ദുബൈയിലെ ഗോള്‍ഡന്‍ ജിമ്മുമായി സഹകരിച്ച് മാളില്‍ സൗജന്യ ഫിറ്റ്‌നസ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിരുന്നു.

ഭാരം കുറച്ച് ശരീരം ഫിറ്റാകണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് റോമല്‍ പറഞ്ഞു. എല്ലാ ദിവസവും മൂന്ന് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ നടക്കുന്നതായിരുന്നു പതിവ്. ഫിറ്റ്‌നസ് ചലഞ്ച് പ്രഖ്യാപിച്ചതോടെ ഇത് 10 കിലോമീറ്ററാക്കി. ആഴ്ചയില്‍ ആറ് ദിവസവും വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രമാക്കി. പഴങ്ങളും പച്ചക്കറികളും മാത്രം ആഴ്ചയില്‍ ആറ് ദിവസങ്ങളിലും കഴിച്ചു. വാരാന്ത്യത്തില്‍ ഒരു ദിവസം മാത്രമാക്കി മാംസ ഭക്ഷണങ്ങള്‍. ഇതിന് പുറമെ അവധി ദിവസങ്ങളില്‍ അല്‍ ഗുറൈര്‍ സെന്ററില്‍ സംഘടിപ്പിച്ചിരുന്ന സൗജന്യ ഫിറ്റ്‌നസ് സെഷനുകളിലും പങ്കെടുത്തു.

10 കിലോ ശരീരഭാരം കുറഞ്ഞതോടെ തന്നെ അലട്ടിയിരുന്ന പല ബുദ്ധിമുട്ടുകളും കുറഞ്ഞതായും അദ്ദേഹം പറയുന്നു. ശക്തമായ നടുവേദന ഉണ്ടായിരുന്നത് അവസാനിച്ചു. തന്റെ മാറ്റം കണ്ട് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അത്ഭുതംകൂറി. സ്വര്‍ണസമ്മാനത്തിനപ്പുറം ജീവിതത്തിലെ പ്രധാന വഴിത്തിരിവായി ഫിറ്റ്‌നസ് ചലഞ്ച് മാറിയെന്നും അദ്ദേഹം പറഞ്ഞു.

Latest