Connect with us

International

ട്രംപിനെതിരെ ചോദ്യശരങ്ങള്‍; സി എന്‍ എന്‍ മാധ്യമപ്രവര്‍ത്തകന് വൈറ്റ് ഹൗസില്‍ വിലക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍: സി എന്‍ എന്‍ കറസ്‌പോണ്ടന്റ് ജിം അക്കോസ്റ്റക്ക് വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നതിനുള്ള പാസ്സ് റദ്ദാക്കി. മാധ്യമപ്രവര്‍ത്തകരുമായുള്ള ട്രംപിന്റെ ബന്ധം ഏറ്റവും മോശമായി തുടരുകയാണെന്ന പരാതികള്‍ക്കിടെയാണ് പുതിയ നടപടി. വാര്‍ത്താ സമ്മേളനത്തിനിടെ, സി എന്‍ എന്‍ കറസ്‌പോണ്ടന്റ് ആയ അക്കോസ്റ്റ പ്രസിഡന്റ് ട്രംപുമായി ചൂടേറിയ വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. ഇതാണ് ഇവര്‍ക്ക് പ്രവേശം നിഷേധിക്കാനുള്ള കാരണം.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കാരവനുകളില്‍ അമേരിക്കന്‍ അതിര്‍ത്തികളിലേക്ക് വന്നുകൊണ്ടിരിക്കുന്ന കുടിയേറ്റക്കാരെ കുറിച്ച് അക്കോസ്റ്റ ട്രംപിനോട് ചോദിച്ചിരുന്നു. ഇതിന് ശേഷം ഇതുമായി ബന്ധമുള്ള മറ്റൊരു ചോദ്യം മുന്നോട്ടുവെച്ചപ്പോള്‍, അത് മതി എന്ന് ട്രംപ് അസ്വസ്ഥനായി പറയുകയും ചെയ്തു. ഇതിന് ശേഷം വൈറ്റ് ഹൗസിലെ സഹായിയായ സ്ത്രീ ഇദ്ദേഹത്തില്‍ നിന്ന് മൈക്രോഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.

ഇതിന് ശേഷം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സന്റെ പ്രസ്താവന പുറത്തുവന്നു. വൈറ്റ് ഹൗസിലെ ആഭ്യന്തര ജോലിക്കാരിയോട് മോശമായാണ് അക്കോസ്റ്റ പെരുമാറിയതെന്നും ഇത് ഒരു നിലക്കും സ്വീകാര്യമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
വെല്ലുവിളിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് അക്കോസ്റ്റയുടെ പ്രസ് പാസ്സ് വൈറ്റ് ഹൗസ് റദ്ദാക്കിയതായി സി എന്‍ എന്‍ പറഞ്ഞു.

Latest