Connect with us

Articles

നമ്പി നാരായണനും ബിഷപ്പും പോലീസ് നിലപാടുകളും

Published

|

Last Updated

2018 സെപ്തംബര്‍ വാര്‍ത്താ മാധ്യമങ്ങളെ വാര്‍ത്തകള്‍ തേടിയെത്തിയ മാസമായിരുന്നു. നമ്പി നാരായണന്‍ എന്ന പ്രഗത്ഭ ശാസ്ത്രജ്ഞന് അനുകൂലമായി സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയായിരുന്നു ആദ്യത്തെ വാര്‍ത്ത. എന്നാല്‍, 1994ലെ കെ കരുണാകരന്റെ ഭരണത്തില്‍ ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും മാനസികവും ശാരീരികവുമായ കടുത്ത പീഡനങ്ങള്‍ക്ക് വിധേയനാക്കുകയും 50 ദിവസത്തോളം ജയിലിലടക്കുകയുമെല്ലാം ചെയ്തത് അമിത പ്രാധാന്യത്തോടെ വീണ്ടും വാര്‍ത്തയാകുന്നത് ചില രാഷ്ട്രീയ നേതാക്കളുടെ ധാര്‍മികതയെ ചോദ്യം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന് തിരിച്ചറിഞ്ഞ പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞന് നിയമപാലകരാല്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ക്ക് പിന്നിലെ രാഷട്രീയ കാരണങ്ങള്‍ ചികഞ്ഞെടുക്കാന്‍ താത്പര്യമില്ലായിരുന്നു. ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ചര്‍ച്ചകളും ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഭാവനാപരമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി എഴുതിപ്പിടിപ്പിച്ച മാധ്യമങ്ങളുടെ സത്യസന്ധതയും ജനമനസ്സുകളില്‍ നിന്നു മായ്ച്ചുകളയാന്‍ ഉതകുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പരതികൊണ്ടിരിക്കുന്നതിനിടയില്‍ ലഭിച്ച രണ്ടാമത്തെ വാര്‍ത്തയായിരുന്നു ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കയ്‌ലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരം ആരംഭിച്ചതും സമരത്തോടുള്ള ഭരണപ്രതിപക്ഷ മുന്നണികളിലെ രാഷ്ട്രീയ നിലപാടുകളും.
വാസ്തവത്തില്‍ ബിഷപ്പുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണവും അതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കാലതാമസവും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അത് വഴി സര്‍ക്കാറിനെതിരായി ജനവികാരം ഉയര്‍ത്തി കൊണ്ടുവരുന്നതിനുമാണ് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കിയിരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചിരുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനുതകുന്ന വിധത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തില്‍ അനാവശ്യമായ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ചെയ്ത് പരിഹാസ്യരായി മാറിയ പ്രതിപക്ഷ നേതാവിനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും രക്ഷിച്ചെടുക്കുക എന്ന ദൗത്യവും കൂടി സ്വയം ഏറ്റെടുത്തിട്ടുള്ള മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ജലന്തര്‍ ബിഷപ്പിനെതിരായുള്ള കന്യാസ്ത്രീകളുടെ സമരത്തെ അമിത പ്രാധാന്യത്തോടെയല്ലാതെ കൈകാര്യം ചെയ്യാനാവുമായിരുന്നില്ല.

നമ്പി നാരായണന്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായി സുപ്രീം കോടതിയില്‍ നിന്നുണ്ടായ രൂക്ഷ വിമര്‍ശനത്തിന്റെയും നമ്പി നാരായണന് അനുകൂലമായ വിധിയുടെയും പശ്ചാത്തലത്തില്‍ നിന്ന് കൊണ്ടല്ലാതെ ഫ്രാങ്കോ ബിഷപ്പിനെതിരായ പരാതിയിലും നടപടി സ്വീകരിക്കാനാവുമായിരുന്നില്ല എന്ന വസ്തുത അറിയാത്തവരായിരുന്നില്ല യഥാര്‍ഥത്തില്‍ മാധ്യമങ്ങളും സര്‍ക്കാറിനെ വിമര്‍ശിച്ച് കൊണ്ടിരുന്ന രാഷ്ട്രീയ നേതാക്കളും.

നമ്പിനാരായണനെ അന്യായമായി അറസ്റ്റ് ചെയ്യുകയും സത്യസന്ധന്‍ എന്ന വിശേഷണത്തിന് ഉടമയായ സിബി മാത്യൂസ് എന്ന ഉന്നത പോലീസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അദ്ദേഹത്തെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ള വിധിയില്‍ പ്രധാനം പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നതായിരുന്നു. പോലീസ് ഓഫീസറുടെയും സംഘത്തിന്റെയും അനാവശ്യ പ്രവര്‍ത്തികള്‍ കാരണം അര കോടി രൂപയാണ് കേരളത്തിന്റെ പൊതുഖജനാവിന് നഷ്ടമായത് എന്നതിനാല്‍ മേലില്‍ ഇത്തരം വിധികള്‍ക്ക് അവസരമുണ്ടാവാത്ത വിധത്തിലായിരിക്കണം ബിഷപ്പിനെതിരായ പരാതിയിലും നടപടികള്‍ സ്വീകരിക്കേണ്ടത് എന്ന നിലപാടിന്റെ ഭാഗമായിട്ടാകാം അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ കാലതാമസമുണ്ടായതെന്ന് കരുതുന്നവരും ഏറെയാണ്.

സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ ദിനംതോറും വര്‍ധിച്ച് കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം മുന്‍നിരയിലാണുള്ളത്. അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കൂട്ടത്തില്‍ രാജ്യത്തെ രാഷ്ട്രീയ മത നേതാക്കളും നിയമപാലകരുമെല്ലാം ഉള്‍പ്പെടാറുണ്ടെങ്കിലും നിയമങ്ങളിലെ പഴുതുകള്‍ കണ്ടെത്തി അവരെല്ലാം രക്ഷപ്പെടുന്ന അവസ്ഥയായിരുന്നു 2002 വരെ കാണാന്‍ കഴിഞ്ഞത്. 2002ല്‍ നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റ് പാസ്സാക്കിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം കൂടുതല്‍ കര്‍ക്കശമാണ്. 2002 ല്‍ കേന്ദ്ര സര്‍ക്കാര്‍ 1000 കോടി രൂപയാണ് നിര്‍ഭയ ഫണ്ട് എന്ന പേരില്‍ ലിംഗനീതിക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വേണ്ടി മാറ്റി വെച്ചിരുന്നത്.

2002 ലെ നിര്‍ഭയ കേസിനെ തുടര്‍ന്ന് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം ചൂണ്ടി കാണിച്ചുകൊണ്ടാണ് ലൈംഗികാരോണ പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പോലീസിനെയും സര്‍ക്കാറിനെയും പ്രതിക്കൂട്ടിലാക്കാന്‍ ചിലര്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരുന്നത്.
2002ല്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം പുരുഷ പീഡനങ്ങള്‍ക്കാണ് ഏറെ കാരണമായിട്ടുള്ളത് എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസ്തുത നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍സുപ്രീം കോടതിയില്‍ നിന്നും നിര്‍ദേശമുണ്ടായത്. 2002 ലെ നിയമത്തിന്റെ ചുവട് പിടിച്ച് രാഷ്ട്രീയ എതിരാളികളെ കേസില്‍ കുടുക്കുന്നതിനും പൊതു പ്രവര്‍ത്തകരെയും മത നേതാക്കളെയും അവഹേളിക്കുന്നതിനും വ്യക്തി വൈരാഗ്യത്തിന്റെ പേരിലും അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ പേരിലുമെല്ലാം സ്ത്രീകളെ കൊണ്ട് പീഡന പരാതികള്‍ കൊടുപ്പിക്കുന്നതിനുള്ള പ്രവണതകള്‍ ഏറിവന്നിരുന്ന ഘട്ടത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

2002ലെ നിയമം അനുശാസിക്കുന്നത് സ്ത്രീകള്‍ നല്‍കുന്ന പരാതികളില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്യണമെന്നായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഒട്ടേറെ നിരപരാധികള്‍ ജയിലില്‍ അടക്കപ്പെടുന്ന തിനു കാരണമായി. എന്നാല്‍, സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പീഡന പരാതികളില്‍ പോലീസ് കൃത്യമായ അന്വേഷണങ്ങള്‍ നടത്തി പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് പ്രതിയുടെ പേരില്‍ കുറ്റം ചുമത്തുകയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്യാറുള്ളത്.

വാസ്തവത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത് അത്തരത്തിലുള്ള നടപടികള്‍ തന്നെയാണ്. വര്‍ത്തമാനകാലത്ത് കേരളത്തില്‍ പൊതുവെ കണ്ടുകൊണ്ടിരിക്കുന്ന കാര്യം പീഡന കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ജാതിയും മതവും രാഷ്ട്രീയവും കണ്ടെത്തുകയും അവര്‍ ശ്രദ്ധേയമായ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവരാണെന്ന് ബോധ്യമായാല്‍ അവരോടൊപ്പം അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെ കൂടി പ്രതിസ്ഥാനത്ത് നിര്‍ത്തുക എന്നുള്ളതാണ്.
വാസ്തവത്തില്‍ ഏതൊരു മനുഷ്യനെയും പരിപൂര്‍ണമായ പഠനങ്ങള്‍ക്ക് വിധേയനാക്കിയതിന് ശേഷം സംഘടനകളിലോ പൊതു രംഗങ്ങളിലോ ഉള്‍പ്പെടുത്തുക ആസാധ്യമാണ് എന്നതിനാല്‍ തന്നെ അത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അധാര്‍മികതയിലേക്ക് നീങ്ങുന്ന പക്ഷം അവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും ചുമതലകളില്‍ നിന്നുമെല്ലാം മാറ്റി നിര്‍ത്തുകയും അവര്‍ക്ക് വേണ്ടി വാദിക്കാതിരിക്കുകയും അവരെ സഹായിക്കാതിരിക്കുകയും ചെയ്യുക എന്നതല്ലാതെ മറ്റെന്താണ് ചെയ്യാനാകുക? ഉന്നത വിദ്യാഭ്യാസ നിലവാരവും സാംസ്‌കാരിക പുരോഗതികളുമെല്ലാം നേടിയവരെന്ന് അഹങ്കരിക്കുന്ന മലയാളികള്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ ജാതി മത രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തന മണ്ഡലങ്ങള്‍ അന്വേഷിച്ചറിഞ്ഞ് അവയെയെല്ലാം അടച്ചാക്ഷേപിച്ചുകൊണ്ടിരിക്കുന്നത് ആശ്വാസ്യകരമല്ല.

Latest