Connect with us

National

കേരള ഹൈക്കോടതിയിലേക്ക് അഞ്ച് ജഡ്ജിമാരെ കൊളീജിയം ശുപാര്‍ശ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കാന്‍ അഞ്ചു പേരെ കൊളീജിയം ശിപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗമാണ് ശിപാര്‍ശ നല്‍കിയത്.

അഭിഭാഷകരായ വിജി അരുണ്‍, എന്‍ നഗരേഷ്, പിവി കുഞ്ഞികൃഷ്ണന്‍ എന്നിവരെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരായ ടിവി അനില്‍കുമാര്‍, എന്‍ അനില്‍കുമാര്‍ എന്നിവരെയുമാണ് നിയമനത്തിനായി കൊളീജിയം നിര്‍ദേശിച്ചത്. മൂന്ന് ശിപാര്‍ശകളിലുള്ള തീരുമാനം കൊളീജിയം മാറ്റിവച്ചു. എസ് രമേശ്, വിജു എബ്രഹാം, ജോര്‍ജ് വര്‍ഗീസ് എന്നിവരെ ജഡ്ജിമാര്‍ ആയി ഉയര്‍ത്താനുള്ള ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശയിലാണ് തീരുമാനം മാറ്റിവച്ചത്.

അതേസമയം, അഭിഭാഷകനായ പി ഗോപാലിനെ ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യേണ്ടെന്ന് കൊളീജിയം തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കൊളീജിയം യോഗത്തില്‍ പങ്കെടുത്തു.