Connect with us

Gulf

ഹജ്ജ്: 603,764 തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയിലെത്തി

Published

|

Last Updated

മക്ക/ മദീന : ഹജ്ജിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു ഹറമുകളിലും ഹാജിമാരുടെ തിരക്ക് വര്‍ധിച്ചു. ഇതുവരെ 603,764 തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയിലെത്തിയതായി സഊദി പാസ്സ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു. വിമാനമാര്‍ഗ്ഗം 593,143 ഹാജിമാരും, റോഡ് മാര്‍ഗ്ഗം 5,093 പേരും, 5,528 പേര്‍ കപ്പല്‍ വഴിയുമാണ് എത്തിയത്.

ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയിരിക്കുന്നത് ഇന്തോനേഷ്യയില്‍ നിന്നാണ്. തൊട്ടു പിറകെ ഇന്ത്യ , പാകിസ്ഥാന്‍ , ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുണ്ട്. തീര്‍ത്ഥാടകരുടെ വരവ് ശക്തമായതോടെ ജിദ്ദയിലെയും , മദീനയിലെയും ഹജ്ജ് ടെര്‍മിനലുകളില്‍ ഹാജ്ജിമാര്‍ക്ക് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തവണ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ജിദ്ദവിമാനത്താവളം വഴിയാണ് മക്കയിലെത്തുക, തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്തത് നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകള്‍ വഴിയും ഇത്തവണ ഹാജിമാരെ സ്വീകരിക്കുന്നുണ്ട്.

ഹാജിമാരുടെ നടപടിക്രമണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 200 പാസ്‌പോര്‍ട്ട് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ നോര്‍ത്ത് ടെര്‍മിനലില്‍ 50ഉം സൗത്ത് ടെര്‍മിനലില്‍ 40ഉം കൗണ്ടറുകളും പാസ്‌പോര്ട്ട് വിഭാഗം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വഴി ആഗസ്ത് ഒന്ന് വരെ 75,926 തീര്‍ത്ഥാടകരെത്തി. 52,956 മക്കയിലും, 22,970 തീര്‍ത്ഥാടകര്‍ മദീനയിലുമാണുള്ളതെന്നും, ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനം ഇത്തവണ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

സിറാജ് പ്രതിനിധി, ദമാം

Latest