Connect with us

Cover Story

ഇവര്‍ ഭൂമിയുടെ അവകാശം ചോദിക്കുന്നു

Published

|

Last Updated

ഉത്സവം നടക്കയാണമ്പലമുറ്റത്തു,
യര്‍ന്നുജ്ജ്വലല്‍ ദീവെട്ടികളിളക്കും-
വെളിച്ചത്തില്‍
പതയും നെറ്റിപ്പട്ട പൊന്നരുവികളോലും
പതിനഞ്ചാനക്കരി
മ്പാറകളുടെ മുമ്പില്‍
വാദ്യമേളത്തില്‍ താള
പാത്തില്‍ തലയാട്ടി
പ്പൂത്ത താഴ്‌വര പോലെ
മരുവീ പുരുഷാരം-
(സഹ്യന്റെ മകന്‍, വൈലോപ്പിള്ളി)

പെരുമഴക്കാലത്തും അവര്‍ കാടിറങ്ങുകയാണ്. കണ്‍മുന്നില്‍ കണ്ടത് ഭക്ഷിച്ചും പുഴയില്‍ നീരാട്ട് നടത്തിയും ഉപദ്രവിക്കുന്നവരെ ഒന്നു കണ്ണുരുട്ടിയും ആ പേടിയില്‍ ആക്രമണകാരിയുമാകുകയാണ് ആനകള്‍. ഒരു തരം അര്‍മാദമാണ് അവറ്റകളുടെത്. തിരികെ കാട്ടിലേക്ക് പറഞ്ഞയക്കാന്‍ വന്‍ ശബ്ദകോലാഹലമുണ്ടാക്കുന്നു നാട്ടാളര്‍. മണിക്കൂറുകളോളം നീണ്ട പടക്കം പൊട്ടിക്കലും തകരയില്‍ കൊട്ടിയുമൊക്കെ വനപാലകര്‍ക്കൊപ്പം ഒരു നാട് മുഴുവന്‍ കൂടുന്നു. പാലക്കാട് ജില്ലയിലെ പറളിയില്‍ കഴിഞ്ഞയാഴ്ചകളില്‍ അതാണ് കണ്ടത്.

വയനാട്, ഇടുക്കി അടക്കമുള്ള കേരളത്തിന്റെ വിവിധ മലയോര പ്രദേശങ്ങളിലും ഇതുതന്നെ അവസ്ഥ. ഇവിടെ ആനക്കൂട്ടത്തെ മാത്രം വില്ലന്‍മാരാക്കിയിട്ട് ഫലമുണ്ടോ? ആനക്കൂട്ടത്തിന്റെ പരാക്രമങ്ങള്‍ക്ക് ഇരകളാകേണ്ടി വരുന്നത് അധികവും നിരപരാധികള്‍ തന്നെയാകാം. യഥാര്‍ഥ വില്ലന്‍മാര്‍ മറക്കപ്പുറത്ത് സുരക്ഷിത ഇടങ്ങളിലായിരിക്കും, അവര്‍ക്ക് സകലവിധ ഒത്താശകളും ചെയ്യുന്ന ഉദ്യോഗസ്ഥ പ്രഭുക്കളും. ഇവിടെ പക്ഷേ, ആനകളെ മാത്രം വില്ലന്മാരും ഭീകരന്മാരുമാക്കുന്ന സ്ഥിതിയാണുള്ളത്. നാമറിയേണ്ടത് ആനകളുടെ അവകാശങ്ങളെ കുറിച്ചാണ്. മനുഷ്യാവകാശം പോലെ ആനാവകാശവും.

കാടും നാടും നഷ്ടപ്പെട്ട് കരികള്‍
കാട്ടില്‍ സൈ്വര ജീവിതം നടത്തുന്ന ആനകളെ മെരുക്കി ഉത്സവപ്പറമ്പിലെത്തിച്ച് അങ്ങനെ അവയുടെ മനസ്സില്‍ കാട് തെളിഞ്ഞു വരികയും കാട്ടിലേക്ക് തിരിച്ച് പോകാന്‍ പറ്റാത്ത അവസ്ഥയില്‍ അക്രമാസക്തമാകുന്നതും മഹാകവി വൈലോപ്പിള്ളി ശ്രീധരന്‍ മേനോന്‍ മുമ്പ് അക്ഷരങ്ങളിലൂടെ വരച്ചിട്ടുള്ളതാണ്. വസിക്കാന്‍ കാടും നാടും നഷ്ടപ്പെട്ട സ്ഥിതിയിലെത്തി നില്‍ക്കുന്ന ആനകളുടെ ദുരന്തക്കാഴ്ചക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഓരോ ദിവസവും ഉറങ്ങുമ്പോള്‍ പിറ്റേന്ന് ജീവനോ, വീടോ, കൃഷിയിടമോ ആനകള്‍ കവരുമോയെന്ന ഭീതിയിലാണ് പാലക്കാട് ജില്ലയിലെ പറളിയിലെ ജനങ്ങള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാട്ടാനകള്‍ ജില്ലയില്‍ താണ്ഡവമാടാന്‍ തുടങ്ങിയിട്ട്. കൃഷിയും നിരവധി പേരുടെ ജീവിത സ്വപ്‌നങ്ങളുമാണ് കരിവീരന്‍മാരുടെ തുമ്പിക്കൈകള്‍ കവര്‍ന്നത്. പറളി, മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ കാട്ടാനകള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. മുണ്ടൂരില്‍ പ്രഭാകരന്‍ എന്ന ചുമട്ട് തൊഴിലാളിയെ ചവിട്ടിക്കൊന്ന കാട്ടാനകള്‍ തുടര്‍ച്ചയായ മൂന്ന് ദിവസം പുതുപ്പരിയാരത്തും പറളിയിലും തമ്പടിച്ച് ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി. കാട്ടാനകളെ കാട്ടില്‍ കയറ്റിയെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോള്‍ വീണ്ടും കാട്ടാനകള്‍ ഇവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ആര്‍ത്തലച്ചു വരുന്ന മഴ പോലെയാണ് ശരിക്കും പറഞ്ഞാല്‍ നെല്ലറയിലെ ജനങ്ങള്‍ക്ക് ആന. മഴ ചിലപ്പോള്‍ ഒന്ന് നനച്ച് തിരിച്ച് പോകും.

കലി തുള്ളി കാടിറങ്ങി വരുന്ന കരിയും ഇതു പോലെയാണ്. ഒന്ന് പേടിപ്പിച്ച്, ചിലപ്പോള്‍ ജീവന്‍ കവര്‍ന്ന് കാട് കയറും. ആന ഇപ്പോള്‍ കൗതുകമല്ല, പേടിയാണ്. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലത്ത് മാത്രമാണ് തീറ്റയും വെള്ളവും തേടി നാട്ടിലിറങ്ങിയതെങ്കില്‍ ഇപ്പോള്‍ തിമിര്‍ത്ത് പെയ്യുന്ന പെരുമഴക്കാലത്തും നാട്ടില്‍ കാട്ടാനകളുടെ വിഹാരമാണ്. കാട്ടാനകള്‍ മഴക്കാലത്തും നാട്ടില്‍ വിലസുന്നത് അവയുടെ ജീവിതരീതിയില്‍ വന്ന മാറ്റംമൂലമെന്നാണ് ആനവിദഗ്ധരുടെ അഭിപ്രായം. കാട്ടുവിഭവങ്ങള്‍ ഭക്ഷിച്ച് ജീവിച്ച കാട്ടാനകള്‍ വേനല്‍ക്കാലത്ത് അവ കിട്ടാതെ വരുമ്പോള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. മഴ തുടങ്ങിയാല്‍ സ്വയം കാട് കയറുന്ന കാട്ടാനകള്‍ കനത്ത മഴക്കാലത്തും നാട്ടില്‍ തമ്പടിച്ചിരിക്കുകയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്ന് വ്യാപകമായി കൃഷി തുടങ്ങിയതിനാല്‍ അത് ഭക്ഷിക്കാനാണ് കൂട്ടമായി എത്തുന്നത്. വേനല്‍ക്കാലത്ത് നാട്ടിലിറങ്ങി കൃഷിയും വീടും നശിപ്പിക്കുന്ന കാട്ടാനകളെ യഥാസമയം കാട്ടിലേക്ക് കയറ്റിവിടാത്തതിനാല്‍ അവയുടെ ജീവിതരീതിയിലും മാറ്റം വന്നു.
നാട്ടിലെ കാര്‍ഷികവിളകളുടെ രുചിയാണ് കാട്ടാനകളെ നാട്ടില്‍ തങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കാട്ടാനക്കൂട്ടത്തിന് കൂടുതല്‍ ഇഷ്ടം ചക്കയാണ്. 200 മീറ്റര്‍ അകലെനിന്നു വരെ ചക്കയുടെ മണം അറിയാം. വാഴകളും മാങ്ങയും മണം പിടിച്ച് അവയെത്തുന്നു. വീടുകളിലെ ഭക്ഷണപദാര്‍ഥങ്ങളുടെ മണംപിടിച്ച് അത് ഭക്ഷിക്കാനെത്തുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് പല ജില്ലകളിലും ആനകളുടെ കാടിറങ്ങല്‍ ജനജീവിതത്തിന് കനത്ത ഭീഷണിയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പുറമെ പത്ത് വര്‍ഷത്തിനിടെ നൂറുകണക്കിനാളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാലക്കാട്, ഇടുക്കി, വയനാട് എന്നിവയാണ് മരണസംഖ്യയില്‍ മുന്നില്‍. മലയോരമേഖലയാകെ കാട്ടാനകള്‍ ആക്രമാസക്തമായി നടമാടുമ്പോഴും വനം വകുപ്പ് നിസ്സഹയരായി നോക്കി നില്‍ക്കുന്ന കാഴ്ചയാണുള്ളത്. പതിനായിരത്തോളം കാട്ടാനകള്‍ കേരളത്തിലുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്കുകള്‍ രേഖപ്പെടുത്തുന്നത്. ഇവയുടെ വിഹാരത്തിന് ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി ആവശ്യമാണ്. വെറും വനമല്ല, ഫലഭൂയിഷ്ഠമായ കൊടും വനം തന്നെയാണ് ഇവക്ക് പഥ്യം. ദിനംപ്രതി 200 കിലോ ആഹാരം വേണം. വെള്ളം മുപ്പത് ലിറ്റര്‍. ദിവസം നടക്കേണ്ടത് 40 കിലോമീറ്റര്‍ വരെയും. ഇതനുസരിച്ച് ആനകള്‍ക്ക് മതിയായ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ത്ത വനം കൈയേറ്റത്തിന്റെ ദുരന്തഫലമാണ് നാട്ടിലെ ജനങ്ങള്‍ സഹിക്കേണ്ടി വരുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിന് കാടുപോലെതന്നെ കാട്ടുജീവികളും അത്യന്താപേക്ഷിതമാണ്. അവക്ക് എല്ലാ ജീവികളെയും പോലെ നേരത്തുള്ള ഭക്ഷണം അത്യാവശ്യമാണ്. ഇതിനുള്ള സാഹചര്യമൊരുക്കാതെ നാട്ടിലിറങ്ങി കാട്ടാന ആളുകളെ കൊല്ലുന്നു എന്ന് മാത്രം മുറവിളി കൂട്ടിയിട്ട് കാര്യമില്ല.

കേന്ദ്രത്തിന്റെ പക്കലുള്ളത് ഗര്‍ഭനിരോധന ഉപായം
കാട്ടിലെ ആനകളുടെ എണ്ണം വര്‍ധിച്ച് വരുന്നതുകൊണ്ട് കാട്ടാനശല്യം രൂക്ഷമാകുന്നു. അതിന് പരിഹാരമായി പിടിയാനകളില്‍ ഗര്‍ഭനിരോധനം നടത്തണമെന്നതാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ “ഉപായം”. തലവേദനക്ക് തലവെട്ടുന്ന പരിഹാരം. കാട്ടാനകളുടെ വംശവര്‍ധനവിന്റെ നിരക്കറിഞ്ഞാല്‍ മാത്രമേ ഈ നിര്‍ദേശത്തിന്റെ പൊള്ളത്തരം മനസ്സിലാവൂ. വേട്ടയാടപ്പെടുന്നതിലൂടെ ആനകള്‍ക്കിടയിലെ ആണ്‍- പെണ്‍ അനുപാതം ശോഷിച്ച് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വേട്ടയാടപ്പെടുന്നത് 90 ശതമാനവും കൊമ്പനാനകളാണ്. ഇത്തരത്തില്‍ വിലയിരുത്തിയാല്‍ പിടിയാനകള്‍ക്ക് ആനുപാതികമായുള്ള കൊമ്പനാനകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇത്തരം പ്രത്യാഘാതങ്ങളെപ്പറ്റിയൊന്നുമുള്ള പഠനമോ അന്വേഷണമോ നടത്താതെയാണ് കാട്ടാനകളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന പേരില്‍ അപരിഷ്‌കൃതമായ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത് വിഡ്ഢിത്തമാണെന്ന് ആനപ്രേമിസംഘം ഭാരവാഹികള്‍ പറയുന്നു. വംശവര്‍ധനവ് മാത്രമല്ല കാട്ടാന ആക്രമണത്തിന് കാരണം. വന നശീകരണം, ഭക്ഷണത്തിന്റെയും ജലത്തിന്റെയും ദൗര്‍ലഭ്യം, നായാട്ട് എന്നിവയൊക്കെയാണ് വനത്തിനുള്ളില്‍ കാട്ടാനകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ആക്രമിക്കുമ്പോള്‍ മാത്രമാണ് കാട്ടാനകള്‍ പ്രത്യാക്രമണത്തിന് മുതിരുന്നത്. നാട്ടിലിറങ്ങുന്ന കാട്ടാനകള്‍ക്ക് നേരെ ഓലപ്പടക്കം കത്തിച്ച് എറിയുന്നതുള്‍പ്പെടെയുള്ള ക്രൂരമായ പ്രവൃത്തികളാണ് ആക്രമണത്തിന് കാരണം.

സൈ്വരമായി വിഹരിക്കാന്‍ കാട് കാണാതാകുമ്പോള്‍ അവ കാട്ടില്‍ നിന്നും നാട്ടിലേക്ക് പലായനം ചെയ്യുന്നതിനെതിരെ പരിഭ്രമിച്ചിട്ട് കാര്യമില്ല. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ തന്നെ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്ത് ചെലവഴിക്കുന്നത്. ഇതിന് പുറമെ കോടികണക്കിന് രൂപയുടെ കൃഷിനാശവും ജനങ്ങളുടെ ജീവിതത്തിനും ഭീഷണിയും സൃഷ്ടിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദീര്‍ഘകാല കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് പകരം കാട്ടാനയെ കാണുമ്പോള്‍ തോട്ടിയും ഓലപ്പടക്കവും കൊണ്ട് പിന്നാലെ പോയിട്ട് കാര്യമില്ല.
ആന സംരക്ഷണ പദ്ധതിക്കായി എട്ട്, പത്ത് പഞ്ചവത്സര പദ്ധതികളില്‍ ഉള്‍പ്പെടുത്തി എണ്‍പത് കോടിയോളം രൂപ വകയിരുത്തിയിട്ടും പ്രായോഗികമായി സംരക്ഷണം നടപ്പില്‍വരുത്താന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ പലയിടങ്ങളിലും ഫെന്‍സിംഗ് ലൈനുകളും മറ്റും തീര്‍ത്ത് കാട്ടാനകളുടെ ആക്രമണം പ്രതിരോധിക്കാന്‍ ഒരളവുവരെ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുളള പ്രായോഗിക നടപടികളിലൂടെ നിയന്ത്രിക്കേണ്ടതിന് പകരം വന്ധ്യംകരണമെന്ന ബാലിശ നിര്‍ദേശവുമായി കാട്ടാനകള്‍ക്ക് പിറകെ പോകുന്നത് നിലനില്‍പ്പിന് ഭീഷണിയാകുന്ന നടപടി മാത്രമാകും. ഭൂമിയില്‍ സൈ്വരമായി ജീവിക്കാനും സന്താനങ്ങളെ ഉത്പാദിപ്പിക്കാനുമുള്ള അവകാശം മനുഷ്യനെപ്പോലെ മറ്റ് ജീവജാലങ്ങള്‍ക്കുമുണ്ടെന്നും അവയില്‍ നിന്ന് കവരുന്ന പ്രകൃതി അടക്കമുള്ള സ്വത്ത് തിരിച്ചുനല്‍കണമെന്നതും ഭരണകൂടവും ഒപ്പം ജനങ്ങളും തിരിച്ചറിയാത്തപക്ഷം അവ അവകാശം ചോദിച്ച് നമ്മുടെയരികിലെത്തുന്നത് തുടര്‍ന്നും കാണേണ്ടി വരും.
.

Latest