Connect with us

Gulf

രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയില്‍ ; എക്‌സ്‌ചേഞ്ചുകളില്‍ വന്‍ തിരക്ക്

Published

|

Last Updated

 അബുദാബി : ഡോളറുമായുള്ള രൂപയുടെ വിനിമ നിരക്ക് കുത്തനെ ഇടിഞ്ഞതോടെ പണം അയക്കുന്നതിന് എക്‌സ്‌ചേഞ്ചുകളില്‍ വന്‍ തിരക്ക്.രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതും കമ്പനികളില്‍ ശമ്പളം ലഭ്യമായതുമാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. രൂപയുടെ മൂല്യം ഇന്നലെ രാവിലെ എക്കാലത്തെയും കുറഞ്ഞ നിരക്കായ 69 രൂപയിലെത്തി. 49 പൈസ താഴ്ന്നാണ് വിനിമയ നിരക്ക് 69.10 രൂപയിലെത്തിയത്. ഡോളറിനുള്ള ആവശ്യം വര്‍ധിച്ചത് രൂപയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതോടെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇതും വിനിമയ നിരക്കിലെ വര്‍ധനവിന് ആക്കം കൂട്ടിയ ഘടകമാണ്. 2013 ഓഗസ്റ്റ് 28ന് 68.80 രൂപയായതാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്. ക്രൂഡ് ഓയില്‍ നിരക്കിലെ വര്‍ധനയും വിനിമയ നിരക്കിലെ ഇടിവും ഇന്ത്യക്ക് ഒരേ സമയമുള്ള രണ്ടു കനത്ത ആഘാതങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇറക്കുമതിക്കാര്‍ നല്ല തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുകയാണ്.

ഈ മാസം ഇതുവരെ വിദേശ ധനസ്ഥാപനങ്ങള്‍ 18,000 കോടി രൂപയുടെ വില്‍പന നടത്തി. ഇതിനു പുറമെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി താഴുന്നതും രൂപയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നു.ഈ വര്‍ഷം ആദ്യം 63.62 നിലവാരത്തിലായിരുന്നു രൂപയുടെ നിരക്ക്. അഞ്ചു മാസംകൊണ്ടു രൂപയുടെ മൂല്യത്തില്‍ 6.5 ശതമാനം ഇടിവാണുണ്ടായത്. അടുത്ത ദിവസവും രൂപയുടെ മൂല്യം താഴേക്ക് പോകാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Latest