Connect with us

Gulf

ഇന്ന് ലോക അഭയാര്‍ഥി ദി നം:പിറന്ന ഭൂമിയില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നവര്‍ക്ക് തണലായി ശൈഖ ജവഹര്‍

Published

|

Last Updated

ഷാര്‍ജ:യുദ്ധങ്ങളും അടിച്ചമര്‍ത്തലുകളും വംശീയതയും മൂലം പിറന്ന നാട്ടില്‍ നിന്ന് പലായനം ചെയ്ത് അഭയാര്‍ഥികളായവര്‍ക്ക് തണലായി ശൈഖ ജവഹര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി. നീതി നിഷേധിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നിയും ദ ബിഗ് ഹാര്‍ട് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ ശൈഖ ജവഹര്‍. ഐക്യരാഷ്ട്രസഭയുടെ “എമിനന്റ് അഡ്വക്കറ്റ് ഫോര്‍ റെഫ്യൂജി ചില്‍ഡ്രന്‍” ഹൈ കമ്മീഷണര്‍കൂടിയാണ് ശൈഖ ജവഹര്‍.
അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പുവരുത്തുകയും മനുഷ്യാവകാശം സംരക്ഷിക്കുകയും ചെയ്ത് ആഗോള വെല്ലുവിളിയായ അഭയാര്‍ഥി പ്രശ്‌നത്തിന് പരിഹാരമായി സമാധാനവും സുസ്ഥിരതയും പുലരാനുള്ള യത്‌നത്തിലാണ് അവര്‍.

സംഘര്‍ഷങ്ങള്‍ ഒരു നാള്‍ അവസാനിക്കുമെന്നും സ്വരാജ്യത്തേക്ക് വൈകാതെ തന്നെ മടങ്ങാമെന്നുമുള്ള പ്രതീക്ഷ നമ്മളെല്ലായ്‌പ്പോഴും അവര്‍ക്ക് നല്‍കണമെന്ന് ശൈഖ ജവഹര്‍ പറയുന്നു. ലോക അഭയാര്‍ഥി ദിനവും ദ ബിഗ് ഹാര്‍ട് ഫൗണ്ടേഷന്റെ വാര്‍ഷിക ദിനവും ഇന്ന് തന്നെയാണ്.
യു എന്‍ എച്ച് സി ആര്‍ കണക്ക് പ്രകാരം ലോകത്താകമാനം 6.56 കോടി ജനങ്ങള്‍ തങ്ങളുടെ വാസസ്ഥലം ഉപേക്ഷിക്കേണ്ടിവന്നവരാണ്. ഇവരില്‍ 2.13 കോടി ജനങ്ങള്‍ അഭയാര്‍ഥികളാണ്. ഇവരില്‍ പകുതിയിലധികവും 18 വയസിന് താഴെയുള്ളവരാണ്. പ്രതിദിനം 34,000 ജനങ്ങളാണ് ലോകത്ത് വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഇവരില്‍ അധികവും ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അടിസ്ഥാന അവകാശം പോലും നിഷേധിക്കപ്പെട്ടവരാണ്. അതിലുപരിയാളുകള്‍ പട്ടിണിയുടെ പിടിയിലാണ്.
ഷാര്‍ജ ആസ്ഥാനമായ ബിഗ് ഹാര്‍ട് ഫൗണ്ടേഷനടക്കമുള്ള നിരവധി ജീവകാരുണ്യ സംഘടനകള്‍ തങ്ങളുടെ സഹായങ്ങള്‍ അഭയാര്‍ഥികള്‍ക്കായി തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലാണ് ബിഗ് ഹാര്‍ട് ഫൗണ്ടേഷന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2017ല്‍ രണ്ട് മഹത്തായ ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് ബിഗ് ഹാര്‍ട് ഫൗണ്ടേഷന്‍ തുടക്കം കുറിച്ചു. യു എന്‍ എച്ച് സി ആറുമായി സഹകരിച്ച് ഷാര്‍ജ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ റെഫ്യൂജീ അഡ്വോകസി ആന്‍ഡ് സപ്പോര്‍ടാണ് ഒന്ന്. ജീവകാരുണ്യ മേഖലയിലെ സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്നതിനായാണിത്. മറ്റൊന്ന് ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഗേള്‍ ചൈല്‍ഡ് ഫണ്ട് രൂപവത്കരിച്ചതാണ്.
ശൈഖ ജവഹറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ബിഗ് ഹാര്‍ട് ഫൗണ്ടേഷന്‍ സിറിയ, ജോര്‍ദാന്‍, ലെബനാന്‍, ഫലസ്തീന്‍, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനവും ജീവന്‍രക്ഷാ സഹായങ്ങളും പണവും എത്തിച്ചു നല്‍കി.
കഴിഞ്ഞ വര്‍ഷം മെയില്‍ ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥികളുടെ സാത്തരി ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. 2017 ജൂലൈ-ഡിസംബര്‍ കാലയളവില്‍ സാത്തരി ക്യാമ്പില്‍ 108,000 പ്രാഥമിക ആരോഗ്യ പരിശോധനകള്‍ സംഘടിപ്പിച്ചു.
2017 സെപ്തംബറില്‍ ഈജിപ്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി 73 ലക്ഷം ദിര്‍ഹമിന്റെ സഹായം ചെയ്തു. ഈജിപ്ഷ്യന്‍ ജനതക്ക് മെച്ചപ്പെട്ട ആരോഗ്യസേവനം നല്‍കുന്നതിനായായിരുന്നു ഇത്.
കഴിഞ്ഞ നവംബറില്‍ ബംഗ്ലാദേശിലെ കുടുപലോംഗ് റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പിലും ബിഗ് ഹാര്‍ട് ഫൗണ്ടേഷന്‍ സഹായഹസ്തവുമായി ചെന്നു.
2017ന്റെ തുടക്കം മുതല്‍ ലെബനോനിലെ 21 സിറിയന്‍ അഭയാര്‍ഥി കുട്ടികളുടെ യൂണിവേഴ്‌സിറ്റി പഠനച്ചെലവിനും ജീവിതച്ചെലവിനുമായി 36.7 ലക്ഷം ദിര്‍ഹം ചെലവഴിച്ചു.
2017 ജനുവരിയില്‍ 2,500ലധികം സിറിയന്‍, ഇറാഖി കുടുംബങ്ങളെ സഹായിക്കാന്‍ ഫണ്ടിനായി “സ്‌നേഹ നിര്‍ഭര ഹൃദയങ്ങള്‍” ക്യാമ്പയിന് തുടക്കം കുറിച്ചു. സിറിയയിലെ അലെപ്പോ, ഇറാഖിലെ മൊസൂള്‍ നഗരങ്ങളിലെ കുടുംബങ്ങള്‍ക്ക് ഇത് വലിയ തുണയായി. ശൈത്യകാല രക്ഷാ സംവിധാനം, അഭയകേന്ദ്രം, അടിയന്തര സഹായ സേവനങ്ങള്‍ എന്നിവക്കാണ് ഫണ്ട് ചെലവഴിച്ചത്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ അതിശൈത്യത്തില്‍ നിന്ന് രക്ഷിക്കാന്‍ ബിഗ് ഹാര്‍ട് ഫൗണ്ടേഷനായി.

2017 മാര്‍ച്ചില്‍ ഫലസ്തീന്‍ അല്‍ താവൂന്‍ അസോസിയേഷന് നാല് ലക്ഷം ദിര്‍ഹം സംഭാവന നല്‍കി. ഗാസ സ്ട്രിപ്പിലെ 2,200 വിധവകളെയും അനാഥ കുഞ്ഞുങ്ങളെയും തണുപ്പില്‍ നിന്ന് രക്ഷിക്കാനുള്ള സംവിധാനങ്ങളൊരുക്കാനായിരുന്നു ഇത്.
2015ലാണ് ഷാര്‍ജ ആസ്ഥാനമായി ശൈഖ ജവഹര്‍ ദ ബിഗ് ഹാര്‍ട് ഫൗണ്ടേഷന് തുടക്കം കുറിച്ചത്. അറബ് മേഖലയില്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുകയും ശാക്തീകരിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും ഇന്ന് ലോകമെങ്ങും പ്രതീക്ഷയുടെ “വിശാല ഹൃദയ”മായി ബിഗ് ഹാര്‍ട് ഫൗണ്ടേഷന്‍ മാറിയിട്ടുണ്ട്.

---- facebook comment plugin here -----

Latest