Connect with us

National

കോച്ച് ഫാക്ടറി: മലക്കം മറിഞ്ഞ് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. റെയില്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുന്നുവെന്നും പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ നിര്‍മാണത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴാണ് കേരളത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി റെയില്‍വേ മന്ത്രി രംഗത്തെത്തിയത്. റെയില്‍വേ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് സഹകരിക്കുന്നില്ലെന്നും ഈ സമീപനം മൂലം കഷ്ടപ്പെടുന്നത് ജനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കോച്ച് ഫാക്ടറി ബി ജെ പി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഇതനുവദിക്കില്ലെന്നും റെയില്‍വേ കണ്‍വെന്‍ഷന്‍ കമ്മിറ്റി അംഗം കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്നലെ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കമ്മിറ്റി റെയില്‍വേ അധികൃതരോട് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഇടത് എം പിമാര്‍ ഈ മാസം 22ന് ഡല്‍ഹിയില്‍ നടത്തുന്ന ധര്‍ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ പൊതു ആവശ്യമെന്ന നിലയില്‍ യോജിച്ച് സമരത്തിന് തയ്യാറായിരുന്നെന്നും 25ന് യു ഡി എഫ്. എം പിമാര്‍ ധര്‍ണ നടത്തുമെന്നും കെ സി വേണുഗോപാലും വ്യക്തമാക്കി.
ആവശ്യത്തിനുള്ള കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോഴുള്ള ഫാക്ടറികള്‍ തന്നെ മതിയെന്നും ഈ സാഹചര്യത്തില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുകയാണെന്നും കാണിച്ച് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി എം ബി രാജേഷ് എം പിക്ക് കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

റെയില്‍വേയുടെ എല്ലാ സോണുകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 15 മുതല്‍ ട്രെയിന്‍ സമയങ്ങള്‍ പുനഃക്രമീകരിക്കുമെന്നും ഞായറാഴ്ചകളില്‍ ട്രെയിനുകള്‍ അധിക സമയം വൈകുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് പുതുക്കിയ സമയക്രമം നിലവിലുണ്ടാകുക.

Latest