Connect with us

Kerala

കരിപ്പൂരിന് വീണ്ടും ഇരുട്ടടി; ഫയര്‍ സര്‍വീസ് ഗ്രേഡ് കുറച്ചു

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന് വീണ്ടും അവഗണനയുടെ കൈപ്പുനീര്‍. ഏറ്റവും ഒടുവില്‍ അഗ്‌നിശമന സേനയുടെ കാറ്റഗറിയാണ് ഇപ്പോള്‍ താഴ്ത്തിക്കെട്ടിയത്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ സേന കാറ്റഗറി 9 വിഭാഗത്തില്‍പ്പെട്ടതായിരുന്നു. ഇത് ഏഴിലേക്ക് ചുരുക്കിയാണ് സേനയുടെ സേവനങ്ങള്‍ വെട്ടിക്കുറച്ചത്.

കൊച്ചി വിമാനത്താവളം കഴിഞ്ഞാല്‍ ഏറ്റവും മികച്ച അഗ്‌നിശമന സേനയാണ് കരിപ്പൂരിലേത്. ഒരു വാഹനത്തിന് മാത്രം അഞ്ച് കോടി വിലയുള്ള നാല് വിദേശ നിര്‍മിത അഗ്‌നിശമന വാഹനങ്ങളാണ് കരിപ്പൂരിനുള്ളത്. അടിയന്തിര ഘട്ടങ്ങളില്‍ പുറത്തുള്ള സേവനങ്ങള്‍ക്കും പ്രത്യേക അനുമതിയോടെ അഗ്‌നിശമന വാഹനം വിട്ടുകൊടുക്കാറുണ്ട്. കൊണ്ടോട്ടി ടൗണിലും കോഴിക്കോട് മിഠായിത്തെരുവിലും തീപ്പിടിത്തമുണ്ടായപ്പോള്‍ ഓടിയെത്തിയത് കരിപ്പൂരിലെ അഗ്‌നിശമന സേനയാണ്.

സംസ്ഥാന സര്‍ക്കാറിന്റെ അഗ്‌നിശമന സേനയുടെ വാഹനത്തിന്റെ നൂറിരട്ടി ശക്തിയുള്ളതാണ് കരിപ്പൂരിലെ വാഹനങ്ങള്‍. കാറ്റഗറി കുറക്കുന്നതോടെ ഈ വാഹനങ്ങളും സേനാംഗങ്ങളെയും പിന്‍വലിക്കും. വിമാനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ വേഗത്തില്‍ രക്ഷക്കെത്തുന്നതിനുള്ളതാണ് ഈ അത്യാധുനിക വാഹനങ്ങള്‍. 200 മിറററില്‍ അധികം ഉയരത്തില്‍ വരെ ഈ വാഹനത്തിന് വെള്ളം ചീറ്റാനാകും. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇല്ല എന്നതാണ് അഗ്‌നിശമന സേനയുടെ കാറ്റഗറി കുറക്കുന്നതിന് കാരണമായി പറയുന്നത്.

സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ കാറ്റഗറിക്കനുസരിച്ചാണ് അഗ്‌നിശമന സേനയുടെ കാറ്റഗറിയും നിശ്ചയിക്കുന്നത്. കരിപ്പൂരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വലിയ ജംബോ വിമാനങ്ങള്‍ക്ക് അനുമതിയില്ല. റണ്‍വേ റീ ടാറിംഗ് പൂര്‍ത്തിയായതോടെ 300 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാവുന്നതാണെന്ന് കാണിച്ച് കരിപ്പൂരില്‍ നിന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലേയും സിവില്‍ ഏവിയേഷന്‍ വിഭാഗത്തിലേയും സാങ്കേതിക വിഭാഗം ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ കരിപ്പൂര്‍ സന്ദര്‍ശിക്കുകയും നോ ഒബ്ജക്ഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഒരു വര്‍ഷമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം വരെയും അനുകൂലമായ തീരുമാനമെടുത്തിട്ടില്ല.

Latest