Connect with us

Gulf

രാജ്യസഭാ സീറ്റ്; പ്രവാസി ഘടകത്തിലും പ്രതിഷേധം

Published

|

Last Updated

അബുദാബി: കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ നേതൃത്വത്തിന്റെ തീരുമാനം അപക്വമായിപ്പോയെന്ന് കോണ്‍ഗ്രസിന്റെ പ്രവാസി ഘടകം. യു ഡി എഫിലേക്ക് ആകര്‍ഷിക്കുന്നതിനായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ദാനമായി നല്‍കിയതാണ് കോണ്‍ഗ്രസ് പ്രവാസി സംഘടനകളിലും പ്രതിഷേധം ശക്തമാകാന്‍ കാരണം.

വിവിധ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനകളും പ്രവര്‍ത്തകരും അതിശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പ്രവാസ ലോകത്തെ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും കടുത്ത നിരാശയിലാണ്. പലരും സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റും തങ്ങളുടെ രോഷം പരസ്യമായി പങ്കുവെക്കുകയും ചെയ്തു. അണികളെ വിശ്വാസത്തിലെടുത്ത് ചര്‍ച്ച ചെയ്ത് ബോധ്യപ്പെടുത്താതെ എടുത്ത തീരുമാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അണികളെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ നേതൃത്വം പരാജയപ്പെട്ടു. ദേശീയ പാര്‍ട്ടി പ്രാദേശിക പാര്‍ട്ടിക്ക് മുന്നില്‍ കീഴടങ്ങി. ഇന്‍കാസ് തൃശൂര്‍ ജില്ല അബുദാബി പ്രസിഡന്റ് ഖാദര്‍ തിരുവത്ര വ്യക്തമാക്കി. ഉള്‍കൊള്ളാന്‍ കഴിയാത്ത മാനസികാവസ്ഥയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിലവിലുള്ളത്, അദ്ദേഹം പറഞ്ഞു.

സീറ്റ് നല്‍കിയതില്‍ ദുഃഖമുണ്ടെങ്കിലും ബി ജെ പിയെ എതിര്‍ക്കുന്നതിന് നേതൃത്വം കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ഇന്‍കാസ് അബുദാബി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സലീം ചിറക്കല്‍ വ്യക്തമാക്കി. പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ നേതൃത്വം പൂര്‍ണമായും പരാജയപ്പെട്ടു. നിര്‍വാഹക സമിതി വിളിച്ചു പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തണമായിരുന്നുവെന്ന് ഇന്‍കാസ് അബുദാബി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് യേശുശീലന്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കന്മാരെ ബഹുമാനിക്കണം, പ്രവര്‍ത്തന പാരമ്പര്യമുള്ള പൂര്‍വികരെ ഉള്‍പ്പെടുത്തി മുന്നോട്ട് പോകണം. ദേശീയ പാര്‍ട്ടിയെ സംസ്ഥാന പാര്‍ട്ടി നിയന്ത്രിക്കുന്ന നില അംഗീകരിക്കാന്‍ കഴിയില്ല. പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കുന്ന കാര്യത്തില്‍ നേതൃത്വം പരാജയപ്പെട്ടു. എന്നാല്‍ ഏത് അഭിപ്രായവും പാര്‍ട്ടി വേദിയില്‍ ഉന്നയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണിയില്‍ പോലുമല്ലാത്ത മാണി വിഭാഗത്തിന് ഒഴിവു വന്ന രാജ്യ സഭാ സീറ്റ് നല്‍കിയതില്‍ ഏറെ അമര്‍ശത്തോടെയാണ് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇത് ഭാവിയില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമാണുണ്ടാക്കുകയെന്നും കേരളത്തിനെ കോണ്‍ഗ്രസ് നേതൃത്വം ആത്മഹത്യാ പരമായ തീരുമാനമാണ് കൈക്കൊണ്ടതെന്നും സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ ഈ നീക്കം ബി ജെ പി യെ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂവെന്നു ഒരു വിഭാഗം വിളിച്ചു പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ കേരളത്തിലെ അഭിമാനം ഡല്‍ഹിയില്‍ കൊണ്ടുപോയി പണയം വെച്ചിരിക്കുകയാണ്. യുവാക്കള്‍ക്ക് പ്രതീക്ഷയായി ഒരു കോണ്‍ഗ്രസ് നേതാവ് ഒഴിവു വരുന്ന രാജ്യസഭയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി കടന്നെത്തിയ മാണി വിഭാഗവും അവര്‍ക്ക് സീറ്റ് നല്‍കിയതിലെ കാര്യവും ഒട്ടും മനസ്സിലാകാതെ നില്‍ക്കുകയാണ് പ്രവാസ ലോകത്തെ കോണ്‍ഗ്രസ് അനുകൂല പ്രവര്‍ത്തകര്‍. പ്രവാസ കോണ്‍ഗ്രസ് സംഘടനകളും തീരുമാനത്തിനെതിരെ രംഗത്തെത്തിയത് ഈയവസരത്തിലാണ്.

Latest