Connect with us

Sports

ആര്‍ത്തുവിളിക്കാന്‍ റഷ്യയിലേക്ക് 60,000 ബ്രസീലിയന്‍സ്..!

Published

|

Last Updated

റിയോ ഡി ജനീറോ: ലോകകപ്പില്‍ മഞ്ഞപ്പടക്ക് വേണ്ടി ആര്‍ത്തുവിളിക്കാന്‍ റഷ്യയിലേക്കെത്തുക അറുപതിനായിരത്തോളം ബ്രസീലിയന്‍ ആരാധകര്‍. ബ്രസീലിന്റെ വിദേശകാര്യ മന്ത്രി അലോയ്‌സിയോ ന്യൂനെസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോകകപ്പ് മത്സരങ്ങള്‍ക്കായി അറുപതിനായിരം ബ്രസീലുകാര്‍ ടിക്കറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ റഷ്യയിലെ കസാന്‍, സമാറ, റൊസ്‌തോവ് -ഒണ്‍-ഡൊന്‍, സോചി, സെന്റ്പീറ്റഴ്‌സ്ബര്‍ഗ് എന്നിവിടങ്ങളില്‍ ബ്രസീല്‍ താത്കാലിക സ്ഥാനപതി കാര്യാലയങ്ങള്‍ തുറന്നിട്ടുണ്ട്.
ഓരോ കാര്യാലയത്തിലും മൂന്ന് വീതം ഉദ്യോഗസ്ഥരെ നിയോഗിച്ചു.

വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും ചേര്‍ന്ന് 134 പേജുള്ള നിര്‍ദേശപ്പട്ടിക റഷ്യയിലേക്ക് പോകുന്നവര്‍ക്കായി തയ്യാറാക്കി നല്‍കിയിട്ടുണ്ട്. റഷ്യയുടെ ആചാരങ്ങളും നിയമാവലികളും അടങ്ങുന്നതാണിത്. വിമാനത്താവളത്തിലും എംബസികളിലും ഈ ഗൈഡ് ലഭ്യമാണ്. എല്ലാ വിദേശികളെയും റഷ്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ഔദ്യോഗിക സന്ദേശം നല്‍കി.

നിങ്ങള്‍ക്കിത് സ്വന്തം രാജ്യം പോലെ അനുഭവപ്പെടും. ലോകത്തെ വിവിധ ഫുട്‌ബോള്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ മണ്ണിലെത്തുന്നത് സന്തോഷകരമാണ്. ഈ അവസരം ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും വൈകാരികതയുടേതുമാണ്. ഈ ലോകകപ്പ് എക്കാലവും സ്മരിക്കപ്പെടുന്നതാക്കി മാറ്റാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട് – പുടിന്‍ പറഞ്ഞു.പതിമൂന്ന് ബില്യണ്‍ ഡോളറാണ് സന്ദര്‍ശകര്‍ക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കുവാന്‍ വേണ്ടി റഷ്യ ചെലവഴിക്കുന്നത്. പതിനൊന്ന് നഗരങ്ങളിലായിട്ടാണ് ടൂര്‍ണമെന്റ്.

Latest