Connect with us

National

തൊപ്പിയിട്ട് കൈ നെഞ്ചോട് ചേര്‍ത്ത് ആര്‍ എസ് എസ് ശൈലിയില്‍ പ്രണാബ്; കൃത്രിമ ചിത്രം പ്രചരിക്കുന്നു

Published

|

Last Updated

നാഗ്പൂര്‍ ആര്‍ എസ് എസ് ആസ്ഥാനത്തെ പരിപാടിയുടെ യഥാര്‍ഥ ചിത്രം (ഇടത്). കൃത്രിമ ചിത്രം (വലത്)

ന്യൂഡല്‍ഹി: നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തെ പ്രഭാഷണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ആര്‍ എസ് എസ് രീതിയില്‍ കൈ നെഞ്ചോട് ചേര്‍ത്ത് തലയില്‍ തൊപ്പിവെച്ച് നേതാക്കളോടൊപ്പം സല്യൂട്ട് സ്വീകരിക്കുന്നതാണ് ചിത്രത്തിലുള്ളത്. യഥാര്‍ഥത്തില്‍ പ്രണാബ് അറ്റന്‍ഷനായി നില്‍ക്കുക മാത്രമെ ചെയ്തുള്ളൂ. തൊപ്പിയുമുണ്ടായിരുന്നില്ല. ഇതാണ് താന്‍ ഭയപ്പെട്ടതെന്നും പിതാവിന് മുന്നറിയിപ്പ് നല്‍കിയതെന്നും മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിസ്ത മുഖര്‍ജി പറഞ്ഞു. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വൃത്തികെട്ട തന്ത്രങ്ങളുടെ വകുപ്പ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

പരിപാടിക്ക് ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ വൃത്തികെട്ട പ്രവൃത്തിയുണ്ടായത്. കൃത്രിമ ചിത്രമടങ്ങിയ ട്വീറ്റ് ശര്‍മിസ്ത് റിട്വീറ്റ് ചെയ്തിരുന്നു. ബി ജെ പിയുടെ വൃത്തികെട്ട തന്ത്രങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഈ സംഭവത്തിലൂടെ പ്രണാബ് തിരിച്ചറിഞ്ഞിട്ടുണ്ടാകും. പ്രഭാഷണം വിസ്മരിക്കപ്പെടുകയും ദൃശ്യങ്ങള്‍ ബാക്കിയാകുകയും അവ വ്യാജ പ്രസ്താവനകളുടെ അകമ്പടിയോടെ പ്രചരിപ്പിക്കപ്പെടുമെന്നും അവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രണാബിന്റെ നാഗ്പൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ശര്‍മിസ്ത ബി ജെ പിയില്‍ ചേരുമെന്ന പ്രചാരണം ശക്തമായ വേളയിലായിരുന്നു അവര്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, വിഭജിക്കുന്ന രാഷ്ട്രീയ ശക്തികളാണ് പ്രണാബിന്റെ വ്യാജ ചിത്രത്തിന് പിന്നിലെന്ന് ആര്‍ എസ് എസ് കുറ്റപ്പെടുത്തി.

Latest