Connect with us

Kerala

കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ പളനി അന്തരിച്ചു

Published

|

Last Updated

ആലപ്പുഴ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കഞ്ഞിക്കുഴി ഒമ്പതാം വാര്‍ഡില്‍ തോപ്പില്‍ ടി കെ പളനി (85) അന്തരിച്ചു. പുന്നപ്രവയലാര്‍, മാരാരിക്കുളം സമരത്തിലെ രക്തസാക്ഷി തോപ്പില്‍ കുമാരന്റെ സഹോദരനാണ്. വി എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് മത്സരിച്ചപ്പോള്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. അച്യുതാനന്ദന്റെ തോല്‍വിയെത്തുടര്‍ന്ന് സി പി എം പളനിക്കെതിരെ അച്ചടക്ക നടപടിയെടുത്തു. വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും നിരന്തര അവഗണനയില്‍ മനംമടുത്ത് അദ്ദേഹം പാര്‍ട്ടി വിടുകയും സി പി ഐയില്‍ ചേരുകയും ചെയ്തു.

കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷന്‍, പ്രോഗ്രസ്സീവ് ഗ്രന്ഥശാല പ്രസിഡന്റ്, പ്രോഗ്രസ്സീവ് ക്ലബ് രക്ഷാധികാരി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്നു. അര്‍ബുദ രോഗ ബാധിതനായിരുന്ന പളനി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 7.30 ഓടെയാണ് മരിച്ചത്.

ഭാര്യ: സുകുമാരിയമ്മ (റിട്ട. അധ്യാപിക). മക്കള്‍: പി അജിത്ത് ലാല്‍ (റിട്ട. അധ്യാപകന്‍ എ ബി വി എച്ച് എസ് എസ് മുഹമ്മ, ജില്ലാ വോളീബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്), ടി പി പ്രഭാഷ് ലാല്‍ (സബ് ജഡ്ജി,ഫോര്‍ട്ട് കൊച്ചി), പി ജയലാല്‍ (പ്രിന്‍സിപ്പാള്‍ എച്ച് എസ് എസ് വീയപുരം), ബിന്ദു (ജീവനക്കാരി, എസ് എന്‍ ട്രസ്റ്റ് സ്‌കൂള്‍ ചെങ്ങന്നൂര്‍). മരുമക്കള്‍ ജോളി അജിത്ത് ലാല്‍, സിബി പ്രഭാഷ് ലാല്‍ (അധ്യാപിക ശ്രീകണ്‌ഠേശ്വരം എച്ച് എസ് പൂച്ചാക്കല്‍), ഇന്ദു ജയലാല്‍, മോഹന്‍ദാസ് ( സീനിയര്‍ സൂപ്രണ്ട്, കെ എസ് ഇ ബി, കലവൂര്‍). സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

---- facebook comment plugin here -----

Latest