Connect with us

Gulf

റോഡില്‍ ഒറ്റപ്പെട്ട ഏഴു വയസുകാരിക്ക് പോലീസ് രക്ഷകരായി

Published

|

Last Updated

പോലീസ് സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയെ പിതാവിന് കൈമാറിയപ്പോള്‍

അജ്മാന്‍: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഏഴു വയസ്സുകാരി റോഡില്‍ ഒറ്റപ്പെട്ടപ്പോള്‍ രക്ഷകരായി അജ്മാന്‍ പോലീസ്.
റാശിദിയ്യയില്‍ പാലത്തിനു സമീപത്തു നിന്നാണ് ഏഷ്യന്‍ വംശജയായ ഏഴു വയസ്സുകാരിയെ ജനറല്‍ കമാന്‍ഡ് ഓഫ് അജ്മാന്‍ പോലീസ് കണ്ടെത്തിയത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടിയുടെ കൂടെ രക്ഷിതാക്കള്‍ ഒപ്പം ഇല്ലെന്നു കണ്ടതോടെയാണ് പട്രോളിങ്ങിന് എത്തിയ പോലീസ് ഇടപെട്ടത്.

കുട്ടി രക്ഷിതാക്കളെ തേടുകയാണെന്നും ഈ പ്രദേശത്ത് എവിടെയോ തന്നെയാണ് കുട്ടിയുടെ വീടെന്നും വ്യക്തമായി. തുടര്‍ന്ന് കുട്ടിക്കൊപ്പം രക്ഷിതാക്കളെ തേടി പോലീസും മുന്നിട്ടിറങ്ങുകയും എവിടെയാണ് താമസ സ്ഥലമെന്ന് കുട്ടി പറഞ്ഞു കൊടുത്ത ചില സൂചനകള്‍ വച്ച് പോലീസ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്, കുട്ടിയുടെ 31 വയസ്സുള്ള പിതാവിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും ഏഴു വയസുകാരിയെ കൈമാറുകയുമായിരുന്നു.

കുട്ടിയെ രക്ഷിക്കുകയും തങ്ങളുടെ കൈകളില്‍ തിരികെ എത്തിക്കുകയും ചെയ്ത അജ്മാന്‍ പോലീസിന് കുട്ടിയുടെ പിതാവ് നന്ദി അറിയിച്ചു. തീര്‍ത്തും പ്രൊഫഷണല്‍ രീതിയില്‍ ഉള്ള ഇടപെടല്‍ ആയിരുന്നു പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും വളരെ ആത്മാര്‍ഥമായി അവരുടെ കടമ അവര്‍ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളും രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തില്‍ കുറേക്കൂടെ ശ്രദ്ധചെലുത്തണമെന്ന് ജനറല്‍ കമാന്‍ഡ് ഓഫ് അജ്മാന്‍ പോലീസ് അറിയിച്ചു. ഒരു കാരണവശാലും കുട്ടികളെ പ്രത്യേകിച്ച് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരെ തനിച്ച് പുറത്തേക്ക് വിടരുത്. രക്ഷിതാക്കളോ മുതിര്‍ന്നവരോ നിര്‍ബന്ധമായും ഒപ്പം വേണമെന്നും എല്ലാവരുടെയും സുരക്ഷക്കാണ് പ്രധാന്യം നല്‍കുന്നതെന്നും പോലീസ് പറഞ്ഞു.

Latest