Connect with us

National

ഇന്നറിയാം കന്നഡയുടെ ഭാവി

Published

|

Last Updated

ബെംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പത്തോടെ തന്നെ തരംഗം എന്തെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവും. ഉച്ചയോടെ മുഴുവന്‍ മണ്ഡലങ്ങളിലെയും ഫലങ്ങള്‍ അറിയാന്‍ കഴിയും. സംസ്ഥാനത്ത് 38 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. 224 മണ്ഡലങ്ങളില്‍ 222 ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവരില്‍ 112 സീറ്റുകള്‍ നേടുന്ന കക്ഷിക്ക് സംസ്ഥാന ഭരണത്തിലെത്താന്‍ കഴിയും.

സംസ്ഥാനത്ത് തൂക്കുസഭക്കാണ് സാധ്യതയെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ദിശയിലേക്ക് ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. എന്നാല്‍, തൂക്കുസഭക്ക് കളമൊരുങ്ങുകയില്ലെന്നും കോണ്‍ഗ്രസിന് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. തൂക്കുസഭ വരികയാണെങ്കില്‍ ജനതാദള്‍-എസുമായി സഖ്യം ഉറപ്പിക്കാന്‍ ബി ജെ പി നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കെ പി സി സി അധ്യക്ഷന്‍ ഡോ. ജി പരമേശ്വര ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി. തൂക്കുസഭ വരുമെന്നാണ് പ്രവചിച്ചതെങ്കിലും കേവല ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും ബി ജെ പിയും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് കോണ്‍ഗ്രസ് ക്യാമ്പുകള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. 72. 13 ശതമാനം പോളിംഗാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ തവണ ഇത് 71.45 ശതമാനമായിരുന്നു. കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ ഡോ. ജി പരമേശ്വര പ്രതികരിച്ചു. ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജനതാദള്‍- എസ് നിലപാടായിരിക്കും നിര്‍ണായകമാവുക. മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി ജെ പി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയും തലസ്ഥാനത്തുണ്ട്. സിംഗപ്പൂരിലായിരുന്ന എച്ച് ഡി കുമാരസ്വാമി ഇന്നലെ രാത്രിയോടെ ബെംഗളൂരുവില്‍ തിരിച്ചെത്തി.

അതിനിടെ, ബെംഗളൂരു നഗര മേഖലയില്‍ പോളിംഗ് ശതമാനം കുറഞ്ഞത് കോണ്‍ഗ്രസിനെയും ബി ജെ പിയെയും ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് ഉണ്ടായത് ഇവിടെയാണ്. 54 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. 2013ല്‍ 57. 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്തവണ ആറ് ശതമാനത്തോളം കുറവുണ്ടായത്. കഴിഞ്ഞ തവണ ബെംഗളൂരുവില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസിന് 13 സീറ്റും ബി ജെ പിക്ക് 12 സീറ്റും ജനതാദള്‍- എസിന് മൂന്ന് സീറ്റുമാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ബെംഗളൂരുവിലെ 198 വാര്‍ഡുകളില്‍ നൂറെണ്ണത്തിലും ബി ജെ പിയാണ് ഭരണം കൈയാളുന്നത്.

പോളിംഗ് ശതമാനം ഉയര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ബെംഗളൂരുവില്‍ ഇത് കാര്യമായ ഫലം ചെയ്തിട്ടില്ല.

ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ തിരഞ്ഞെടുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയത് തന്നെ യുവാക്കളെ പോളിംഗ് ബൂത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നു.

മൂന്ന് ബൂത്തുകളില്‍ റീ പോളിംഗ്

ബെംഗളൂരു: വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച മൂന്ന് ബൂത്തുകളില്‍ ഇന്നലെ റീ പോളിംഗ് നടന്നു. ബെംഗളൂരു ഹെബ്ബാളിലെ രണ്ടാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനായ ഗാന്ധി വിദ്യാലയത്തിലും വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊപ്പല്‍ ജില്ലയില്‍പെട്ട കുസ്തഗിയിലെ രണ്ട് പോളിംഗ് ബൂത്തുകളിലുമാണ് ഇന്നലെ റീ- പോളിംഗ് നടന്നത്. ഹെബ്ബാളിലെ ബൂത്തില്‍ 1,444 വോട്ടര്‍മാരും കുസ്തഗിയില്‍ 275 വോട്ടര്‍മാരുമാണുള്ളത്.

ഹെബ്ബാളില്‍ കോണ്‍ഗ്രസ്- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ബി ജെ പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ജയനഗര്‍ മണ്ഡലത്തിലെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെയും വോട്ടെടുപ്പ് നീട്ടി വെച്ചിട്ടുണ്ട്.

ജാലഹള്ളിയില്‍ മഞ്ജുള നന്‍ജമാരിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് 9746 തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു ലക്ഷം കൗണ്ടര്‍ ഫോയിലുകളും പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്‍ ആര്‍ നഗറിലെ കോണ്‍ഗ്രസ് എം എല്‍ എയും സ്ഥാനാര്‍ഥിയുമായ എന്‍ മുനിരത്‌നക്ക് കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. ഇവിടെ ഈ മാസം 28ന് തിരഞ്ഞെടുപ്പ് നടക്കും. 31ന് ഫലം പ്രഖ്യാപിക്കും. ജയനഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് തീരുമാനിച്ചിട്ടില്ല.

---- facebook comment plugin here -----

Latest