Connect with us

Kerala

തലസ്ഥാനത്ത് മഴക്കെടുതി: വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

Published

|

Last Updated

തിരുവനന്തപുരം: ജില്ലയില്‍ മഴക്കെടുതിയില്‍ ഒരു വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മുങ്ങി മരിച്ചു. ഒരാളെ ഒഴുക്കില്‍പെട്ട്്് കാണാതായി. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ കരകുളം മുല്ലശേരി മാങ്കാല സനുഭവനില്‍ രാധാകൃഷ്ണന്‍ -സനൂജ ദമ്പതികളുടെ മകന്‍ മനു (26)നെയാണ് ഇന്നലെ വൈകീട്ട് കരമനയാറില്‍ കാണാതായത്.

ടിപ്പര്‍ ഡ്രൈവറായ മനു വൈകീട്ട് നാലരയോടെ നാല് സുഹൃത്തുക്കളുമായി വെമ്പന്നൂര്‍ വികാസ് നഗര്‍ കടവില്‍ കുളിക്കാനിറങ്ങുകയായിരുന്നു. നീന്തി കുളിക്കുന്നതിനിടെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ മനുവിനെ കണ്ടെത്താന്‍ നടത്തിയ ശ്രമം വിഫലമായതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറ്റില്‍ നല്ല ഒഴുക്കുണ്ടായിരുന്നതിനാലും കാലാവസ്ഥ പ്രതികൂലമായതിനാലും തിരച്ചില്‍ വൈകീട്ടോടെ നിര്‍ത്തിവക്കുകയായിരുന്നു. സനു രാധാകൃഷ്ണന്‍ സഹോദരനാണ്.

വിതുര കല്ലാര്‍ വട്ടക്കയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കരമന സ്വദേശി അതുല്‍ (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയൊടെയാണ് സംഭവം. എട്ട് പേരടങ്ങുന്ന വിദ്യാര്‍ഥി സംഘത്തിലെ രണ്ട് പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ കുടെയുള്ളവര്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിക്കൂടുകയും ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. അതുലിനെ രക്ഷിക്കാനായില്ല. പ്ലസ് വണ്‍ കഴിഞ്ഞ് പ്ലസ് ടുവിലേക്ക് കടക്കാനിരിക്കെ അവധിക്കാലം ആഘോഷിക്കാനായി കല്ലാറില്‍ സുഹൃത്തുക്കളോടൊപ്പം എത്തുകയായിരുന്നു. സ്ഥിരം അപകട മേഖലയാണ് വട്ടക്കയം.

മാമ്പഴക്കര ആറ്റില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കളില്‍ ഒരാള്‍ മുങ്ങി മരിച്ചു. അമ്പലപ്പുഴ വലിയിലയ്ക്കല്‍ വീട്ടില്‍ ധര്‍മ്മരാജ് – ബിന്ദു ദമ്പതികളുടെ മൂത്ത മകന്‍ വിനോജ് (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആലപ്പുഴ നിന്നു നെയ്യാറ്റിന്‍കര മാമ്പഴക്കരയിലുളള ബന്ധുവീട്ടില്‍ എത്തിയതായിരുന്നു നാല് യുവാക്കളും. ആറ്റില്‍ കുളിക്കാനിറങ്ങുമ്പോള്‍ അനുജന്‍ വെളളത്തില്‍ മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാന്‍ ചാടിയതാണ് സഹോദരനായ വിനോജ്. അനുജനെ രക്ഷിച്ചതിന് ശേഷം സ്വയം നീന്തി കയറാന്‍ കഴിയാതെ വിനോജ് മുങ്ങി താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നെയ്യാറ്റിന്‍കര പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു നല്‍കും.

മുങ്ങിത്താഴുന്ന സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കരമനയാറ്റില്‍ മുങ്ങി മരിച്ചു. കരമന നെടുങ്കാട് മങ്കാട്ടുകോണത്ത് വീട്ടില്‍ ചന്ദ്രന്‍- ഷീല ദമ്പതികളുടെ മകന്‍ വിഷ്ണു (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം. ആറ് പേരടങ്ങുന്ന സുഹൃത് സംഘം കരമനയാറിലെ കാഞ്ചിപുരം കടവില്‍ കുളിക്കുകയായിരുന്നു. ഇതില്‍ കൂടെയുണ്ടായിരുന്ന പ്രഭു ചെളിയില്‍ പുതഞ്ഞ് മുങ്ങിതാഴ്ന്നു. പ്രഭുവിനെ രക്ഷപ്പെടുത്തിയശേഷം വിഷ്ണു നീന്താന്‍ ശ്രമിക്കുന്നതിനിടയില്‍ ചെളിയില്‍ പുതഞ്ഞ് മുങ്ങിത്താണു. കണ്ടു നിന്നവര്‍ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച വിഷ്ണു. വൈഷണവി സഹോദരി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest