Connect with us

Techno

സ്മാര്‍ട് ട്രോളി ബാഗ്; ഇനി ഭാരം വലിക്കേണ്ടതില്ല

Published

|

Last Updated

എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും എന്നല്ല, നാം യാത്ര ചെയ്യുന്നിടത്തെല്ലാം നമ്മോടൊപ്പം സ്വയം ചലിക്കുന്ന ട്രോളി ബാഗുകള്‍ ഉണ്ടായാല്‍ എങ്ങനെയുണ്ടാകും? ഭാരം തൂക്കിപ്പിടിച്ച് കൈ കുഴയുകയോ വലിച്ചു വലിച്ചു മുഷികയോ വേണ്ടല്ലോ.

സ്മാര്‍ട് ഉപകരണങ്ങളുടെ ശ്രേണിയിലേക്ക് ഈയടുത്തായി കടന്നു വന്ന അതിഥിയാണ് സ്മാര്‍ട് ട്രോളി ബാഗുകള്‍. സാധാരണ ട്രോളി ബാഗുകള്‍ പോലെ തന്നെ. പക്ഷേ ചില വ്യത്യാസങ്ങളുണ്ടെന്നു മാത്രം. സ്മാര്‍ട് ബാഗുകള്‍ കേവലം സാധനങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമുള്ളതല്ല. മറ്റു വിവിധങ്ങളായായ ആവശ്യങ്ങള്‍ക്കു കൂടി അത് ഉപയോഗിക്കാം.

GSM (Global System for Mobile Communication) സൗകര്യം ഉപയോഗിച്ചാണ് ഇത്തരം സ്മാര്‍ട് ബാഗുകള്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ കൈയില്‍ അണിഞ്ഞിരുന്ന സ്മാര്‍ട്ട് വാച്ചുമായി, അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണുമായി ബ്ലൂടൂത്ത് വഴിയോ വൈഫൈ വഴിയോ ബന്ധിപ്പിക്കാന്‍ കഴിയും എന്നതാണ് സ്മാര്‍ട്ട് ബാഗുകളുടെ പ്രത്യേകത. ഇതില്‍ തന്നെ ഏജട സംവിധാനമുള്ളവയും ഉണ്ട്. സാധാരണ ബാഗുകളെപ്പോലെ സാധനങ്ങളുടെ സുരക്ഷക്ക് താഴിട്ടു പൂട്ടേണ്ടതില്ല. മൊബൈല്‍ ആപ്പ് വഴി ഒരു ക്ലിക്കിലൂടെ സ്മാര്‍ട്ട് ബാഗുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും.

GPS സൗകര്യമുള്ളവയാണെങ്കില്‍, നിങ്ങളുടെ ബാഗേജ് ലോകത്ത് എവിടെയാണുള്ളതെങ്കിലും മൊബൈല്‍ ആപ്പ് വഴി ട്രാക് ചെയ്യാനും സാധിക്കും. അശ്രദ്ധമായി ബാഗ് എവിടെയെങ്കിലും മറന്നു പോയാല്‍ അത് ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് കൃത്യമായി കണ്ടെത്താനാകുമെന്നു സാരം.

എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം ബാഗേജുകളുടെ അധികത്തൂക്കം ആലോചിച്ച് ആശങ്കപ്പെടുന്നവര്‍ക്കും സ്മാര്‍ട്ട് ട്രോളി ബാഗുകള്‍ ഒരനുഗ്രഹമാണ്. വെയിങ് മെഷീന്റെ സഹായമില്ലാതെ തന്നെ ബാഗേജിന്റെ കൃത്യമായ തൂക്കം അതിന്റെ ഡിസ്‌പ്ലേ ബോര്‍ഡില്‍ ദൃശ്യമാകും.
എയര്‍പോര്‍ട്ടില്‍, ബാഗേജുകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും ബാഗില്‍ നിന്നു വല്ലതും നഷ്ടമായോ എന്നറിയാന്‍ ഈ സൗകര്യം നമ്മെ സഹായിക്കും.

യാത്രക്കിടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യേണ്ടതായി വരുമ്പോള്‍ സ്മാര്‍ട്ട് ബാഗ് നിങ്ങളുടെ സഹായത്തിനെത്തുന്നു. ആറു തവണയെങ്കിലും റീചാര്‍ജ് ചെയ്യാവുന്ന അത്രയും പവര്‍ സ്‌റ്റോറേജ് സൗകര്യം സ്മാര്‍ട് ബാഗുകളില്‍ ലഭ്യമാണ്.

എന്നാല്‍ ഈ സൗകര്യം സ്വായത്തമാക്കുന്നതിനായി അവയില്‍ ലീഥിയം ബാറ്ററി ഉപയോഗിക്കുന്നു എന്നതിനാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി യു എ ഇ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ പല എയര്‍ലൈനുകളും സ്മാര്‍ട്ട് ബാഗുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഗ്ലോബല്‍ എയര്‍ലൈന്‍ ഗ്രൂപ്പിംഗ് അയാട്ട നിര്‍ദേശങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്മാര്‍ട്ട് ബാഗ് കൊണ്ടു പോകുകയാണെങ്കില്‍ത്തന്നെ നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ളതായിരിക്കണം. ക്യാബിന്‍ ബാഗേജിന്റെ നിശ്ചിത വലിപ്പവും ഭാരവുമുള്ള സ്മാര്‍ട്ട് ബാഗുകള്‍ മാത്രമേ ക്യാബിനില്‍ അനുവദിക്കൂ. ബാറ്ററി സ്മാര്‍ട്ട് ബാഗില്‍ നിന്ന് ഊരി മാറ്റേണ്ടതില്ല. എന്നാല്‍ സ്മാര്‍ട്ട് ബാഗ് പൂര്‍ണമായും പവര്‍ ഓഫായിരിക്കണം. നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ള ബാഗ് വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയില്ല. ചെക്ക്ഡ് ഇന്‍ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട് ബാഗുകളുടെ ബാറ്ററി നീക്കം ചെയ്ത് ക്യാബിനില്‍ കൊണ്ട് പോകാം. ഓരോ റൂട്ടിലെയും ക്യാബിന്‍ ബാഗേജിന്റെ വലുപ്പമോ ഭാര പരിധിയോ ലംഘിക്കുന്നതും, നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ളതോ ആയ സ്മാര്‍ട് ബാഗുകള്‍ വിമാനത്തില്‍ അനുവദിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

സ്മാര്‍ട് ബാഗ് ശ്രേണിയില്‍ സൗരോര്‍ജ പാനലോടു കൂടിയ ബാക്പാക്ക് ബാഗുകളും വിപണിയിലുണ്ട്. ഇവയിലൂടെയും മൊബൈല്‍ റീചാര്‍ജിങ് സാധിക്കും.

---- facebook comment plugin here -----

Latest