Connect with us

Kerala

പിണറായി കൊലപാതക പരമ്പരക്ക് പിന്നില്‍ വഴിവിട്ട ജീവിതം നയിച്ച യുവതിയുടെ പിന്‍ബുദ്ധി

Published

|

Last Updated

സൗമ്യയെ തെളിവെടുപ്പിനായി
കൊണ്ടുപോകുന്നു

തലശേരി: നാടിനെ നടുക്കിയ പിണറായി പടന്നക്കരയിലെ കൊലപാതക പരമ്പരക്ക് പിന്നില്‍ വഴിവിട്ട ജീവിതം നയിച്ച യുവതിയുടെ പിന്‍ബുദ്ധി. നിരവധി പുരുഷന്‍മാരുമായി ബന്ധം പുലര്‍ത്തിയ യുവതിയെ ജന്മം നല്‍കിയ അച്ഛനമ്മമാരെയും നൊന്തുപ്രസവിച്ച മകളെയും ഇഞ്ചിഞ്ചായി കൊല്ലാന്‍ പ്രേരിപ്പിച്ചവനാര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിപ്പോള്‍ അന്വേഷണ സംഘം തിരയുന്നത്. യുവതിയുടെ കാമുകന്‍മാരില്‍ ആരുടെയെങ്കിലും പ്രേരണ ഇതിന് ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് സംശയത്തെ തുടര്‍ന്ന് ഒരു ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍ വിട്ടയച്ചു.

കാമുകരില്‍ നിത്യസന്ദര്‍ശകരായ മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. മൃഗതൃഷ്ണമായ ലൈംഗിക സ്വഭാവമാണ് സൗമ്യയുടേതെന്ന് കാമുകരില്‍ ഒരാള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. വീട്ടില്‍ വെച്ച് രണ്ട് പുരുഷന്‍മാര്‍ക്കൊപ്പം സൗമ്യയെ തെറ്റായ രീതിയില്‍ മകള്‍ കണ്ടതാണ് ഇവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. മുറിയിലേക്ക് കടന്നുവന്ന മകളെ സൗമ്യ സംഭവ ദിവസം മര്‍ദിച്ചതായി മൊഴിയുണ്ട്.

ഭര്‍ത്താവുമായി നേരത്തെ അകന്നുകഴിയുന്ന സൗമ്യ മുമ്പൊരിക്കല്‍ ഒരു സഹകരണ സ്ഥാപനത്തില്‍ പിരിവുകാരിയായി ജോലി ചെയ്തിരുന്നു. ഈ സമയം യുവതിയെ സഹായിച്ചയാളുമായി അടുപ്പത്തിലായി. ഇതില്‍ പിന്നീട് ചോനാടത്തെ കശുവണ്ടി കമ്പനിയില്‍ ജോലിക്കെത്തിയപ്പോള്‍ അവിടെ നിന്നും പരിചയപ്പെട്ട കൊല്ലം സ്വദേശിയോടൊപ്പമായി ജീവിതം. ഏറെക്കാലം ബന്ധം തുടര്‍ന്നെങ്കിലും പിന്നീട് പിണങ്ങി. ഇതില്‍ പിന്നീട് ഒരു ഡിറ്റര്‍ജന്റ് കമ്പനി ഏജന്റായിരുന്നു കൂട്ടുകാരന്‍. ഇയാള്‍ സൗമ്യയെ കല്യാണം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ ഇതുവരെ നടന്നില്ല.

വണ്ണത്താന്‍കണ്ടി വീട്ടില്‍ അസമയങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ കാണാറുണ്ടെന്ന് പരിസരവാസികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാത്രികാലങ്ങളില്‍ ഇവിടെ നിത്യസന്ദര്‍ശകരായ ചിലരെ സി ഐ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മൂന്ന് മാസം മുമ്പ് മരിച്ച ഐശ്വര്യയുടെ മൃതദേഹം കോടതി അനുമതിയോടെ പുറത്തെടുത്ത് വീട്ടുപറമ്പില്‍ വെച്ചുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഇതിന് ശേഷം 18 മണിക്കൂര്‍ കഴിയുന്നതിനിടെയാണ് ആശുപത്രിയില്‍ വെച്ച് സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന കൊലപാതക പരമ്പരയായതിനാല്‍ പോലീസ് അതീവ ശ്രദ്ധയോടെയാണ് അന്വേഷണം നടത്തിയത്. ഒരു വീട്ടില്‍ നിന്നും മാസങ്ങളുടെ ഇടവേളയില്‍ മൂന്ന് പേര്‍ മരിച്ചത് നാടിനെ ഞെട്ടിച്ചിരുന്നു. സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഇത് സംബന്ധിച്ച് വിശദ അന്വേഷണം നടത്താന്‍ പോലീസിനോട് ആവവശ്യപ്പെടുകയായിരുന്നു.

Latest