Connect with us

International

യു എസ് ആണവകരാറില്‍ നിന്ന് പിന്മാറിയാല്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കും: ഇറാന്‍

Published

|

Last Updated

തെഹ്‌റാന്‍: 2015ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയാണെങ്കില്‍ ആണവ സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫാണ് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയത്. കരാറില്‍ നിന്ന് പിന്മാറിയാല്‍ മറ്റു ചില കടുത്ത നടപടികളിലേക്ക് കൂടി രാജ്യം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവ ബോംബ് കരസ്ഥമാക്കുകയെന്നത് ഇറാന്റെ താത്പര്യമല്ല. എന്നാല്‍ 2015ലെ ആണവ കരാറില്‍ നിന്ന് യു എസ് പിന്മാറിയാല്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കും. ഇറാന്‍ ആണവ ബോംബ് നിര്‍മിക്കുന്നുവെന്ന് ഒരിക്കലും അമേരിക്ക ഭയപ്പെടുന്നില്ല. എന്നാല്‍ ആണവ കരാറില്‍ നിന്ന് പിന്മാറിയില്‍ യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ പുനരാരംഭിക്കുമെന്ന് അമേരിക്കക്ക് അറിയാം. ആണവ കരാറില്‍ ഉറച്ചുനില്‍ക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അമേരിക്കക്ക് മേല്‍ സമ്മര്‍ദം ചെലുത്തണം. കറാറിലെ നേട്ടങ്ങള്‍ സ്വന്തമാക്കുകയെന്നത് ഇറാനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്. ട്രംപും മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെ പ്രധാനമായും ഇറാന്‍ ആണവകരാറിനെ കുറിച്ചായിരിക്കും ചര്‍ച്ച ചെയ്യുകയെന്നാണ് സൂചന. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലെ മെര്‍ക്കല്‍ കഴിഞ്ഞ ദിവസം അമേരിക്കയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനെ ആണവ സമ്പുഷ്ടീകരണത്തില്‍ നിന്ന് വിലക്കുന്ന ആണവ കരാറുമായി മുന്നോട്ടുപോകാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ പ്രേരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest