Connect with us

Articles

ദളിത് പോരാട്ടത്തിന്റെ വസന്തകാലം

Published

|

Last Updated

ഇന്ത്യയില്‍ ദളിത് പോരാട്ടത്തിന്റെ ഭൂമികയില്‍ വിപ്ലവവസന്തം ആഗതമായതിന് രാജ്യം നേര്‍സാക്ഷ്യം വഹിച്ചത് പുതിയ മാറ്റത്തിന്റെ നാന്ദി കുറിക്കലാണ്. രാജ്യത്തുടനീളം ദളിതര്‍ക്കു മേല്‍ വരേണ്യവര്‍ഗം നടത്തിക്കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് സംഘടിത ശക്തിയായി രാജ്യത്ത് അലയടിച്ചത്.

ദളിത് വിപ്ലവ നക്ഷത്രം രോഹിത് വെമുലയില്‍ നിന്ന് ഊര്‍ജമുള്‍കൊണ്ട് ഗുജറാത്തിലെ ഉനയില്‍ സംഘടിച്ചതിന്റെ തുടര്‍ച്ച, ഭീ മാ കൊറേ ഗാവിലെ പത്ത് ലക്ഷം ജനങ്ങള്‍ സംഘടിച്ച സൈനികരുടെ ഓര്‍മ പുതുക്കലിന് ശേഷം ദളിത് പ്രക്ഷോഭം രാജ്യവ്യാപകമായി വികസിക്കുന്നത് ആര്‍ക്കും നിഷൃക്ഷിക്കാന്‍ കഴിയും. ദളിതരുടെ പരിവര്‍ത്തിക്കപ്പെട്ട സംഘശസറതി രാഷ്ടീയ പ്രേരിതമോ സംഘടനകള്‍ക്ക് കീഴില്‍രൂപപ്പെട്ടതോ അല്ല, രാജ്യവ്യാപകമായി ദളിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെയും നീതി നിഷേധത്തിനും വംശീയാതിക്രമങ്ങള്‍ക്കുമെതിരെയുള്ള പ്രതിഷേധ സ്വരമാണ് രാജ്യവ്യാപകമായി ദളിതരെ ഏകോപിപ്പിച്ച ഘടകം.

2018 മാര്‍ച്ച് 20ലെ ബഹു. സുപ്രിം കോടതി വിധി ദളിതരുടെ മൗലികാവകാശങ്ങളുടെ നേര്‍ക്കുള്ള തിരിച്ചടിയാണ്. എസ് സി എസ് ടി പ്രിവന്‍ഷന്‍ ഓഫ് ആക്ടിലെ വ്യവസ്ഥകളെ ദുര്‍ബലപ്പെടുത്തുന്ന കോടതി ഉത്തരവ് നീതിപീഠത്തില്‍ നിന്ന് വന്നതിലൂടെ ദുര്‍ബലമായ ജനാതിപത്യത്തിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

നൂറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വംശീയ വിവേചനങ്ങളും അതിക്രമങ്ങളൂം ഏറ്റുവാങ്ങിയ ജനതക്ക് ന്യായമായ സംരക്ഷണം നല്‍കാന്‍ രാജ്യത്തെ നീതിപീഠം ബാധ്യസ്ഥരാണ്. എസ് സി എസ് ടി ജനവിഭാഗം അനുഭവിക്കുന്ന ജാതിപീഡനങ്ങള്‍ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 1989ല്‍ തന്നെ പ്രസ്തുത നിയമം നിലവില്‍ വന്നെങ്കിലും രാജ്യത്തെ ദളിത് ആദിവാസി ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ജാതിപീഡനങ്ങള്‍ ഇവിടെ നിത്യസംഭവമാണ്. പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തികാവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ വ്യത്യസ്ത സംവിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടെങ്കിലും ദളിതരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. ദളിതര്‍ അക്രമിക്കപ്പെടേണ്ടവരായും വിഭവ പങ്കാളിത്തത്തിലും അധികാരം പങ്കിടുന്നതിലും മാറ്റി നിറുത്തപ്പെടേണ്ടവരായുമുള്ള അധികാര ബോധം കാലങ്ങളായി ഇവിടെ നില നില്‍ക്കുകയാണ്. ഇതിന് ഒരു പരിധി വരെയെങ്കിലും നിയമപരമായി തടയിടാന്‍ വേണ്ടിയായിരുന്നു എസ് സി എസ് ടി പ്രിവന്‍ഷ്യല്‍ അട്രോസിറ്റിവ് ആക്ട് നടപ്പിലാക്കപ്പെട്ടത്. ഈ നിയമമാണ് കോടതി ഉത്തരവിലൂടെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം നടന്നത്.
ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ നിരീക്ഷിക്കുന്നതിലും വിശകലനം നടത്തുന്നതിലും നീതിപീഠങ്ങള്‍ പരാജയപ്പെടുന്നത് ഗൗരവമായി കാണേണ്ടതുണ്ട്.

മാര്‍ച്ച് 20നു വിധി വന്നതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിയ നിലപാട് വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. വിവിധ ദളിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന ശക്തമായ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് റിവ്യൂ ഹരജി നല്‍കാന്‍ പോലും സര്‍ക്കാര്‍ സന്നദ്ധമായത്. ബി ജെ പിയുടെ കപട ദളിത് പ്രേമം ഒരിക്കല്‍ക്കൂടി ഇവിടെ മറ നീക്കി പുറത്തുവരികയാണുണ്ടായത്. രാജ്യത്തെ സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയും അതിനു പിറകിലെ യാഥാര്‍ഥ്യങ്ങളെയും മറച്ചു പിടിക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢ താത്പര്യങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ഈ മൗനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ നിസംഗതയാണ് ദളിതരെ പ്രകോപിപ്പിച്ചതും പ്രക്ഷോഭഘട്ടത്തിലേക്ക് മാറ്റിയതും. ദളിത് സമരങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വെടിവെപ്പിലും മരണത്തിലും കലാശിക്കുന്ന ഘട്ടം വരെയെത്തിയത് ദളിത് പ്രക്ഷോഭങ്ങളെ തളര്‍ത്തിയില്ല. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ചെടുത്ത പരിരക്ഷ നിലവിലുണ്ടായിട്ടും ഇന്ത്യയില്‍ വ്യാപകമായി ദളിതരെ കൊന്നും കൊലവിളി നടത്തിയും സംഹാര താണ്ഡവമാടുന്ന വരേണ്യ വിഭാഗങ്ങള്‍ക്ക് നേരെ നിയമം ഉപയോഗിച്ച് കേസെടുക്കാന്‍ മടിക്കാണിക്കുന്നു. ഈ നീതി പാലകരുടെ പക്ഷത്ത് നിന്ന് അടിസ്ഥാന ജനതക്ക് നീതി ലഭ്യമാകുമെന്ന പ്രതീക്ഷയില്ല. അപ്പോള്‍ പിന്നെ പരിരക്ഷ ഇല്ലാതാകുമ്പോള്‍ ഉള്ള സാഹചര്യം എന്തായിരിക്കും?
പട്ടികജാതി പട്ടിക വര്‍ഗ പ്രിവന്‍ഷന്‍ ആക്ട് ദളിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ബാലിശമായ സംശയങ്ങളാണ് മറുപക്ഷമുന്നയിക്കുന്നത്. എസ് സി എസ് ടി സംരക്ഷണ നിയമം ഉണ്ടായിട്ടും പരിരക്ഷ ലഭിക്കാത്ത ദളിതര്‍ നിയമത്തെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പ്രചരണം വരേണ്യ താത്പര്യമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വ്യാപകമാണ്. നിയമപാലകരുടെ സംരക്ഷണം അവഗണിക്കപ്പെടുന്നതു മൂലം പലതും കേസായി പരിഗണിക്കുകയോ തുടര്‍ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതു മൂലം പ്രശ്‌നങ്ങള്‍ തുടര്‍ച്ചയാവുന്നു.

അവസാനമായി യു പിയിലെ ദളിത് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പീഡനവും പരാതിപ്പെട്ട പിതാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവവും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. 11 വയസ്സു മുതല്‍ നിരന്തരമായി കുല്‍ദീപ് സെന്‍ ഗര്‍ എന്ന ഉന്നതന്റെ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയയായി കൊണ്ടിരിക്കുകയാണെന്ന് നിയമപാലകര്‍ക്ക് മുമ്പാകെ വിളിച്ച് പറഞ്ഞിട്ട് പോലും യുവതിക്കനുകൂലമായി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഭരണ സംവിധാനങ്ങള്‍ വിമുഖത കാണിച്ചു. രാജ്യത്തെ നിയമ പരിരക്ഷയെ ചോദ്യം ചെയ്യാന്‍ മാത്രം പര്യാപ്തമാണ് ഇത്. ഈ തിരിച്ചറിവ് മനസ്സിലാക്കിയതുകൊണ്ടാണ് ദളിതര്‍ സംഘടിച്ച് ഭാരത ബന്ദിലേക്ക് നീങ്ങിയത്.

കേരളത്തിലും അതിന്റെ തുടര്‍ച്ച ആവര്‍ത്തിക്കപ്പെട്ടു ദളിതര്‍ കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളിക്കളയാനും ദുര്‍ബലപ്പെടുത്താനുമുള്ള ശക്തമായ ശ്രമമാണ് അരങ്ങേറിയത്. ചില പ്രമുഖ ദളിത് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചയാവേണ്ടതുണ്ട്. അതോടൊപ്പം കേരളത്തിലെ ദളിത് സംഘടനകള്‍ക്കെതിരെ ഇടതുപക്ഷം രൂപവത്കരിച്ച ബദല്‍ എന്ന് പ്രചരിപ്പിക്കപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ ക്ഷേമസമിതി (പി കെ എസ്) ദളിത് പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്താതെ മാറി നില്‍ക്കുന്ന കാഴ്ചയും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഹര്‍ത്താല്‍ ആരാണ് പ്രഖ്യാപിച്ചത് എന്നതല്ല ഹര്‍ത്താലിന് പിന്നിലെ ദളിത് വിഷയമായിരുന്നു പരിഗണിക്കപ്പെടേണ്ടിയിരുന്നത്. ദളിതരെ ബാധിക്കുന്ന വിഷയങ്ങളിലല്ല പി കെ എസ് പോലുള്ള സംഘടനകളുടെ താത്പര്യമെന്ന് ഒരിക്കല്‍ കൂടി ഇക്കൂട്ടര്‍ വ്യക്തമാക്കിയിരിക്കുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും, ബസ് ഉടമകളും ഹര്‍ത്താലിനെ തള്ളിപ്പറയുകയും ഹര്‍ത്താലിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഘ്പരിവാര സംഘത്തിന്റെ അജന്‍ഡ ദളിതരുടെ ഹര്‍ത്താലിനെ തകര്‍ക്കുക എന്നതായിരുന്നു. അതിനവര്‍ കരുവാക്കിയത് വ്യാപാരി വ്യവസായികളെയും ബസുടമകളെയുമാണ്. ഫാസിസ്റ്റുകള്‍ക്ക് എതിരാളികളെ ദളിതരുടെ മുന്നിലേക്കിടാനുള്ള അവസരമായിരുന്നു ഇവരിലൂടെ സാധ്യമാക്കിയത്. പ്രത്യേകിച്ചും വ്യാപാരികള്‍ ബസുടമകള്‍ ഏറെയും മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ എടുത്ത തീരുമാനം സംഘ്പരിവാരത്തിന് അനുകൂലമായിരുന്നു. ഭാവിയില്‍ രൂപപ്പെടുന്ന പ്രതിസന്ധി ഘട്ടത്തില്‍ എതിരാളികളെ ചൂണ്ടി കാണിച്ചു കൊടുക്കാന്‍ ഫാസിസ്റ്റുകള്‍ ഒരുക്കിയ തന്ത്രമായിരുന്നു ഇതെന്ന് തിരിച്ചറിയാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞില്ല.കേരളത്തില്‍ വിഘടിച്ച് നില്‍ക്കുന്ന ദളിത് സംഘടനകള്‍ വരെ ഇതോടെ സജീവമായി രംഗത്തെത്തി.

പോരാട്ടത്തിന്റെ തുടര്‍ച്ച ശക്തമാക്കിയാലേ എസ് സി എസ് ടി പ്രിവന്‍ഷല്‍ ആക്ട് ദുര്‍ബലപെടാതെ നിലനില്‍ക്കുകയുള്ളൂ. അതിന് ഭിന്നതകള്‍ മാറ്റിവെച്ചുള്ള യോജിച്ചുള്ള തുടര്‍ പോരാട്ടങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ മാത്രമേ ദളിത് സമൂഹത്തിന് ജനാധിപത്യ ഇന്ത്യയില്‍ നിലനില്‍ക്കാന്‍ കഴിയൂവെന്ന് മറക്കാതിരിക്കുക.

Latest